26 April Friday
30 അടി താഴ്‌ചയിലേക്ക്‌ 3 ജീവൻ

മരണം വലവിരിക്കും വളവ്‌

യു വിനയൻUpdated: Saturday Mar 18, 2023

വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ ലോറിക്കടിയിൽ കുടുങ്ങിയവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുന്നു \ഫോട്ടോ: കെ ഷെമീർ

വളാഞ്ചേരി
‘‘രാവിലെ 7.20 ആയിക്കാണും, വളവിൽനിന്ന്‌ ശബ്‌ദം കേട്ടു. വണ്ടി മറിഞ്ഞതാവുമെന്ന്‌ ഉറപ്പിച്ചു. നേരെ അങ്ങോട്ട്‌ ഓടി. മതിലും തകർത്ത്‌ മുപ്പതടി താഴെ ചരക്കുലോറി മറിഞ്ഞ്‌ തകർന്നുകിടക്കുന്നതായാണ്‌ കണ്ടത്‌.  ചാക്കുകൾ പൊട്ടി ഉള്ളി ചിതറിത്തെറിച്ചിരുന്നു. വണ്ടിക്കുള്ളിൽനിന്ന്‌ ഞരക്കം’’. വട്ടപ്പാറ വളവിലെ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന്‌ ഓടിയെത്തിയ പൂളക്കത്തൊടി ഷിഹാബ്‌ പറയുന്നു. 
‘‘ക്യാബിൻ മുഴുവനായും തകർന്നിരുന്നു. അകത്തേക്ക്‌ നോക്കിയപ്പോൾ മൂന്ന്‌ കാലുകൾ... ആളുകളെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. ലോറിയുടെ മറുഭാഗത്ത്‌ ചെന്നുനോക്കിയപ്പോൾ രണ്ടു കാലുകൾകൂടി കണ്ടു. മൂന്നുപേരുണ്ടെന്ന്‌ അപ്പോഴാണ്‌ മനസിലായത്‌. മിനിറ്റുകൾക്കകം ഫയർഫോഴ്‌സും പൊലീസും എത്തി. മൂവരേയും മണിക്കൂറുകളുടെ ശ്രമംകൊണ്ടാണ്‌ പുറത്തെടുത്തത്‌. ആശുപത്രിയിലേക്ക്‌ ആംബുലൻസുകൾ പാഞ്ഞു. എങ്കിലും പ്രതീക്ഷയുണ്ടായിരുന്നില്ല. 30 അടിയോളം താഴ്‌ചയുണ്ടിവിടെ’’–- ഷിഹാബ്‌ പറഞ്ഞു. വാഹനം മറിഞ്ഞിടത്തുനിന്ന്‌ 50 മീറ്ററേ ഷിഹാബിന്റെ വീട്ടിലേക്കുള്ളൂ. ഓട്ടോ ഡ്രൈവറായ ഷിഹാബ്‌ രാവിലെ ജോലിക്കുപോകാൻ തയ്യാറെടുക്കുകയായിരുന്നു. ഇവിടെയുണ്ടായ മിക്ക വാഹനാപകടങ്ങളിലും ആദ്യം ഓടിയെത്തുന്ന നാട്ടുകാരിൽ ഒരാളുമാണ്‌. 
 
ആവർത്തിക്കുന്ന അപകടങ്ങൾ
ഈ മാസം വട്ടപ്പാറ വളവിലെ നാലാമത്തെ അപകടമാണിത്‌. ഫെബ്രുവരി 24നും ഇവിടെ ലോറി മറിഞ്ഞിരുന്നു. അഗ്‌നിരക്ഷാസേന എത്തിയാണ്‌ ഡ്രൈവറെ രക്ഷിച്ചത്‌. ആഴ്‌ചയിൽ ഒരു അപകടമെങ്കിലും ഉണ്ടാകാറുണ്ടെന്ന്‌ നാട്ടുകാർ പറയുന്നു. സംരക്ഷണ ഭിത്തിയുള്ളതിനാലാണ്‌ പലപ്പോഴും വാഹനങ്ങൾ താഴ്‌ചയിലേക്ക്‌ പതിക്കാതെ രക്ഷപ്പെടുന്നത്‌. ടാങ്കർ ലോറികളുൾപ്പെടെ മറിയുന്നത്‌ പതിവായതോടെ താഴെ വീട്ടിലുള്ളവർ ഇവിടെനിന്നും താമസം മാറിയിരുന്നു. 2021 ഫെബ്രുവരിയിൽ കമ്പിയുമായി വന്ന ലോറി മറിഞ്ഞ്‌ രണ്ടുപേർ മരിച്ചിരുന്നു. പഞ്ചസാര ലോറി മറിഞ്ഞ്‌ ഡ്രൈവർ മരിച്ചതും ഇവിടെയാണ്‌.
 
