25 April Thursday

ഭരണഘടനാ മൂല്യങ്ങളെ 
യാഥാർഥ്യമാക്കണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

മലപ്പുറം എംഎസ്‌പി ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ മന്ത്രി വി അബ്ദുറഹ്മാൻ അഭിവാദ്യം 
സ്വീകരിക്കുന്നു

മലപ്പുറം
ഭരണഘടന വിഭാവനംചെയ്ത മൂല്യങ്ങൾ എല്ലാ അർഥത്തിലും യാഥാർഥ്യമാക്കണമെന്ന്‌ മന്ത്രി വി അബ്ദുറഹ്മാൻ. മലപ്പുറം എംഎസ്‌പി ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും താഴേക്കിടയിലുള്ള പൗരനിൽപോലും ‘സർക്കാർ ഒപ്പമുണ്ട്' എന്ന തോന്നൽ ജനിപ്പിക്കുന്നതാകണം സ്വതന്ത്ര രാഷ്ട്രസങ്കല്‍പ്പം. നമ്മുടെ സ്വാതന്ത്ര്യത്തെ ഇനിയും അർഥവത്താക്കാൻ എന്തു ചെയ്യാനാകും എന്ന ചിന്തയാണ് നമ്മളെ നയിക്കേണ്ടത്‌–- മന്ത്രി പറഞ്ഞു.
സിവിൽ സ്റ്റേഷനിലെ യുദ്ധസ്മാരകത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ പുഷ്പചക്രം അർപ്പിച്ചതോടെയാണ് ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായത്. എംഎസ്‌പി പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡിൽ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. എംഎസ്‌പി അസി. കമാൻഡന്റ്‌ കെ രാജേഷ് പരേഡ് നയിച്ചു. 
എംഎസ്‌പി, ജില്ലാ സിവിൽ പൊലീസ്, ജില്ലാ പൊലീസ് വനിതാ വിഭാഗം, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻസിസി, എസ്‌പിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജൂനിയർ റെഡ്ക്രോസ് വിഭാഗങ്ങളിലായി 29 പ്ലാറ്റൂണുകൾ അണിനിരന്നു. കലക്ടർ വി ആർ പ്രേംകുമാർ, ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യംചെയ്തു. എം പി അബ്ദുസമദ് സമദാനി എംപി, പി ഉബൈദുള്ള എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, എംഎസ്‌പി കമാന്‍ഡന്റ് കെ വി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. 
പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ 10 വിദ്യാലയങ്ങളിൽനിന്നുള്ള 3006 കുട്ടികൾ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നും ആരംഭിച്ചു. പ്രഭാതഭേരിയിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം മലപ്പുറം സെന്റ് ജെമ്മാസ് എച്ച്എസ്എസ്‌ നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top