25 April Thursday
മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക്‌ മീറ്റ്‌

സൗഹൃദകഥപറയും മാസ്‌റ്റേഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

തേഞ്ഞിപ്പലം
ഇന്നും ഇന്നലെയും തുടങ്ങിയതല്ല കൊല്ലം ചാത്തന്നൂരുകാരി വി കെ തങ്കമ്മയും ആലപ്പുഴ ചേർത്തലക്കാരി കെ വസന്തിയും എറണാകുളം സ്വദേശി രാജം ഗോപിയും തമ്മിലുള്ള സൗഹൃദം. മാസ്‌റ്റേഴ്‌സ്‌ മീറ്റുകളിലൂടെ   പടർന്നു പന്തലിച്ചതാണ്‌ ഇവരുടെ സൗഹൃദം. 1992ലാണ്‌ തങ്കമ്മയും വാസന്തിയും സൗഹൃദത്തിലാക്കുന്നത്‌. 1996ഓടെ രാജവും ഈ സംഘത്തിലെത്തി. എവിടെ മീറ്റുണ്ടെങ്കിലും ഒരുമിച്ചാണ്‌ ഇവരുടെ പോക്ക്‌. മത്സരിക്കാനിറങ്ങുന്ന ഇനങ്ങളിൽ മെഡലും വാരിക്കൂട്ടും.
70 വയസിനുമുകളിലുള്ളവരുടെ 100 മീറ്ററിലും ലോങ്‌ജമ്പിലും തങ്കമ്മയും ഒരു കിലോ മീറ്റർ നടത്തത്തിൽ വാസന്തിയും സ്വർണം നേടി. 65 വയസിനുമുകളിൽ പ്രായമുള്ളവരുടെ മൂന്ന്‌ കിലോമീറ്റർ നടത്തത്തിലാണ്‌ രാജം സ്വർണം സ്വന്തമാക്കിയത്‌. മൂവരും ഇതിനകം ദേശീയ, ഏഷ്യൻ‌തലത്തിലുള്ള വിവിധ മാസ്‌റ്റേഴ്‌സ്‌ മീറ്റുകളിൽ പങ്കെടുക്കുകയും മെഡൽ നേടുകയും ചെയ്‌തിട്ടുണ്ട്‌. ചാത്തന്നൂരിലെ പ്രിയ ആശുപത്രിയിലെ നഴ്‌സായ തങ്കമ്മക്കും എറണാകുളം ജനറൽ ആശുപത്രിയിലെ ജിം ട്രെയിനറായ രാജം ഗോപിക്കും ഈ വർഷത്തെ സാമൂഹ്യനീതി വകുപ്പിന്റെ വയോശ്രേഷ്‌ഠ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.

ട്രാക്കിലും കൈകോർത്ത്‌
തേഞ്ഞിപ്പലം
കുട്ടിക്കാലത്തുതന്നെ ട്രാക്കിലിറങ്ങിയതാണ്‌ സി പി അന്ന. വയസ്‌ ഏഴുപത്തിയഞ്ചിലും അതേ ആവേശമാണ്‌ അവർക്ക്‌.  കായിക മേഖലയിലേക്ക്‌ ഭർത്താവിനെയും കൊണ്ടുവരാൻ അവർക്ക്‌ കഴിഞ്ഞു. സംസ്ഥാന മാസ്‌റ്റേഴ്‌സ്‌ മീറ്റിലും മെഡൽ നേട്ടം കൈവരിച്ച്‌ ശ്രദ്ധേയരായിരിക്കുകയാണ്‌ കോട്ടയം കുമരകം അനു നിവാസിൽ പി പി ഐസക്കും സി പി അന്നയും.
75 വയസിനുമുകളിലുള്ളവരുടെ മൂന്നുകിലോ മീറ്റർ നടത്തത്തിൽ സ്വർണം നേടിയ  ഐസക്‌ 1500 മീറ്ററിൽ വെള്ളിയും നേടി. 100 മീറ്ററിൽ അന്ന വെള്ളി നേട്ടം കൈവരിച്ചു. എറണാകുളത്തിനുവേണ്ടിയാണ്‌ ഇരുവരും മത്സരിക്കാനിറങ്ങിയത്‌. മാസ്‌റ്റേഴ്‌സ്‌ മീറ്റുകളിലും മറ്റും ഭാര്യക്ക്‌ ഒപ്പം പോയി തുടങ്ങിയതോടെയാണ്‌ ഐസക്കും സ്‌പോർട്‌സിലേക്ക്‌ സജീവമായത്. മീറ്റുകൾ വരുന്ന സമയത്ത്‌ 15 ദിവസം പരിശീലനം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top