24 April Wednesday

വേട്ടകൾ എതിരിട്ട്‌, 
കുതിപ്പിന്റെ പാതയിൽ

റഷീദ്‌ ആനപ്പുറംUpdated: Thursday May 19, 2022

എ വിജയരാഘവൻ

മലപ്പുറം   

രാജ്യത്ത്‌ വിദ്യാർഥികൾ അസ്വസ്ഥരായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ വരേണ്യവൽക്കരണത്തിനെതിരെ  പ്രതിഷേധമാണെങ്ങും. സോവിയറ്റ്‌ യൂണിയന്റെ തകർച്ച  പുതുതലമുറയിൽ സൃഷ്ടിച്ച നിരാശ വേറെ. ഉത്തരേന്ത്യൻ  തെരുവിലാകെ മണ്ഡൽ കമീഷൻ പ്രക്ഷോഭം. പ്രീഡിഗ്രി സമരവും പരീക്ഷാക്രമക്കേടും കേരളത്തിലും കത്തിനിന്ന നാളുകൾ. 
  അങ്ങനെ അസ്വസ്ഥമായ കാലത്താണ്‌ എസ്‌എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കാൻ എ വിജയരാഘവൻ മലപ്പുറത്തുനിന്ന്‌ ഡൽഹിയിലേക്ക്‌ വണ്ടി കയറുന്നത്‌. എല്ലാ പ്രതിസന്ധികളും പ്രസ്ഥാനം അതിജീവിച്ചു. വിദ്യാർഥികളുടെ അവകാശപ്പോരാട്ടം ഏറ്റെടുത്തും അവരെ ചേർത്തുനിർത്തിയും എസ്‌എഫ്‌ഐ ക്യാമ്പസുകളിൽ അജയ്യശക്തിയായി. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം മലപ്പുറം ജില്ലയിൽ നടക്കുമ്പോൾ അദ്ദേഹത്തിന്‌ അഭിമാനമേറെ. 
‘പഴയകാലത്ത്‌ സംഘടന നേരിട്ട എതിർപ്പുകൾ ഇന്നും വിടാതെ പിന്തുടരുന്നുണ്ട്‌. വലതുപക്ഷവും അവരുടെ മെഗാഫോണായ ചില മാധ്യമങ്ങളും എസ്‌എഫ്‌ഐയെ വേട്ടയാടുന്നു. സംഘടനയുടെ വളർച്ചയിൽ വിറളിപൂണ്ടാണിത്‌’–- വിജയരാഘവൻ പറഞ്ഞു. 
  എ വിജയരാഘവൻ 1986–-93 ഘട്ടത്തിലാണ്‌ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായത്‌. അതിനുമുമ്പ്‌ സംസ്ഥാന സെക്രട്ടറിയായിരുന്നു. അഖിലേന്ത്യാ പ്രസിഡന്റായിരുന്നവേളയിൽ ലോക്‌സഭാംഗവുമായി.  വിദ്യാർഥികളുടെ ശബ്‌ദം പാർലമെന്റിലും മുഴങ്ങി.  അന്ന്‌ തുടങ്ങിയ യാത്ര ഇന്നും കൂടുതൽ കരുത്തോടെ തുടരുകയാണ്‌ എ വിജയരാഘവൻ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗമായി. 
 മലപ്പുറം ഗവ. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ശംഭു എന്ന  പ്രാദേശിക നേതാവാണ്‌ ആദ്യമായി എസ്‌എഫ്‌ഐ പരിപാടിയിലേക്ക്‌ കൊണ്ടുപോയതെന്ന്‌ വിജയരാഘവൻ ഓർക്കുന്നു. പിന്നീട്‌ മലപ്പുറം കോളേജിൽ എത്തിയതോടെ മൂർച്ചയും തെളിച്ചവുമുള്ള നേതാവായി. എസ്‌എഫ്‌ഐ നേതാവായിരിക്കുമ്പോൾ സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.
അക്കാലത്ത്‌ എസ്‌എഫ്‌ഐയുടെ ഏത്‌ പരിപാടിയും  വിദ്യാർഥികളുടെ വലിയ പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്നും എസ്‌എഫ്‌ഐ പരിപാടികൾ ജനനിബിഡമാണ്‌. എന്നാൽ,  അക്കാലത്ത്‌ നേരിട്ട്‌ പങ്കെടുക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു വിദ്യാർഥികൾക്ക്‌. ഇന്ന്‌ സമൂഹമാധ്യമങ്ങളടക്കം നല്ല നിലയിൽ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നു.
‘കേരളം മതേതരത്വത്തിന്റെ തുരുത്തായി നിൽക്കുന്നതിൽ എസ്‌എഫ്‌ഐ വഹിച്ച പങ്ക്‌ വലുതാണ്‌.  വിദ്യാർഥികൾക്കിടയിൽ സെക്യുലർ കാഴ്‌ചപ്പാട്‌ സൃഷ്‌ടിക്കുക എസ്‌എഫ്‌ഐ നയമാണ്‌. മലപ്പുറം ജില്ലയിലടക്കം എസ്‌എഫ്‌ഐക്ക്‌ ലഭിക്കുന്ന വലിയ പിന്തുണ ഇതിന്‌ തെളിവാണ്‌. പെൺകുട്ടികളടക്കം ജില്ലയിൽ ധാരാളം പേർ സംഘടനയിലേക്ക്‌ വരുന്നുണ്ട്‌. അതേസമയം,  മതതീവ്രവാദ സംഘടനകളും അരാജക സംഘടനകളും ചേർന്നുള്ള കൂട്ടായ്‌മകൾ വിദ്യാർഥികളെ വഴിതെറ്റിക്കുന്നത്‌ കാണാതിരുന്നുകൂടാ. ക്യാമ്പസുകളിൽനിന്ന്‌ തുടച്ചുനീക്കപ്പെട്ട കെഎസ്‌യു എസ്‌എഫ്‌ഐ വിരോധം കാരണം ഈ അവിശുദ്ധ കൂട്ടുകെട്ടിനൊപ്പമാണ്‌. ഇത്തരം ശക്തികളുടെ അപകടം തിരിച്ചറിഞ്ഞ്‌ അതിനെ പ്രതിരോധിക്കാൻ എസ്‌എഫ്‌ഐക്ക്‌ മാത്രമേ കഴിയൂ’–- വിജയരാഘവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top