20 April Saturday

പുഴയാത്ര നടത്താം, 
ഹരിതശോഭ നുകരാം

സുധ സുന്ദരൻUpdated: Wednesday May 18, 2022

വള്ളിക്കുന്ന്‌ ബാലാതിരുത്തിയിലെ വൈറ്റ്‌ സ്റ്റാർ ഹോം സ്റ്റേ

മലപ്പുറം
കണ്ടൽക്കാടിന്റെ ഹരിതാഭ നുകർന്നും കടലുണ്ടിപ്പുഴയിലൂടെ  ഒരു തോണിയാത്രയും. കാഴ്‌ചക്ക്‌ കൗതുകമൊരുക്കി ദേശാടന പക്ഷികൾ. പുഴയോട്‌ ചേർന്ന്‌ താമസം. അസ്‌തമയ സൂര്യന്റെ ശോഭയും നുകരാം. കൂട്ടത്തിൽ കരിമീനും ഞണ്ടും കക്കയും നിറയുന്ന പുഴയുടെ രുചിവിഭവങ്ങൾ... ബാലാതിരുത്തി ദ്വീപിൽ നാലുവർഷമായി സഞ്ചാരികൾക്ക്‌ താമസമൊരുക്കി വരുമാനം കണ്ടെത്തുകയാണ്‌  കുടുംബശ്രീ സംരംഭക തായാട്ടിൽ ഷീജ പ്രകാശൻ. 
  2018ലാണ്‌ വള്ളിക്കുന്ന്‌ സിഡിഎസിലെ ജീവ കുടുംബശ്രീ അംഗമായ ഷീജ ‘വൈറ്റ്‌ സ്റ്റാർ’ ഹോം സ്റ്റേ തുടങ്ങുന്നത്‌. മറ്റുള്ളവരിൽനിന്ന്‌ വ്യത്യസ്തമായി നൂതന സംരംഭം തുടങ്ങണം. കൂടുതൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാവരുത്‌. എന്നീ ചിന്തകളിൽനിന്നാണ്‌ കൈവശമുണ്ടായിരുന്ന ഒറ്റമുറി വീട്ടിൽ ഒരു സംരംഭം തുടങ്ങാം എന്ന തീരുമാനത്തിലേക്ക്‌ ഷീജ എത്തുന്നത്‌. 
  പുതിയ വീട്‌ നിർമിക്കുന്ന സമയത്ത്‌ താൽക്കാലികമായി താമസിക്കാനാണ്‌ പുഴയോട്‌ ചേർന്ന്‌ ഒറ്റമുറി വീട്‌ പണിതത്‌. നിർമാണം പൂർത്തിയായപ്പോൾ പുതിയ വീട്ടിലേക്ക്‌ താമസം മാറി. എങ്കിലും ഒറ്റമുറി വീട്‌ പൊളിച്ചുമാറ്റിയില്ല. പിന്നീട്‌ ഒരു സംരംഭം തുടങ്ങാം എന്ന്‌ തീരുമാനിച്ചപ്പോൾ കൈവശമുള്ള വസ്‌തുവിനെ പ്രയോജനപ്പെടുത്തുകയായിരുന്നു.
ആദ്യഘട്ടത്തിൽ ചായയും പലഹാരവും ഉൾപ്പെടുത്തി കട തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, പുഴയും ദ്വീപും കണ്ടൽക്കാടും ദേശാടന പക്ഷികളെയും കാണാനെത്തുന്ന സഞ്ചാരികളുടെ സാധ്യത മനസ്സിലാക്കിയതോടെ ഹോം സ്റ്റേ തുടങ്ങാൻ തീരുമാനിച്ചു. കുടുംബശ്രീ പിന്തുണകൂടി ലഭിച്ചപ്പോൾ തീരുമാനവുമായി മുന്നേറി. അന്നത്തെ സിഡിഎസ്‌ കാര്യങ്ങൾ വേഗത്തിലാക്കി. ആദ്യം പുഴയോട്‌ ചേർന്നുള്ള ഒറ്റമുറി വീടിനെ നവീകരിച്ചു. കുടുംബശ്രീയിൽനിന്ന്‌ സാമ്പത്തിക പിന്തുണയും ലഭിച്ചു. രണ്ടുമുറി, ടോയ്‌ലെറ്റ്‌, ഡൈനിങ്‌ എന്നിവ ഉൾപ്പെടുത്തി. താമസത്തിന്‌ എത്തുന്നവർക്ക്‌  കടലുണ്ടിപ്പുഴയിലൂടെ തോണിയാത്രയും ഒരുക്കി. സ്വന്തമായി തോണിയില്ലാത്തതിനാൽ ആവശ്യാനുസരണം തോണി വാടകക്ക്‌ എടുക്കാറാണ്‌ പതിവ്‌. താമസത്തിനെത്തുന്ന സഞ്ചാരികൾക്ക്‌ കപ്പ, മീൻ കറി, ചിക്കൻ കറി, കരിമീൻ, ഞണ്ട്‌, ചോറ്‌, സ്നാക്‌സ്‌ എന്നിവ ഉൾപ്പെടുന്ന ഭക്ഷണമാണ്‌ നൽകുന്നത്‌. പുഴയോട്‌ ചേർന്നുള്ള വീടായതിനാൽ ധാരാളം സഞ്ചാരികൾ താമസത്തിന്‌ എത്താറുണ്ട്‌. തോണിയാത്ര, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ ഒരാൾക്ക്‌ 1000 രൂപയാണ്‌ നിരക്ക്‌. ഓൺലൈൻ ബുക്കിങ് സൗകര്യവുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top