20 April Saturday

സേവനത്തിന്‌ അവധിയില്ല

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020
തേഞ്ഞിപ്പലം
സൗദിയിൽനിന്ന് അവധിക്ക് നാട്ടിൽ വന്നതാണ്‌ നീരോൽപ്പലം സ്വദേശി മുനീർ തൊണ്ടിക്കോടൻ. കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ തിരിച്ചുപോക്ക്‌ മുടങ്ങി. പക്ഷേ, അതിൽ നിരാശനല്ല ഈ യുവാവ്‌. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളിയായതിനാൽ സദാ തിരക്ക്‌. ഭക്ഷണവിതരണവും രക്തദാനവും വള​ന്റിയർ സേവനവും മുതൽ കോവിഡ്‌ സ്ഥിരീകരിച്ചയാളുടെ സംസ്‌കാരംവരെ നടത്തി ഈ പ്രവാസി. 
സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം ഭക്ഷണ കിറ്റ് വിതരണത്തിൽ പങ്കാളിയായാണ്‌ തുടക്കം.  കലിക്കറ്റ് യൂനിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെ​ന്റ് സെന്ററിൽ ആരോഗ്യവകുപ്പ് വള​ന്റിയറായി. കലക്ടറുടെ നിർദേശപ്രകാരം തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് വള​ന്റിയറായി. 
നീരോൽപ്പാലം വലിയതോടിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിനായി നാലുനാൾ നീണ്ട തെരച്ചിലിലും പങ്കാളിയായി.  തെരച്ചിലിനെത്തിയ ഫയർഫോഴ്സ്, ട്രോമ കെയർ പ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നതിലും നേതൃത്വം നൽകി.  
കഴിഞ്ഞ ദിവസം ഇടിമുഴിക്കലിലിലുണ്ടായ അപകടത്തിൽ മരണമടഞ്ഞ ആലങ്ങാടൻ അരിമ്പ്രത്തൊടി മുഹമ്മദ് ഹനീഫയുടെ മൃതദേഹം കബറടക്കാൻ മുന്നിട്ടിറങ്ങിയതും മുനീറാണ്. പോസ്റ്റ്മോർട്ടത്തിന് മുമ്പായി നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതോടെയാണ് മൃതദേഹം കബറടക്കാൻ പിപിഇ കിറ്റണിഞ്ഞ് രംഗത്തിറങ്ങിയത്. 
സൗദിയിൽ സിസിടിവി ടെക്നീഷ്യനാണ് ഈ യുവാവ്‌. ഇനി തിരിച്ചുപോകുവാനാകുമോയെന്ന ആശങ്കയുണ്ടെങ്കിലും സാമൂഹ്യ സേവനത്തിൽ സംതൃപ്‌തനാണ്‌. സൗദിയിലെ ജല സാംസ്കാരിക സംഘടനയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട് മുനീർ. റഷീദയാണ് ഭാര്യ. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top