25 April Thursday

വിമാനത്താവള വികസനം: വിദഗ്‌ധ സംഘമെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020
കരിപ്പൂര്‍  
വിമാനത്താവള അതോറിറ്റിയുടെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കരിപ്പൂര്‍ വിമാനത്താവള വികസനം സാധ്യമാക്കാന്‍ വിദഗ്‌ധ സംഘം. വിമാനത്താവള റൺവേ, വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന റൺവേ, ഏപ്രണ്‍, കാര്‍ പാര്‍ക്കിങ് തുടങ്ങിയവ വിപുലപ്പെടുന്നത് സംബന്ധിച്ച് പഠിക്കുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്ലാനിങ് വിഭാഗം ജനറല്‍ മാനേജര്‍ അമിത് ഭൗമികിന്റെ നേതൃത്വത്തില്‍ സംഘം വെള്ളിയാഴ്ച കരിപ്പൂരിലെത്തിയത്. അതോറിറ്റിയുടെ സ്ഥലമടക്കം നൂറ് ഏക്കര്‍ സ്ഥലം ലഭ്യമായാല്‍ മതിയായ സൗകര്യമൊരുക്കാനാകുമെന്നാണ് വിലയിരുത്തല്‍.
റൺവേ വികസനത്തിന് ഇരുവശങ്ങളിലുമായി 50 ഏക്കര്‍ സ്ഥലം ലഭ്യമാക്കണം. 108 മീറ്റര്‍ വീതിയിലും 750 മീറ്റര്‍ നീളത്തിലുമായി അതോറിറ്റിയുടെ കൈവശമുളള 27 ഏക്കര്‍ ഭൂമിയും ഇതോടെപ്പം പ്രയോജനപ്പെടുത്തും. അപ്രോച്ച് ലൈറ്റുകള്‍ സ്ഥാപിക്കാനായി നേരത്തെ ഏറ്റെടുത്ത സ്ഥലമാണ് നിലവില്‍ അതോറിറ്റിയുടെ കൈവശമുള്ളത്. റൺവേയുടെ തെക്കുഭാഗത്ത് പുതിയ ടെര്‍മിനല്‍ സ്ഥാപിക്കുന്നത് നിലവില്‍ സമാന്തര റോഡുകളടക്കം വേണ്ടിവരുന്നതിനാല്‍ പദ്ധതി ഒഴിവാക്കി. ഇതിനുപകരം വിമാന പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം ഒരുക്കുന്ന നടപടി കൈക്കൊള്ളും.
12 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലവിലുള്ളത്. ഇത് 33–-ആയി വിപുലപ്പെടുത്തും. നിലവില്‍ പഴയ ടെര്‍മിനല്‍, ക്വാര്‍ട്ടേഴ്‌സുകള്‍, എണ്ണക്കമ്പനി ഉള്‍പ്പടെ സ്ഥിതിചെയ്യുന്ന സ്ഥലം എന്നിവ ഏപ്രണിനായി പ്രയോജനപ്പെടുത്തും. ഇതോടൊപ്പം വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യവും വിപുലപ്പെടുത്തും. കഴിഞ്ഞ സെപ്‌തംബര്‍ ഒമ്പതിന് സംഘം കരിപ്പൂരിലെത്തി പരിശോധന നടത്തിയിരുന്നു. തുടർ പരിശോധനക്കായാണ് വെള്ളിയാഴ്ച എത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top