വായുവിലുയർന്നു 
തലകീഴായി മറിഞ്ഞു
ഡിവൈഡറിൽ ഇടിച്ച ലോറി നിയന്ത്രണം തെറ്റി ഉയർന്നാണ്‌ 30 അടിയോളം താഴ്‌ചയിലേക്ക്‌ പതിച്ചത്‌. ഡ്രൈവറുടെ ക്യാബിന്റെ ഭാഗമാണ്‌ ആദ്യം നിലത്തിടിച്ചത്‌. ലോഡ്‌ കയറ്റുന്ന ഭാഗം പൊട്ടി ക്യാബിന്‌ മുകളിലേക്ക്‌ കയറി. പറമ്പിലെ പഴയ കിണറിന്‌ തൊട്ടരികിലാണ്‌ വാഹനം വീണത്‌. കിണറ്റിലിറങ്ങിയും മറ്റും ആളുകളെ പുറത്തെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തിരൂർ, മലപ്പുറം അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ്‌ മൂന്നുപേരെയും പുറത്തെടുത്തത്‌. 23 ടൺ സവോളയാണ്‌ ലോറിയിലുണ്ടായിരുന്നത്‌.  
 
അപ്പന് പകരക്കാരനായി; അരുണിന്റെ അന്ത്യയാത്ര
ലോറിയില്‍ അപ്പന് പകരക്കാരനായി അരുണ്‍ യാത്രയായത് മരണത്തിലേക്ക്. ചാലക്കുടി മൂഞ്ഞേലി വടക്കുഞ്ചേരി ഐനിക്കല്‍ ജോര്‍ജിന്റെ മകന്‍ അരുണിന്റെ യാത്രയാണ് അന്ത്യയാത്രയായത്. സാധാരണ ഓട്ടം ലഭിച്ചാല്‍ ഡ്രൈവര്‍ക്കൊപ്പം ലോറി ഉടമയായ ജോര്‍ജാണ് പോകാറ്. 
രണ്ടാഴ്ച മുമ്പാണ് ജോര്‍ജിന്റെ ഭാര്യ നിഷ മരിച്ചത്. ഇതിനിടെയാണ് രാജസ്ഥാനിലേക്ക് ഓട്ടം അപ്രതീക്ഷിതമായി കിട്ടിയത്. അമ്മയുടെ മരണത്തെത്തുടര്‍ന്ന് തകര്‍ന്നിരിക്കുന്ന അപ്പനെ വിടാതെ അരുണ്‍ അപ്പന് പകരക്കാരനായി. പോകണ്ടായെന്ന് പലവട്ടം നിര്‍ബന്ധിച്ചെങ്കിലും ഈ അവസ്ഥയില്‍ അപ്പനെ ലോറിക്കൊപ്പം വിടാന്‍ അരുണിന് മനസ്സു വന്നില്ല. തുടര്‍ന്നാണ് അപ്പനെ പറഞ്ഞ് മനസ്സിലാക്കി  അമ്മയുടെ വിയോഗത്തിലുള്ള വിഷമം ആരേയുമറിയിക്കാതെ ഡ്രൈവര്‍ക്കൊപ്പം അരുണ്‍ യാത്രതിരിച്ചത്. 
എന്നാല്‍, അത് അവസാനയാത്രയാകുമെന്ന് ആരും കരുതിയില്ല.  അപകടത്തില്‍ അരുണിന്റെ അയല്‍വാസികൂടിയായ ഡ്രൈവര്‍ ഉണ്ണികൃഷ്ണനും മരിച്ചു. രണ്ട് മരണം പടിഞ്ഞാറേ ചാലക്കുടി മുഞ്ഞേലി മേഖലയെയാകെ വേദനയിലാഴ്-ത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top