20 April Saturday

സിൽവർ ലൈൻ പരിസ്ഥിതിസൗഹൃദം: മന്ത്രി എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

സിൽവർ ലൈൻ ജനസമക്ഷം പരിപാടി മലപ്പുറത്ത് മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
മലപ്പുറം
പരിസ്ഥിതിസൗഹൃദവും ജനസൗഹൃദവുമായ, കേരളത്തിന്റെ സ്വപ്‌നപദ്ധതിയാണ്  സിൽവർ ലൈൻ എന്ന് മന്ത്രി എം വി ഗോവിന്ദൻ. അനുനിമിഷം നവീകരിച്ചുമാത്രമേ കേരളത്തിന് വളരാനാകൂ. അതിന് പശ്ചാത്തലവികസനവും  ജീവിതസൗകര്യവും മെച്ചപ്പെടണം. വാഹനപ്പെരുപ്പവും ജനസാന്ദ്രതയും കൂടിയ സംസ്ഥാനമെന്ന നിലയിൽ ഗതാഗത സൗകര്യങ്ങൾ മികച്ചതാവണം. അത്തരമൊരു സാഹചര്യത്തിലാണ്‌ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  മലപ്പുറത്ത് സംഘടിപ്പിച്ച ‘ജനസമക്ഷം സിൽവർ ലൈൻ’ പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
   കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് കാർബൺ ബഹിർഗമനം കൂടുന്നതാണ്. അത് പരമാവധി കുറയ്ക്കാനാണ് ലോകം മുഴുവനും ശ്രമിക്കുന്നത്. 2025ഓടെ 2.88 ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാനാവുമെന്നതാണ് സിൽവർ ലൈൻ പദ്ധതിയുടെ പാരിസ്ഥിതികമായ നേട്ടം. 
 ഗതാഗതക്കുരുക്ക്‌ കേരളം അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ്‌. നിലവിലെ സാഹചര്യത്തിൽ അതിന്‌ ഒരുപരിധിവരെയെങ്കിലും പരിഹാരം കാണാൻ സിൽവർ ലൈൻ പദ്ധതിക്കേ സാധിക്കൂ. സാധ്യമല്ലെന്ന്‌ പറഞ്ഞ്‌ യുഡിഎഫ്‌ സർക്കാർ ഒഴിവാക്കിയ പല പദ്ധതികളും ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കി. ദേശീയപാത ആറുവരി യാഥാർഥ്യമാകാൻ പോകുന്നു. കൂടങ്കുളം വൈദ്യുതിലൈൻ, ഗെയിൽ പൈപ്പ്‌ ലൈൻ എന്നിവ ഇച്ഛാശക്തിയോടെ നടപ്പാക്കി. ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി, അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിമാത്രമേ സിൽവർ ലൈൻ നടപ്പാക്കൂ. 
വികസന പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കൽ ഒഴിവാക്കാനാവില്ല. ത്യാഗപൂർണമായ സമീപനം സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാതെ ഭാവി വികസനത്തെ അഭിസംബോധനചെയ്യാൻ  കഴിയില്ല. പരിസ്ഥിതിസ്‌നേഹികൾ ഏത് വികസനത്തെയും എതിർക്കുന്ന പ്രവണതയുണ്ട്. പിന്നീട് കാര്യങ്ങൾ മനസിലാക്കുമ്പോൾ അവർ പിൻമാറുന്നത് നമ്മൾ കണ്ടു. ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്‌ കണ്ണൂരിലെ വയൽക്കിളികൾ. അവരെല്ലാം ഇന്ന്‌ സർക്കാരിനൊപ്പമാണ്‌. ദേശീയപാതാ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടും പ്രതിഷേധങ്ങളും വിയോജിപ്പുകളുമുണ്ടായി. ശരിയായ പുനരധിവാസ പാക്കേജും ആവശ്യമായ നഷ്ടപരിഹാരവും നൽകിയതോടെ പ്രതിഷേധങ്ങൾ പൂർണമായും ഇല്ലാതായി. 
സിൽവർ ലൈൻ ഇപ്പോൾ വേണ്ടെന്ന് പറയുന്നവരുണ്ട്. പിന്നെ എപ്പോഴാണ്, ആരാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുക.  വിമർശങ്ങളെ ഗൗരവപൂർവംതന്നെയാണ് സർക്കാർ കാണുന്നത്. അത് ഗൗരവത്തോടെ  ചർച്ചചെയ്യാൻ തയാറാണെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top