19 September Friday
ഡിവൈഎഫ്‌ഐ ഫ്രീഡം സ്‌ട്രീറ്റ്‌

യുവലക്ഷങ്ങളെ അണിനിരത്തി മഹാപ്രകടനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് മലപ്പുറം കിഴക്കേത്തലയിൽ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം, 
രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്ന്‌ പ്രതിജ്ഞയെടുത്ത്‌ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ യുവതയുടെ മഹാപ്രകടനം. ‘എന്റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം?’ എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫ്രീഡം സ്‌ട്രീറ്റിൽ ലക്ഷക്കണക്കിന്‌ യുവതീയുവാക്കൾ അണിനിരന്നു. ജനാധിപത്യത്തെ വേട്ടയാടുന്ന സംഘപരിവാർ ശക്തികൾക്കെതിരെയും രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്‌മയ്‌ക്കെതിരെയും പോരാട്ടം ശക്തമാക്കുമെന്നും യുവത പ്രതിജ്ഞയെടുത്തു.
തലസ്ഥാനത്ത്‌ ആയിരക്കണക്കിന്‌ യുവാക്കൾ നടത്തിയ പ്രകടനത്തിനുശേഷം പൂജപ്പുര മൈതാനിയിൽ ചേർന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ  ജില്ലാ പ്രസിഡന്റ് വി അനൂപ് അധ്യക്ഷനായി.
മലപ്പുറത്ത് എംഎസ്‌പി സ്കൂൾ പരിസരം, മച്ചിങ്ങൽ ബൈപാസ്, നൂറാടി പാലം, വലിയങ്ങാടി എന്നിവിടങ്ങളിൽനിന്നാരംഭിച്ച യുവജന റാലികളിൽ പതിനായിരങ്ങൾ പങ്കാളികളായി. റാലികൾ സമാപന സമ്മേളനം നടന്ന കിഴക്കേത്തലയിലെത്തിയപ്പോൾ യുവജന സാഗരമായി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി ഷബീർ അധ്യക്ഷനായി. മന്ത്രി വി അബ്ദുറഹ്മാൻ, എഴുത്തുകാരൻ കെ പി രാമനുണ്ണി, കെ ടി ജലീൽ എംഎൽഎ, ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണൻ, കവി മണമ്പൂർ രാജൻ ബാബു, നിലമ്പൂർ ആയിഷ, ഡിവൈഎഫ്ഐ പ്രഥമ ജില്ലാ പ്രസിഡന്റ് ഇ എൻ മോഹൻദാസ്, മുൻ ജില്ലാ സെക്രട്ടറിമാരായ വി പി അനിൽ, അബ്ദുള്ള നവാസ്, ടി സത്യൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് സ്വാഗതവും മലപ്പുറം ബ്ലോക്ക് സെക്രട്ടറി പി സൈഫുദ്ദീൻ നന്ദിയും പറഞ്ഞു. അതുൽ നറുകരയുടെയും സംഘത്തിന്റെയും നാടൻപാട്ടും അരങ്ങേറി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top