19 April Friday
കൂടുതലും സ്‌ത്രീകൾ

ജില്ലയിൽ 5.80 ലക്ഷം തൊഴിലന്വേഷകർ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
മലപ്പുറം 
പഠിപ്പേറെയുണ്ടായിട്ടും ഒരു തൊഴിലിനുവേണ്ടി ജില്ലയിൽ കാത്തിരിക്കുന്നത്‌ 5,80,734 പേർ. ഇതിൽ 3,24,296 പേർ സ്‌ത്രീകളാണ്‌. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ  (കെ-–-ഡിസ്‌ക്) കേരള നോളജ് ഇക്കോണമി മിഷനുവേണ്ടി കുടുംബശ്രീ നടത്തിയ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ സർവേയിലാണ്‌ ഇത്രയും തൊഴിലന്വേഷകരെ കണ്ടെത്തിയത്‌. 2235 വാർഡുകളിലെ  9,08,619 വീടുകളിൽ 8062 പേരാണ്‌ സർവേ നടത്തിയത്‌. ഉപതെരഞ്ഞെടുപ്പായതിനാൽ മാറ്റിവച്ച ചില വാർഡുകളിൽമാത്രമാണ്‌ സർവേ ബാക്കി. 
ഇരുപതുലക്ഷം അഭ്യസ്തവിദ്യർക്ക്‌ തൊഴിൽ നൽകാനുള്ള പദ്ധതിയാണ്‌ കേരള നോളജ് ഇക്കോണമി മിഷന്റേത്‌. സംസ്ഥാനത്തെ 18–-56 വയസിനിടയിലുള്ള മുഴുവൻ തൊഴിലന്വേഷകരെയും നേരിൽക്കണ്ട്‌ പദ്ധതിയുടെ ഭാഗമാക്കാനാണ്‌ വീടുകളിൽ സർവേ നടത്തിയത്‌. തൊഴിലന്വേഷകരിൽ  കൂടുതൽ പേർ 21നും 30നും ഇടയിൽ പ്രായമുള്ളവരാണ്‌–- 3,09,019 പേർ. 20 വയസിന്‌ താഴെയുള്ള 71,611 പേരും 56 വയസിന്‌ മുകളിൽ പ്രായമുള്ള 648 പേരുമുണ്ട്‌. തൊഴിലന്വേഷകരുടെ വിവരം പ്രത്യേക ആപ്പിൽ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ട്‌. അടുത്ത ഘട്ടം ഇവരെ കെ–-ഡിസ്‌കിന്റെ ഡിജിറ്റൽ വർക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം വെബ്‌ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യിക്കും. പിന്നീടാകും തൊഴിൽ നൽകുന്നതടക്കമുള്ളതിലേക്ക്‌ കടക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top