19 April Friday

കവചമൊരുക്കാം, 
കാക്കാം കുട്ടികളെ

സുധ സുന്ദരൻUpdated: Sunday Mar 19, 2023
 
മലപ്പുറം
പഠനത്തിൽ മിടുക്കിയായിരുന്നവൾ പെട്ടെന്ന്‌ പിന്നോട്ടുപോവുകയും പലപ്പോഴും ഒറ്റപ്പെട്ടിരിക്കുന്നതും സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നുള്ള കൗൺസലിങ്ങിലാണ്‌ അധ്യാപകർ ആ വിവരം അറിഞ്ഞത്‌; അമ്മയുടെ സുഹൃത്തിൽനിന്ന്‌ ലൈംഗിക പീഡനത്തിനിരയായിരുന്നു അവൾ. കഴിഞ്ഞ ജനുവരിയിൽ ജില്ലയിൽ രജിസ്റ്റർചെയ്‌ത പോക്‌സോ കേസിലൊന്നാണിത്‌. 
കുട്ടികൾക്കെതിരായ  ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതായാണ്‌ കണക്കുകൾ. ആറുവർഷത്തിനുള്ളിൽ ജില്ലയിലെ പോക്‌സോ കേസുകളുടെ എണ്ണം ഇരട്ടിയായി. റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിൽ 60 ശതമാനത്തിലും ബന്ധുക്കളോ അയൽക്കാരോ അടുത്ത പരിചയക്കാരോ ആണ്‌ പ്രതികൾ. 2022ൽ 526 പോക്‌സോ കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ഇവയിൽ നിയമനടപടി വേഗത്തിലാക്കാൻ പോക്‌സോ കോടതികളുടെ എണ്ണം കൂട്ടിയിരിക്കുകയാണ്‌ സർക്കാർ. നിലവിൽ ഒമ്പത്‌ കോടതികൾ. 2020ൽ മഞ്ചേരി, തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും 2022 ഡിസംബറിൽ നിലമ്പൂർ, പെരിന്തൽമണ്ണ, മഞ്ചേരി, പൊന്നാനി, പരപ്പനങ്ങാടി  കോടതികളും യാഥാർഥ്യമാക്കി. മാസത്തിൽ 15 കേസ്‌ പൂർത്തിയാക്കിയാണ്‌ പ്രവർത്തനം. 
കുട്ടികളെ 
സജ്ജമാക്കണം 
കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയാൻ മുൻകരുതൽവേണം. ലൈംഗിക സമീപനങ്ങളെ തിരിച്ചറിയാനും ചെറുത്തുനിൽക്കാനും അവരെ പ്രാപ്‌തരാക്കണം. പഞ്ചായത്ത്‌ നേതൃത്വത്തിൽ ഓരോ വാർഡിലും ചൈൽഡ്‌ വെൽഫെയർ കമ്മിറ്റികൾ രൂപീകരിച്ച്‌ സെൽഫ്‌ സ്‌കിൽ എഡ്യുക്കേഷൻ, ബോധവൽക്കരണം എന്നിവ നൽകണം. നിലവിൽ മൊറയൂർ പഞ്ചായത്ത്‌ ശിശുസൗഹൃദ പ്രവർത്തനം നടത്തുന്നുണ്ട്‌.
വേണം 
വ​ൾ​ണ​റ​ബി​ൾ മാ​പ്പി​ങ്​
പ്രദേശത്തിന്റെ  കൃത്യമായ വിവരം ഉൾക്കൊള്ളിച്ച്‌ വ​ൾണ​റ​ബി​ൾ മാ​പ്പി​ങ് ​(ദുർബല വിഭാഗത്തിന്റെ രൂപരേഖ) നടത്തണം. ഇതരസംസ്ഥാനക്കാർ, ക്വാർട്ടേഴ്‌സുകളിലെ താമസക്കാർ, കുടുംബപ്രശ്‌നങ്ങൾ നേരിടുന്നവർ തുടങ്ങി എല്ലാ വിവരങ്ങളും മാപ്പിങ്ങിൽ ഉൾപ്പെടും. ഇതിലൂടെ പ്രദേശത്തെ ഓരോ കുട്ടിയുടെയും സാഹചര്യം മനസ്സിലാക്കി അവശ്യമായ ഇടപെടൽ സാധ്യമാകും.  
സുരക്ഷയൊരുക്കാം  സൗഹൃദത്തിലൂടെ
രക്ഷിതാക്കൾക്ക്‌ കുട്ടികളുമായി അടുത്ത സൗഹൃദമുണ്ടാകണം. കുട്ടികൾക്ക്‌ പ്രശ്‌നങ്ങളും ആശങ്കകളും തുറന്നുസംസാരിക്കാൻ അവസരമൊരുക്കണം. അവരുടെ സുഹൃത്തുക്കൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും‌ കൃത്യമായ ധാരണയുണ്ടാവണം. 
കൂടെയുണ്ട്‌ 
കാവൽ പ്ലസ്‌ 
ലൈംഗികാതിക്രമം അതിജീവിച്ച കുട്ടികളുടെയും പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെയും സമഗ്രമായ പരിരക്ഷയും സംരക്ഷണവും പുനരധിവാസവുമാണ് കാവൽ പ്ലസ് പദ്ധതി ലക്ഷ്യമിടുന്നത്. വനിതാ ശിശുവികസന വകുപ്പിനുകീഴിൽ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി മുഖേനെയാണ്‌  പ്രവർത്തനം. 
 
 
രജിസ്റ്റർചെയ്യുന്ന ഓരോ കേസിലും ശിക്ഷ ഉറപ്പാക്കാനും 
കുട്ടികൾക്ക്‌ നീതി ലഭ്യമാക്കാനുമുള്ള പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. കഴിഞ്ഞവർഷം യാഥാർഥ്യമാക്കിയ അഞ്ചെണ്ണം ഉൾപ്പെടെ നിലവിൽ ജില്ലയിൽ ഒമ്പത് പോക്‌സോ കോടതികളാണുള്ളത്‌. അതുകൊണ്ടുതന്നെ കേസ്‌ നടപടികൾ വേഗത്തിലാക്കാൻ കഴിയുന്നു. ശിക്ഷാ കാലയളവിലും വലിയ മാറ്റം വന്നു. കത്വ കേസിനുശേഷം 2019ൽ വന്ന പോക്‌സോ നിയമ ഭേദഗതിയുടെ ഭാഗമായാണ്‌ നടപടി. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ സെക്സ്‌ എഡ്യുക്കേഷൻ ഉൾപ്പെടെയുള്ള ബോധവൽക്കരണം ഇനിയും ശക്തമാക്കണം.
 
ഐഷ പി  ജമാൽ 
സ്‌പെഷൽ പബ്ലിക്‌ 
പ്രോസിക്യൂട്ടർ 
(പോക്‌സോ), മഞ്ചേരി
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top