29 March Friday

‘ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്’ വീണ്ടും അരങ്ങിൽ

എം സനോജ്Updated: Wednesday May 18, 2022

"ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്" നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ നിന്ന്

 
നിലമ്പൂർ
1950–-കളിൽ മലബാറിലെ ​ഗ്രാമീണ മേഖലകളിൽ  നാടകകലയിലൂടെ നവോത്ഥാനത്തിന് തുടക്കംകുറിച്ച ഇ കെ അയമുവിന്റെ നാടകം വീണ്ടും അരങ്ങിലെത്തുന്നു. യാഥാസ്ഥിതിക മുസ്ലിംകുടുംബത്തിൽനിന്ന് നിലമ്പൂർ ആയിഷയെന്ന ബഹുമുഖ പ്രതിഭ ഉദയംകൊണ്ട ‘ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്’ എന്ന നാടകമാണ് അരങ്ങിലെത്തുന്നത്. ഇ കെ അയമു സ്മാരക ട്രസ്റ്റാണ് അണിയറപ്രവർത്തകർ. പ്രമുഖ നാടകകൃത്ത് റഫീഖ് മംഗലശേരിയാണ് നാടകം പുനരാഖ്യാനംചെയ്യുന്നത്. മുപ്പത്തിയഞ്ചിലധികം പേർ നാടകത്തിൽ വിവിധ വേഷങ്ങൾ ചെയ്യുന്നുണ്ട്. നിലമ്പൂർ കുഞ്ഞാലി സ്മാരക മന്ദിരത്തിൽ നാടകത്തിന്റെ  റിഹേഴ്സൽ പൂർത്തിയായി. ഇ കെ അയമു രചനയും സംവിധാനവും നിർവഹിച്ച നാടകം ആദ്യകാലങ്ങളിൽ ഭൂപ്രഭു-–-പുരോഹിത സമൂഹത്തെ രാഷ്ട്രീയമായി വെല്ലുവിളിച്ചിരുന്നു. 1951ൽ പി ജെ ആന്റണിയുടെ ‘ഇങ്ക്വിലാബിന്റെ മക്കൾ’ എന്ന നാടകം നിലമ്പൂർ കല്ലേമ്പാടത്ത് അരങ്ങേറിയപ്പോൾ കലയോടുള്ള ആവേശത്തിൽ രണ്ടുപ്രാവശ്യം പോയി ആ നാടകം കാണുകയും  കഴിഞ്ഞശേഷം നടീനടന്മാരെ അനുമോദിക്കാൻ ഗ്രീൻ റൂമിൽ കയറിയപ്പോൾ ഇ കെ അയമുവിനെയും കൂട്ടരെയും സംഘാടകർ ഇറക്കിവിട്ടു. ഈ അപമാനത്തിൽനിന്നാണ് സ്വന്തമായി ഒരു നാടക ട്രൂപ്പ് എന്ന ആശയത്തിന് പ്രചോദനമായത്. തുടർന്നാണ് പ്രശസ്തമായ നിലമ്പൂർ യുവജന കലാസമിതിയും  ‘ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്’ എന്ന നാടകവും പിറവികൊള്ളുന്നത്.  അക്കാലത്ത് 1500–-ലധികം വേദികളാണ് ‘ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്’ എന്ന നാടകം അരങ്ങേറിയത്. ഒരു മുസ്ലിം പെൺകുട്ടി വേദിയിൽ എത്തുന്നതും നാടകത്തിലെ പ്രമേയവും യാഥാസ്ഥിതികരെ അസ്വസ്ഥരാക്കി. പല വേദികളിലും നാടകത്തെയും പ്രവർത്തകരെയും കായികമായാണ് നേരിട്ടത്. മഞ്ചേരിയിൽ വേദിയിലേക്ക് നിറയൊഴിച്ചുകൊണ്ടാണ് രോഷം പ്രകടിപ്പിച്ചത്. സഖാവ് കുഞ്ഞാലിയുടെ നിർദേശപ്രകാരം കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർ പ്രതിരോധംതീർത്താണ് പലയിടത്തും നാടകം അരങ്ങേറിയത്. ഇ കെ അയമുവിന്റെ ചരമദിനത്തിൽ 19ന്‌  വൈകിട്ട് ആറിന്‌ നാടകം നിലമ്പൂർ കല്ലേമ്പാടത്ത് പുതിയ ഓഡിറ്റോറിയത്തിൽ  ആദ്യ അരങ്ങേറ്റം കുറിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top