24 April Wednesday

കാലം മായ്‌ക്കാത്ത കാൽപ്പാടുകൾ

ടി വി സുരേഷ്‌‌Updated: Saturday Sep 18, 2021

നാണു ‘ദേശാഭിമാനി’ വായനയിൽ

ദേശാഭിമാനി  പത്രത്തിനൊപ്പം 55 വർഷം 
സഞ്ചരിച്ച അനുഭവം പങ്കിടുകയാണ്‌ ആദ്യകാല ഏജന്റ്‌ നാണു

 
 
മഞ്ചേരി
പത്രവിതരണ രംഗത്തെ 55 വർഷത്തെ അനുഭവമുണ്ട്‌ മഞ്ചേരി കോവിലകംകുണ്ടിലെ മണ്ണാടിയിൽ നാണുവിന്‌. അഞ്ച്‌ പതിറ്റാണ്ടുകാലം ‘ദേശാഭിമാനി’ക്കൊപ്പം സഞ്ചരിച്ചു. വാർധക്യസഹജമായ അവശതകളിൽ ഏജൻസി മറ്റൊരാളെ ഏൽപ്പിച്ചു. കോഴിക്കോട്‌ ദേശാഭിമാനിയിൽനിന്ന്‌ പത്രം കൊണ്ടുവന്ന്‌ നാട്ടിൽ വിതരണംചെയ്‌ത കാലം ഇന്നും അദ്ദേഹത്തിന്റെ ഓർമയിൽ തിളങ്ങുന്നു. 
"ഏറനാട്ടിലെ ആദ്യ ഏജന്റ്‌ ഗോവിന്ദ വാരിയരിൽനിന്നാണ്‌ പത്രം വിതരണത്തിനായി ഏറ്റെടുത്തത്‌. പിന്നീട്‌ സ്വന്തം ഏജൻസി തുടങ്ങി. വലിയ വെള്ളപ്പൊക്കമുണ്ടായ കാലത്തുപോലും വിതരണം മുടക്കിയില്ല. ഏറെ സാഹസപ്പെട്ടാണ് അക്കാലത്ത് പത്രം വായനക്കാരിലെത്തിച്ചത്. നാട് പ്രതിസന്ധിയിലായ കാലത്തെല്ലാം ജനം ദേശാഭിമാനിയെ നെഞ്ചോടുചേർത്തിട്ടുണ്ട്’’–- അദ്ദേഹം പറഞ്ഞു. 
  1952ലാണ്  നാണു ദേശാഭിമാനി ഏജൻസി ഏറ്റെടുത്തത്. ഏറനാട് താലൂക്ക് പരിധിയിലെ മഞ്ചേരി, കൊണ്ടോട്ടി, എടവണ്ണ, പാണായി പ്രദേശങ്ങളിലായിരുന്നു വിതരണം. തുടക്കത്തിൽ 50ത്‌ പത്രം. പിന്നീട്‌ 350 വരെയായി. ഒന്നര അണയായിരുന്നു വില. അന്നുതൊട്ട്‌  വരിക്കാരുടെ പേരെഴുതിയ വലിയ പുസ്തകം ഇന്നും നിധിപോലെ സൂക്ഷിക്കുന്നുണ്ട്. 
‘‘പത്രം വാങ്ങാൻ വൈകിട്ട് മഞ്ചേരിയിൽനിന്ന് കോഴിക്കോട്ടേക്ക് ബസ് കയറും. രാവിലെ ആറിന് ദേശാഭിമാനിയിൽനിന്ന് പത്രവുമായി മഞ്ചേരിയിലേക്ക്‌. അവിടെനിന്ന്‌ സൈക്കിളിൽ വീടുകളിലേക്കും.  പാർടി നേതാക്കൾതന്നെയായിരുന്നു പത്രം വരിക്കാർക്കെത്തിക്കാൻ സഹായിച്ചത്‌ ’’–- നാണു ഓർക്കുന്നു. ഇ കെ നായനാർ, സി എച്ച് കണാരൻ, കേളുവേട്ടൻ, കുഞ്ഞാലി, സെയ്‌താലിക്കുട്ടി, പാലോളി മുഹമ്മദ്‌കുട്ടി, ടി ശിവദാസമേനോൻ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും കഴിഞ്ഞു.2000ത്തിൽ മഞ്ചേരി നഗരസഭാ കൗൺസിലറായി ജയിച്ചു. പത്രിക സമർപ്പിച്ച ദിവസം നായനാരും നടൻ മമ്മൂട്ടിയും ഫോണിൽ വിളിച്ച് വിജയാശംസകൾ നേർന്നത്‌ ഇപ്പോഴും നാണുവേട്ടന്റെ ഓർമയിലുണ്ട്. ജനാധിപത്യ അവകാശങ്ങൾക്ക് വിലങ്ങ് വീഴുമ്പോഴും രാജ്യം അപകടത്തിൽപ്പെടുമ്പോഴുമാണ് ‘ദേശാഭിമാനി’യുടെ പ്രസക്തി  വർധിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top