19 April Friday

ചോരപൊടിഞ്ഞ നാളുകൾ

ജിജോ ജോർജ്‌Updated: Wednesday May 18, 2022

കെ പി ഗോപാലൻ

മലപ്പുറം 

‘എസ്‌എഫ്‌ഐയുടെ വളർച്ച കാണുമ്പോൾ മനസ്സുനിറയെ അഭിമാനം‌. എസ്‌എഫ്‌ഐ എന്ന്‌ കേൾക്കുമ്പോൾ ഇപ്പോഴും രോമാഞ്ചമാണ്‌. നിരവധി പേരുടെ ത്യാഗപൂർണമായ പ്രവർത്തനമാണ്‌ എസ്‌എഫ്‌ഐയെ ഇത്ര വലിയ പ്രസ്ഥാനമാക്കിയത്‌. അന്നത്തെ സൗഹൃദങ്ങളും ബന്ധങ്ങളുമാണ്‌ ഇന്നും കരുത്ത്.‌ അത്രമാത്രം പ്രിയപ്പെട്ടതാണ്‌ എസ്‌എഫ്‌ഐ’.  എസ്‌എഫ്‌ഐ 34–-ാം സംസ്ഥാന സമ്മേളനത്തിന്‌ പെരിന്തൽമണ്ണ വേദിയാകുമ്പോൾ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്ന കെ പി ഗോപാലൻ ഓർമ  പങ്കുവയ്‌ക്കുന്നു. 
70–-കളുടെ തുടക്കത്തിൽ ജില്ലയിലെ എസ്‌എഫ്‌ഐയുടെ പ്രവർത്തനം തവനൂർ റൂറൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ കേന്ദ്രീകരിച്ചായിരുന്നു. പൊതുസമ്മേളനവും ജില്ലാ കമ്മിറ്റി പ്രഖ്യാപനവും പാപ്പിനിക്കാവ്‌ ക്ഷേത്രം മൈതാനിയിലാണ്‌ നടന്നത്‌. എൻ പി കുഞ്ഞിമൊയ്‌തു പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായാണ്‌ ആദ്യ ജില്ലാ കമ്മിറ്റി.  
എസ്‌എഫ്‌ഐ രൂപീകരണം ജില്ലയിൽ  വലിയ ആവേശമുണ്ടാക്കി. ധാരാളം പെൺകുട്ടികൾ എസ്‌എഫ്‌ഐയുടെ ഭാഗമായി. തവനൂർ റൂറൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌, പൊന്നാനി എംഇഎസ്‌ കോളേജ്‌, മഞ്ചേരി എൻഎസ്‌എസ്‌ കോളേജ്‌ പോലുള്ള ക്യാമ്പസുകളിൽ യൂണിറ്റുണ്ടാക്കാനും തെരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യം‌ അറിയിക്കാനും കഴിഞ്ഞു. പെരിന്തൽമണ്ണയിൽ നടന്ന രണ്ടാമത്തെ ജില്ലാ സമ്മേളനത്തിൽ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 
തല പിളർന്നു, 8‌ മാസം ആശുപത്രിയിൽ
1973ൽ നടന്ന എൻജിഒ–-അധ്യാപക സമരത്തിന്‌ പിന്തുണച്ച്‌ എസ്‌എഫ്‌ഐ പ്രവർത്തകർ ക്ലാസ്‌ മുറികൾ വിട്ടിറങ്ങി. എന്നാൽ, സമരം ഏകപക്ഷീയമായി പിൻവലിക്കേണ്ടി വന്നു. സമരം പിൻവലിച്ച 1973 മാർച്ച്‌ ഒമ്പതിന്‌ കരിദിനമായി ആചരിച്ചു. എസ്‌എഫ്‌ഐ പ്രവർത്തകർ തവനൂർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രകടനത്തിനുനേരെ കെഎസ്‌യുക്കാർ ആസിഡ്‌ ബോംബെറിഞ്ഞു. എന്റെ തലയിലാണ്‌ ബോംബ്‌ പതിച്ചത്‌. കുപ്പിച്ചില്ലുകൾ തലയിൽ തുളച്ചുകയറി. ആദ്യ രണ്ടുമാസം പൊന്നാനി താലൂക്ക്‌ ആശുപത്രിയിലായിരുന്നു. മുറിവുകൾ ഉണങ്ങാതായതോടെ‌ കൊടക്കല്ല്‌ മലബാർ മിഷൻ ആശുപത്രിയിലും കോഴിക്കോട്‌ മെഡിക്കൽ കോളേജിലും രണ്ടുമാസംവീതം കിടന്നു. ഒടുവിൽ എസ്‌എഫ്‌ഐ കേന്ദ്ര–സംസ്ഥാന-  നേതൃത്വം ഇടപെട്ട്‌ വെല്ലൂർ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. വെല്ലൂർ ആശുപത്രിയിൽ പ്ലാസ്‌റ്റിക്‌ സർജറി നടത്തിയതോടെയാണ്‌ ജീവൻ രക്ഷപ്പെട്ടത്‌‌.  തുടയിൽനിന്ന്‌ ഇറച്ചിയെടുത്താണ്‌ തലയിൽ തുന്നിച്ചേർത്തത്‌. മുറിവുണങ്ങാൻ  മാസങ്ങളോളം ചികിത്സ തുടർന്നു. 
എസ്‌എഫ്‌ഐ രംഗം വിട്ട്‌ അക്കാലത്ത്‌ സജീവ രാഷ്‌ട്രീയ പ്രവർത്തനത്തിൽനിന്ന്‌ താൽക്കാലികമായി മാറി. എങ്കിലും,  ചോരപൊടിഞ്ഞ നാളുകളിലെ പോരാട്ടവീര്യവുമായി ദീർഘകാലം കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ സിപിഐ എം നടുവട്ടം ലോക്കൽ കമ്മിറ്റിയംഗവും കെഎസ്‌കെടിയു വളാഞ്ചേരി ഏരിയാ വൈസ്‌ പ്രസിഡന്റുമാണ്‌.
 
