16 April Tuesday

മൂന്നിടത്ത്‌ ഇന്ന്‌ ഉപതെരഞ്ഞെടുപ്പ്‌, *വിജയം ഉറപ്പാക്കാൻ എൽഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Tuesday May 17, 2022

മലപ്പുറം
തദ്ദേശഭരണ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ നേട്ടംകൊയ്യാനൊരുങ്ങി എൽഡിഎഫ്‌. ജില്ലയിൽ വള്ളിക്കുന്ന്‌, ആലങ്കോട്‌, കണ്ണമംഗലം പഞ്ചായത്തുകളിലാണ്‌ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കുക. എൽഡിഎഫ്‌ സർക്കാരിന്റെ വികസനവും പ്രാദേശിക വികസനവും ചൂണ്ടിക്കാട്ടിയാണ്‌ എൽഡിഎഫ്‌ വോട്ടർമാരെ കാണുന്നത്‌. മികച്ച പ്രതികരണമാണ്‌ വോട്ടർമാരിൽനിന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾക്ക്‌ ലഭിച്ചത്‌. ഇത്‌ വോട്ടാകുമെന്ന പ്രതീക്ഷയിലാണ്‌ സ്ഥാനാർഥികൾ.
 വള്ളിക്കുന്ന്‌ പഞ്ചായത്ത്‌ പരുത്തിക്കാട്‌  ഒമ്പതാം വാർഡിലാണ്‌ തെരഞ്ഞെടുപ്പ്‌. സിപിഐ എമ്മിലെ  പി എം രാധാകൃഷ്‌ണനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. മേലയിൽ വിജയൻ യുഡിഎഫ്‌ സ്ഥാനാർഥിയും ലതീഷ്‌ ചുങ്കപള്ളി ബിജെപി സ്ഥാനാർഥിയുമാണ്‌.  യുഡിഎഫ്‌ അംഗമായിരുന്ന വിനോദ്‌കുമാർ രാജിവച്ച ഒഴിവിലാണ്‌ തെരഞ്ഞെടുപ്പ്‌.  നിലവിൽ പഞ്ചായത്ത്‌ ഭരിക്കുന്നത്‌ എൽഡിഎഫാണ്‌. 23 അംഗ ഭരണ സമിതിയിൽ എൽഡിഎഫിന്‌ 14 അംഗങ്ങളും യുഡിഎഫിന്‌ ഒമ്പത്‌ അംഗങ്ങളുമാണുള്ളത്‌.
 ആലങ്കോട് പഞ്ചായത്തിലെ ഏഴാം-നമ്പർ ( ഉദിനുപറമ്പ്‌) വാർഡിലേക്ക്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ കെ സി ജയന്തിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. നേരത്തെ വാർഡിനെ പ്രതിനിധീകരിച്ച എൽഡിഎഫ്‌ അംഗവും പഞ്ചായത്ത്‌ പ്രസിഡ​ന്റുമായിരുന്ന എ പി പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌.
ശശി പൂക്കേപ്പുറത്ത്‌ യുഡിഎഫ്‌ സ്ഥാനാർഥിയും സുബി ചേലക്കൽ ബിജെപി സ്ഥാനാർഥിയുമാണ്‌. കണ്ണമംഗലം പഞ്ചായത്തിൽ 19–-ാം വാർഡിൽ (വാളക്കുട)നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ  സ്വതന്ത്ര സ്ഥാനാർഥി കെ ടി മുഹമ്മദ്‌ ജുനൈദിനെയാണ്‌ എൽഡിഎഫ്‌ പിന്തുണക്കുന്നത്‌. സി കെ അഹമ്മദാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫ്‌ പ്രതിനിധി നിര്യാതനായതോടെയാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top