28 March Thursday

ചരിത്രം വക്രീകരിക്കൽ കേന്ദ്ര സർക്കാർ 
സ്‌പോൺസേഡ്‌: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ജില്ലാതല സെമിനാർ അഖിലേന്ത്യാ പ്രസിഡന്റ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്യുന്നു

  അങ്ങാടിപ്പുറം

ചരിത്രത്തെ വളച്ചൊടിക്കാനും വക്രീകരിക്കാനുമുള്ള നീക്കങ്ങളാണ്‌ രാജ്യത്ത്‌ നടന്നുകൊണ്ടിരിക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സെമിനാറിന്റെ ജില്ലാതലം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രക്രിയ കേന്ദ്ര സർക്കാർ സ്‌പോൺസേഡ്‌ ആയാണ്‌ നടക്കുന്നത്‌. മലബാർ സമരം സ്വതന്ത്ര സമരമല്ലെന്ന്‌ വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമമാണ്‌ നടക്കുന്നത്‌.  1921ലെ മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന്‌ ആദ്യം ധൈര്യത്തോടെ വിളിച്ചുപറഞ്ഞത്‌ കമ്യൂണിസ്‌റ്റ്‌ പാർടിയാണ്‌. സമരത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികസമയത്ത്‌‌ എ കെ ജി പെരിന്തൽമണ്ണയിൽ നടത്തിയ പ്രസംഗത്തിലും ‘ആഹ്വാനവും താക്കീതും’  പേരിൽ ഇ എം എസ്‌ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലും ഈ കാര്യം വ്യക്തമാകുന്നു. ജന്മിത്വത്തിന്‌ എതിരായ കർഷക സമരമായിരുന്നു പൂക്കോട്ടൂരിലടക്കം നടന്ന സമരങ്ങൾ. ചരിത്ര യാഥാർഥ്യങ്ങളെ മറച്ചുവച്ചുകൊണ്ട്‌ മലബാർ സമരത്തെ വർഗീയവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്‌ നടക്കുന്നത്‌.  പ്രകൃതിസൗന്ദര്യം കാണാൻമാത്രമല്ല, ചരിത്രം അന്വേഷിച്ചും നിരവധി സഞ്ചാരികൾ നമ്മുടെ നാട്ടിലെത്തുന്നുണ്ട്‌. അതുകൊണ്ടുതന്നെ ചരിത്ര പ്രദേശങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിക്കാനുള്ള ശ്രമം നടത്തും. ചരിത്രത്തെ മാറ്റിയെഴുതാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ ചെറുത്തുനിൽപ്പ്‌ നടത്തുമെന്നും മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. പുത്തനങ്ങാടി ജെബി ലോൺസ്‌ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ സംസ്ഥാന കമ്മിറ്റിയംഗം ഡോ. ഫസീല തരകത്ത്‌‌ അധ്യക്ഷയായി. ഡോ. അനിൽ ചേലേമ്പ്ര വിഷയം അവതരിപ്പിച്ചു. ചിത്രകാരനായ മുഹമ്മദ്‌ ഹാരിസ്‌ മലബാർ സമരത്തിന്റെ ദൃശ്യങ്ങൾ സ്‌റ്റേജിൽ ഒരുക്കിയ ക്യാൻവാസിൽ വരച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജിജി, അഡ്വ. കെ മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ മുബഷീർ സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top