27 April Saturday

കൂളിമാട്‌ പാലാരിവട്ടമാക്കി നാണംകെട്ട്‌ യുഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Wednesday May 18, 2022
മലപ്പുറം
കൂളിമാട്‌ പാലത്തിലെ ബീമുകൾ വീണ സംഭവത്തിൽ രാഷ്‌ട്രീയ മുതലെടുപ്പിനുള്ള യുഡിഎഫ്‌ ശ്രമം പാളി. നിർമാണം പൂർത്തിയായ സ്ലാബുകൾ ബന്ധിപ്പിക്കുന്നതിൽ സംഭവിച്ച സാങ്കേതിക തകരാറുമൂലമാണ്‌ അപകടം സംഭവിച്ചത്‌. ഇത്‌ മറച്ചുവച്ച്‌ സംഭവത്തെ പാലാരിവട്ടം പാലം അഴിമതിക്ക്‌ സമാനമായി ചിത്രീകരിച്ച്‌ രാഷ്‌ട്രീയം കളിക്കാനായിരുന്നു യുഡിഎഫ്‌ ശ്രമം. എന്നാൽ, യഥാർഥ വസ്‌തുത പുറംലോകം അറിഞ്ഞതോടെ യുഡിഎഫ്‌  നാണംകെട്ടു. 
തിങ്കളാഴ്‌ച രാവിലെയാണ്‌ ബീമുകൾ വീണത്‌. നിർമാണം പൂർത്തിയായ ബീമുകൾ  ഹൈഡ്രോളിക്‌ ജാക്കി ഉപയോഗിച്ചാണ്‌ പാലത്തിൽ ബന്ധിപ്പിക്കുക. ജാക്കികളിൽ ഒന്ന്‌ പ്രവർത്തിക്കാതിരുന്നതാണ്‌ അപകടത്തിന്‌ വഴിയൊരുക്കിയത്‌. നിർമാണത്തിലെ തകരാറുകൊണ്ടല്ല ബീമുകൾ വീണതെന്ന്‌ കരാറുകാരായ യുഎൽസിസി അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിന്‌ ദൃക്‌സാക്ഷികളായ നാട്ടുകാരും ഇത്‌ സമ്മതിച്ചു. ഇത്‌ മുഖവിലക്കെടുക്കാതെയായിരുന്നു യുഡിഎഫിന്റെ രാഷ്‌ട്രീയ നാടകം. 
സംഭവം നടന്ന്‌ മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ്‌ പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി പ്രസിഡന്റ്‌ വി എസ്‌ ജോയിയാണ്‌ സമരം ഉദ്‌ഘാടനംചെയ്‌തത്‌. യുഎൽസിസിക്കെതിരെ സ്ഥലം എംഎൽഎ ടി വി ഇബ്രാഹിം രംഗത്തെത്തിയതും ശ്രദ്ധേയമായി. കൃത്യമായ ആസൂത്രണത്തോടെ സർക്കാർവിരുദ്ധ വികാരം ആളിക്കത്തിക്കാനായിരുന്നു ശ്രമം. 
നിർമാണത്തിൽ അപാകമില്ലെന്ന്‌ ബോധ്യപ്പെട്ടിട്ടും വിവാദത്തിലായിരുന്നു യുഡിഎഫിന്റെ ശ്രദ്ധ. സർക്കാരിന്‌ ഒരുവിധ സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടില്ല. വീണ ബീമുകൾ യുഎൽസിസി സ്വന്തം ചെലവിലാണ്‌ നിർമിച്ചുനൽകുക. അപകടത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണത്തിന്‌ പൊതുമരാമത്ത്‌ വകുപ്പും ഉത്തരവിട്ടിട്ടുണ്ട്‌. സാങ്കേതിക തകരാറാണ്‌ ബീമുകൾ മറിയാൻ കാരണമെന്ന്‌ കിഫ്‌ബിയുടെ വിദഗ്ധ സംഘത്തിന്റെ പരിശോധനയിലും ബോധ്യപ്പെട്ടിട്ടുണ്ട്‌. ഇതോടെ ‘പാലാരിവട്ടം’ വിഴുങ്ങി യുഡിഎഫ്‌ നേതൃത്വം തടിതപ്പി.
 
പിഡബ്ല്യുഡി ആഭ്യന്തര വിജിലൻസ്‌ ഇന്ന്‌ സ്ഥലം സന്ദർശിക്കും
മലപ്പുറം /കോഴിക്കോട്‌ 
കോഴിക്കോട്‌–-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച്‌ ചാലിയാറിൽ നിർമിക്കുന്ന കൂളിമാട്‌ പാലത്തിന്റെ ബീമുകൾതകർന്നത്‌ ഹൈഡ്രോളിക്‌ ജാക്കിയിലെ സാങ്കേതിക തകരാറുകൊണ്ടെന്ന്‌  കിഫ്‌ബിയിൽനിന്നുള്ള വിദഗ്‌ധസംഘത്തിന്റെ പ്രാഥമിക നിഗമനം.  ഡെപ്യൂട്ടി ചീഫ്‌ എൻജിനിയറുടെ നേതൃത്വത്തിലുള്ള പിഡബ്ല്യുഡി ആഭ്യന്തര വിജിലൻസ്‌ സംഘം ബുധനാഴ്‌ച ഇവിടം പരിശോധിക്കും. കോഴിക്കോടുനിന്നുള്ള പൊതുമരാമത്ത്‌ വകുപ്പ്‌ വിജിലൻസ്‌ വിഭാഗം തിങ്കളാഴ്‌ച പരിശോധിച്ചിരുന്നു.  
കിഫ്‌ബി വിദഗ്‌ധസംഘത്തിന്റെ പരിശോധനയിൽ നിർമാണത്തിൽ അശാസ്‌ത്രീയമായി ഒന്നും കണ്ടെത്താനായിട്ടില്ല. തൂണുകൾക്ക്‌ ആവശ്യമായ നീളവും വണ്ണവുമുള്ളതായും കണ്ടെത്തി.  സ്ലാബുകൾ ഘടിപ്പിക്കുന്നതിലെ സാങ്കേതിക തകരാറാകാം അപകടത്തിന്‌ വഴിയൊരുക്കിയതെന്നാണ്‌  നിഗമനം. നിർമാണ സാമഗ്രികളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്‌. ഇവ ശാസ്‌ത്രീയമായി പരിശോധിച്ചശേഷം അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കും.
പാലത്തിന്റെ  മൂന്നൂബീമുകൾ തിങ്കളാഴ്‌ച രാവിലെയാണ്‌ തകർന്നത്‌. ബീമുകൾ തൂണുകളിൽ ഉറപ്പിക്കാൻ താഴ്‌ത്തുമ്പോൾ ഹൈഡ്രോളിക്‌ ജാക്കികളിലൊന്ന്‌ പ്രവർത്തിക്കാതായതോടെയാണ്‌ ബീം താഴ്‌ന്നത്‌. 309 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന്റെ 90 ശതമാനം നിർമാണവും പൂർത്തിയായിരിക്കെയാണ്‌ അപകടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top