18 December Thursday
കേന്ദ്രത്തിന്റെ കേരളവിരുദ്ധത

ജനകീയ പ്രതിരോധമായി പ്രതിഷേധ കൂട്ടായ്‌മകൾ

സ്വന്തം ലേഖകർUpdated: Sunday Sep 17, 2023

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെയുള്ള മലപ്പുറം മണ്ഡലം സിപിഐ എം പ്രതിഷേധ കൂട്ടായ്‌മ കുന്നുമ്മലിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം 
പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനംചെയ്യുന്നു

മലപ്പുറം

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും  കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ  സിപിഐ എം നടത്തിയ പ്രതിഷേധ കൂട്ടായ്‌മകൾ ജനകീയ പ്രതിരോധമായി മാറി. നിയോജക മണ്ഡലംതലത്തിൽ നടന്ന കൂട്ടായ്‌മകൾ പൂർത്തിയായി. ജില്ലയിൽ 16 മണ്ഡലങ്ങളിലും നൂറുകണക്കിന്‌ പേരാണ്‌ പ്രതിഷേധ കൂട്ടായ്‌മയിൽ അണിചേർന്നത്‌. ശനിയാഴ്‌ച തിരൂരങ്ങാടി, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ പ്രതിഷേധ കൂട്ടായ്‌മകളാണ്‌ നടന്നത്‌.
മലപ്പുറം മണ്ഡലം പ്രതിഷേധ കൂട്ടായ്മ കുന്നുമ്മലിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനംചെയ്തു. കെ സുന്ദരരാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ മജ്നു സ്വാ​ഗതവും ഒ സഹദേവൻ നന്ദിയും പറഞ്ഞു.
തിരൂരങ്ങാടി മണ്ഡലം കൂട്ടായ്‌മ എടരിക്കോട്ട്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ അധ്യക്ഷനായി.  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ, പി വി അൻവർ എംഎൽഎ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി തയ്യിൽ അലവി സ്വാഗതവും ഏരിയാ കമ്മിറ്റിയംഗം സി സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. 
പൊന്നാനി മണ്ഡലം പ്രതിഷേധ കൂട്ടായ്‌മ ചങ്ങരംകുളം ഹൈവേയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. എൽഡിഎഫ് പൊന്നാനി മണ്ഡലം സെക്രട്ടറി ടി സത്യൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയ, നാസർ കൊളായി എന്നിവർ സംസാരിച്ചു. സി പി മുഹമ്മദ് കുഞ്ഞി സ്വാഗതവും പി വിജയൻ നന്ദിയും പറഞ്ഞു.
 

കേരളത്തിൽ വികസനം വേണ്ടെന്നാണ്‌ 
കേന്ദ്ര നിലപാട്‌: പുത്തലത്ത് ദിനേശൻ

കേരളത്തിൽ ഒരുവികസനവും പാടില്ലെന്ന നയവുമായിട്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. മലപ്പുറം മണ്ഡലം പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്‌ തരാനുള്ള വിഹിതം വെട്ടിക്കുറച്ച് അർഹതപ്പെട്ട വിഭവങ്ങളും ആനുകൂല്യങ്ങളും കേന്ദ്രം ഇല്ലാതാക്കുമ്പോൾ യുഡിഎഫ്‌ എംപിമാരും ഒരുകൂട്ടം മാധ്യമങ്ങളും കേരളത്തെ ഒറ്റുകൊടുക്കുകയാണ്‌. കേരളത്തെ പ്രതിരോധത്തിലാക്കുമ്പോൾ നാടിനായി സംസാരിക്കേണ്ട യുഡിഎഫിന്റെ എംപിമാർ രാഷ്ട്രീയത്തിന്റെ പേരിൽ നിശ്ശബ്ദരായിരിക്കുകയാണ്‌. കേരളം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ മുന്നോട്ടുവരണം. 

രാജ്യത്ത് സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ വ്യക്തമായ ദിശാബോധത്തോടുകൂടി പ്രവർത്തിക്കുന്ന രാഷ്ട്രീയശക്തികളെ ഇന്ത്യയുടെ പാർലമെന്റിനകത്തും ദേശീയ രാഷ്ട്രീയത്തിലും വളർത്തിയെടുക്കാൻ സാധിക്കണം. കോൺഗ്രസും ബിജെപിയും ഒരേ സമ്പത്തികനയത്തിന്റെ വ​ക്താക്കളാണ്. കർഷക–-തൊഴിലാളി പ്രക്ഷോഭങ്ങളുടെ അലയടികൾ പാർലമെന്റിനകത്ത് ഉയർന്നില്ല. അതുകൊണ്ട് രാജ്യത്തെ  ജനക്ഷേമകരമായ പ്രശ്നങ്ങൾ മുന്നോട്ടുവയ്‌ക്കണമെങ്കിൽ ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശേഷി വർധിപ്പിക്കുകയെന്നത് ജനങ്ങൾ രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുക്കണം. 
ഉജ്വലമായ സ്വാതന്ത്ര്യസമര പോരാട്ടത്തിലൂടെയാണ് ഇന്ത്യ ഉയർന്നുവന്നത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്ത സംഘപരിവാറിന് ഇന്ത്യയെ അം​ഗീകരിക്കാൻ സാധിക്കില്ലെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top