ആരോഗ്യ പാർലമെന്റ്‌ 19ന്
പെരിന്തൽമണ്ണ
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 19ന് പകൽ മൂന്നിന് പെരിന്തൽമണ്ണ ഷിഫ കൺവൻഷൻ സെന്ററിൽ ആരോഗ്യ പാർലമെന്റ്‌ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  ദേശീയതലത്തിലും സംസ്ഥാനത്തും തുടരുന്ന ആരോഗ്യനയങ്ങൾ ചർച്ചചെയ്യും.  രാജ്യത്തെ ആരോഗ്യരക്ഷാ സംവിധാനത്തിന് 139 കോടി ജനതയുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്.  കൃത്രിമബുദ്ധി, റോബോട്ടിക്സ്, നാനോ ടെക്നോളജി, ടെലി മെഡിസിൻ, ആധുനിക വാക്സിൻ തുടങ്ങിയവ  വികസിച്ചുകൊണ്ടിരിക്കുമ്പോൾ കേന്ദ്ര സർക്കാർ ഒത്താശയോടെ ചാണക ചികിത്സ പ്രചരിപ്പിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക്‌ കാരണമാകുമെന്നും  ഭാരവാഹികൾ  പറഞ്ഞു.
ദളിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ്‌ ഡോ. രാമചന്ദ്ര ഡോം ദേശീയ ആരോഗ്യനയവും ജനങ്ങളുടെ വർധിച്ചുവരുന്ന ആശങ്കകളും  വിഷയത്തിൽ പ്രഭാഷണം നടത്തി ആരോഗ്യ പാർലമെന്റ്‌ ഉദ്ഘാടനംചെയ്യും. ആരോഗ്യരംഗത്തെ കേരള ബദൽ  വിഷയത്തിൽ മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തും. എംഇഎസ് പ്രസിഡന്റ്‌ ഡോ. ഫസൽ ഗഫൂർ, ഡോ. രാജാ ഹരിപ്രസാദ്, കേരള ആരോഗ്യ സർവകലാശാലാ വിദ്യാർഥി യൂണിയൻ ചെയർപേഴ്സൺ ആർഷ അന്ന പത്രോസ്, പി പി വാസുദേവൻ, ഡോ. പി എം മുരളി, ഇ പി ഷിബു എന്നിവർ സംസാരിക്കും. 
വാർത്താ സമ്മേളനത്തിൽ സെമിനാർ കമ്മിറ്റി ചെയർമാൻ വി ശശികുമാർ, മെഡിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. മുബാറക്ക് സാനി, സ്വാഗതസംഘം ഭാരവാഹികളായ എം എം മുസ്തഫ, കെ ഹരിമോൻ, കെജിഎൻഎ സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top