26 April Friday
സി അബ്ദുള്ള മാസ്‌റ്റർ ഇനി ജ്വലിക്കുന്ന ഓർമ

കനൽവഴികളില്‍ പതറാത്ത ജീവിതം

സി ശ്രീകാന്ത്‌Updated: Thursday Sep 17, 2020
 
മലപ്പുറം
സി അബ്ദുള്ള മാസ്‌റ്ററുടെ നിര്യാണത്തോടെ അണഞ്ഞത്‌ എതിർപ്പുകളെ ചെറുത്ത്‌ തോൽപ്പിച്ച്‌ മലപ്പുറത്ത്‌ കമ്യൂണിസ്‌റ്റ്‌ പാർടിയെ വളർത്തിയ മാർഗദീപം. എൺപത്തിനാല്‌ വർഷത്തെ ജീവിതപ്രയാണത്തിൽ കനൽവഴികളിൽ ഒരിക്കലും പതറിയില്ല അദ്ദേഹം. 
 മുസ്ലിം വിഭാഗത്തിൽ ജനിച്ചവർക്ക് കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തനം ഏറെ ശ്രമകരമായ കാലം. കമ്യൂണിസ്റ്റായാൽ കാഫിറെന്ന് ലീഗ് പ്രമാണിമാർ മുദ്രകുത്തും. ആ ഇരുണ്ടകാലത്ത് മുസ്ലിംലീഗിന്റെ വ്യാജ പ്രചാരണങ്ങളേയും ആക്രമണങ്ങളെയും നേരിട്ട്‌ അബ്ദുള്ള മാസ്‌റ്ററും പ്രവർത്തകരും മലപ്പുറത്ത് പ്രസ്ഥാനത്തിന്‌ കരുത്തേകി. 1960കളുടെ തുടക്കത്തിൽ പരപ്പനങ്ങാടി ഉള്ളണത്ത് അധ്യാപകനായിരിക്കെ പാർടി അംഗമായി. മലപ്പുറം ലോക്കൽ കമ്മിറ്റി അംഗമായും അധ്യാപക സംഘടന കെപിടിയു ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1979ന് മലപ്പുറം ലോക്കൽ സെക്രട്ടറിയായി–- പിന്നീട്‌ ദീർഘകാലം ആ ചുമതല വഹിച്ചു. അക്കാലത്ത്‌ ഇരുമ്പുഴി, മുണ്ടുപറമ്പ്, മലപ്പുറം, വള്ളുവമ്പ്രം, പൂക്കോട്ടൂർ, വലിയങ്ങാടി, പാണക്കാട്, ഊരകം എന്നീ ബ്രാഞ്ചുകളാണ് മലപ്പുറം ലോക്കലിൽ ഉണ്ടായിരുന്നത്.
1991ൽ വേങ്ങര ഏരിയാ സമ്മേളനത്തിൽ പാർടി ഏരിയാ സെക്രട്ടറിയായി. (ആനക്കയം, പന്തല്ലൂർ, മലപ്പുറം, പൊൻമള, ഊരകം, ഒതുക്കുങ്ങൽ, കോട്ടക്കൽ, വേങ്ങര, കണ്ണമംഗലം, കോഡൂർ എന്നീ ലോക്കൽ കമ്മിറ്റികൾ ഉൾപ്പെട്ട വലിയ ഭൂപ്രദേശമായിരുന്നു അന്നത്തെ മലപ്പുറം ഏരിയാ കമ്മിറ്റി). അസുഖങ്ങളെ തുടർന്ന് പാർടി ചുമതലയിൽനിന്ന് ഒഴിഞ്ഞ് പാണക്കാട് ബ്രാഞ്ച് അംഗമായിരിക്കെയാണ് വിയോ​ഗം. വരുംതലമുറയ്ക്ക്‌ ആവേശം പകരുന്ന ഓർമയായി ഇനി അദ്ദേഹം ജനഹൃദയങ്ങളിൽ. സിപിഐ എം ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ അന്തിമോപചാരമർപ്പിച്ചു.
 
മൂല്യങ്ങൾ 
ഉയർത്തിപ്പിടിച്ച നേതാവ്‌: 
എ വിജയരാഘവൻ
മലപ്പുറം
അബ്ദുള്ള മാസ്‌റ്ററുടെ നിര്യാണത്തിൽ കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ അനുശോചിച്ചു. ദീർഘകാലം അദ്ദേഹത്തിനൊപ്പം ഒരുമിച്ച്‌ പ്രവർത്തിക്കാനായി. മുസ്ലിംലീഗ്‌ ശക്തികേന്ദ്രമായ പാണക്കാട്ട്‌ ബഹുജനങ്ങൾക്കിടയിൽ സിപിഐ എമ്മിന്റെ സ്വാധീനം വളർത്താൻ അക്ഷീണം പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ നിര്യാണം പാർടിക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണെന്നും എ വിജയരാഘവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top