25 April Thursday

പകച്ചുപോയില്ല, കുതിച്ചുയർന്നു

പി രാമകൃഷ്ണൻUpdated: Saturday Oct 16, 2021

സബ്നയും സഹോദരൻ ഷമീമും ഉമ്മ റുക്കിയക്കൊപ്പം

 

 
എടവണ്ണ 
പരിമിതികളിൽ പകച്ചുപോകുന്നവരുടെ മുന്നിൽ ഇച്ഛാശക്തികൊണ്ട് നേടിയ ജീവിത വിജയത്തിന്റെ കഥ പറയാനുണ്ട് എടവണ്ണ ഒതായി സ്വദേശികളായ സബ്നയ്ക്കും സഹോദരൻ ഷമീമിനും. കാഴ്ചാപരിമിതിയുടെ ലോകത്തുനിന്നു പിച്ചവച്ചാണ് ഇവർ നേട്ടങ്ങളിലേക്ക് ചുവടുവച്ചത്. പിജിയും ബിഎഡും പൂർത്തിയാക്കിയ ഇരുവരും അധ്യാപന ജോലിക്കായുള്ള കാത്തിരിപ്പിലാണ്. ഉമ്മ റുക്കിയയുടെ പിന്തുണയിലാണ് സബ്നയും ഷമീമും പ്രതിസന്ധികളെ അതിജീവിച്ചത്. പരിമിതമായ ജീവിത സാഹചര്യത്തിലും ഉമ്മ മക്കളെ പഠിപ്പിച്ചു. മലപ്പുറം മഅ്ദിൻ അന്ധ വിദ്യാലയത്തിലായിരുന്നു ഇരുവരുടേയും പ്രാഥമിക വിദ്യാഭ്യാസം. മക്കളെ പിരിഞ്ഞിരിക്കാനുള്ള പ്രയാസവും കുടുംബത്തിന്റെ അവസ്ഥയും മനസ്സിലാക്കിയ മഅ്ദിൻ അക്കാദമി ഉമ്മയെ ഹോസ്റ്റലിലെ ഹെൽപ്പറായി നിയമിച്ചു. അതായിരുന്നു പിന്നീട് കുടുംബത്തിനുള്ള വരുമാനം. രണ്ടുപേരുടെയും ഹൈസ്കൂൾ പഠനം മലപ്പുറം എംഎസ്പി ഹൈസ്കൂളിലായിരുന്നു. ഉയർന്ന മാർക്കോടെ എസ്എസ്എൽസി പാസ്സായി. തൃപ്പനച്ചിയിലെ അർഷാദ് ഹയർ സെക്കന്‍ഡറി സ്കൂളിൽനിന്നും പ്ലസ്ടുവും മമ്പാട് എംഇഎസ് കോളേജിൽനിന്നും ബിഎ ഡിഗ്രിയും നേടി. ഫറോക്ക് കോളേജിലായിരുന്നു പിജി പഠനം. അധ്യാപകരാവുകയായിരുന്നു ലക്ഷ്യം. സബ്ന ബിഎഡ് ട്രെയിനിങ്ങിനായി എടവണ്ണ ജാമിയ്യയിലും ഷമീം മഞ്ചേരി ക്യൂ ടെക്കിലും ചേർന്നു. പഠനം പൂർത്തിയാക്കിയ ഇരുവരും ജോലിക്കായുള്ള ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top