29 March Friday

തിരികെയെത്തിയവർ തളരില്ല

സ്വന്തം ലേഖകൻUpdated: Friday Mar 17, 2023

കേരള ബാങ്കും നോർക്ക റൂട്ട്‌സും ചേർന്ന്‌ സംഘടിപ്പിച്ച പ്രവാസി വായ്‌പാമേള നോർക്ക റൂട്ട്‌സ്‌ റെസിഡന്റ്‌ വൈസ്‌ ചെയർമാൻ 
പി ശ്രീരാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു

മലപ്പുറം
മടങ്ങിയെത്തിയ പ്രവാസികളുടെ അതിജീവനത്തിന്‌ സംഘടിപ്പിച്ച വായ്പാ മേളയിൽ ഒറ്റദിവസം 20.48 കോടി രൂപയുടെ സംരംഭക വായ്പ അനുവദിച്ച് കേരള ബാങ്ക്. നോർക്ക റൂട്ട്‌സും കേരള ബാങ്കും ചേർന്ന്‌ മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ടൗൺഹാളിലാണ്‌ മേള സംഘടിപ്പിച്ചത്‌. 256 പേർക്ക്‌ വായ്‌പ അനുവദിച്ച രേഖകൾ കൈമാറി. കേരള ബാങ്കിന്റെ പ്രവാസി കിരൺ, പ്രവാസി ഭദ്രത പദ്ധതികളിലാണിത്‌. മേളയിൽ ബാക്കിയായ അപേക്ഷകൾ പിന്നീട്‌ പരിഗണിക്കും. 
നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റീട്ടെൻഡ് എമിഗ്രന്റ് പദ്ധതി (എൻഡിപിആർഇഎം) പ്രകാരമാണ് വായ്പാ മേള. രണ്ട് വർഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത്‌ സ്ഥിരമായി നാട്ടിൽ കഴിയുന്നവർക്കാണ് അപേക്ഷിക്കാനാവുക.  ഒരു ലക്ഷംമുതൽ 30 ലക്ഷം രൂപവരെയാണ്‌ പദ്ധതിയിൽ അനുവദിക്കുക. 
പ്രവാസി കിരണിൽ ഏഴുവർഷമാണ്‌ തിരിച്ചടവ്‌ കാലാവധി. 12 ശതമാനം പലിശ. പ്രവാസി ഭദ്രതയിൽ അഞ്ചു വർഷം തിരിച്ചടവ്‌ കാലാവധിയും 9.75 ശതമാനം പലിശയും. കൃത്യമായ തിരിച്ചടവിന്‌ മൂന്നു ശതമാനം പലിശ സബ്‌സിഡിയും മൂന്നു ലക്ഷംവരെയുള്ള വായ്‌പകൾക്ക്‌ 15മുതൽ 25 ശതമാനംവരെ മൂലധന സബ്‌സിഡിയും നോർക്ക അനുവദിക്കും. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ എന്നിവർക്കും എൻഡിപിആർഇഎം പദ്ധതിവഴി അപേക്ഷിക്കാം. 
നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ മേള ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളിലൂടെ പന്ത്രണ്ടായിരത്തോളം പ്രവാസി സംരംഭങ്ങൾ ആരംഭിച്ചതായി ശ്രീരാമകൃഷ്ണൻ പറഞ്ഞു. കേരള ബാങ്ക് ഭരണസമിതിയംഗം സാബു എബ്രഹാം അധ്യക്ഷനായി. ആദ്യ വായ്പ അനുമതിപത്രം മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി വിതരണംചെയ്തു. കേരള ബാങ്ക് ഭരണസമിതിയംഗം പി എ ഉമ്മർ, നോർക്ക റൂട്ട്‌സ് സിഇഒ കെ ഹരികൃഷ്ണൺ നമ്പൂതിരി, കൗൺസിലർ പി എസ് എ ഷെബീർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഒ സഹദേവൻ എന്നിവർ സംസാരിച്ചു. കേരള ബാങ്ക് മലപ്പുറം സ്‌പെഷ്യൽ ഓഫീസർ ഡോ. എൻ അനിൽകുമാർ സ്വാഗതവും പാലക്കാട് റീജണൽ ജനറൽ മാനേജർ പ്രീത കെ മേനോൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top