27 April Saturday
സംസ്ഥാനത്തെ വലിയ കോവിഡ്‌ പ്രാഥമിക ചികിത്സാകേന്ദ്രം

1500 കിടക്ക; കലിക്കറ്റ്‌ ഹോസ്റ്റൽ ചികിത്സ‌ക്ക്‌ റെഡി

സ്വന്തം ലേഖകൻUpdated: Thursday Jul 16, 2020

 

 
 
തേഞ്ഞിപ്പലം
ലക്ഷണങ്ങളും മറ്റ്‌ ആരോഗ്യ പ്രശ്നങ്ങളുമില്ലാത്ത കോവിഡ് രോഗികൾക്കായി 1500 കിടക്കകളുള്ള പ്രാഥമിക ചികിത്സാകേന്ദ്രം കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ വനിതാ ഹോസ്റ്റലിൽ ഒരുങ്ങി. സംസ്ഥാനത്തെ വലിയ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററാണിത്‌. വനിതാ ഹോസ്റ്റലിലെ എവറസ്റ്റ്, പാരിജാതം  ഹോസ്റ്റലുകളിലാണ് 750 കിടക്കകൾവീതം സജീകരിച്ചത്‌. 15 ഡോക്ടർമാർ, 50 സ്റ്റാഫ് നേഴ്സ്, 50 ക്ലീനിങ് സ്റ്റാഫ്, രണ്ട് ഫാർമസിസ്റ്റ്, നാല് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, രണ്ട് ഡാറ്റാ എൻടി ഓപറേറ്റർമാർ എന്നിവരടക്കം 123 ജീവനക്കാരെ സെന്ററിൽ നിയോഗിച്ചു. ഇവർക്കുള്ള താമസസൗകര്യവും കോമ്പൗണ്ടിനകത്തുതന്നെയാണ്‌. 
രോഗികളുടെ മാനസിക സമ്മർദം കുറയ്ക്കാനുള്ള സംവിധാനങ്ങളും ഇ​ന്റർനെറ്റും കേന്ദ്രത്തിൽ ഒരുക്കും. ആയിരത്തിലധികം കിടക്കകളും തലയണയും കയർബോര്‍ഡിൽനിന്നാണ്‌ എത്തിച്ചത്‌. രോഗം മൂർഛിച്ചാൽ ആശുപത്രിയിൽ എത്തിക്കാൻ രണ്ട് ആംബുലൻസുകളും സജ്ജമാക്കി. മെഡിക്കൽ മാലിന്യം സംസ്‌കരിക്കാൻ സംവിധാനങ്ങളും ഒരുക്കി. തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയാണ് നോഡൽ ആശുപത്രി. 
ചെട്ട്യാർമാട്ടിലൂടെയാകും ചികിത്സാകേന്ദ്രത്തിലേക്കുള്ള‌ വഴി. സർവകലാശാലാ ക്യാമ്പസിനകത്തുനിന്നുള്ള വഴി അടച്ചിടും. സെന്ററിൽ എത്താൻ സൂചനാബോർഡുകൾ സ്ഥാപിച്ചു. 
ഒരാഴ്‌ചകൊണ്ടാണ് കലിക്കറ്റിൽ ചികിത്സാകേന്ദ്രം സജ്ജമാക്കിയത്‌. കലക്‌ടർ കെ ഗോപാലകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന, സബ്‌ കലക്ടർ കെ എസ് അഞ്ജു, കലിക്കറ്റ് സർവകലാശാലാ രജിസ്ട്രാർ ഡോ. സി എൽ ജോഷി എന്നിവർ സെന്റർ സന്ദർശിച്ചു.
 
ചികിത്സക്ക്‌ 
8000 കിടക്ക
തേഞ്ഞിപ്പലം
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ച്‌ ജില്ലാ ഭരണകേന്ദ്രവും ആരോഗ്യ വകുപ്പും. കോവിഡ്‌ ചികിത്സയ്‌ക്കായി 8000 കിടക്കകൾ സജ്ജമാക്കുമെന്ന്‌  കലക്‌ടർ കെ ഗോപാലകൃഷ്‌ണൻ പറഞ്ഞു. സർക്കാർ നിർദേശത്തെത്തുടർന്നാണിത്‌. പ്രവൃത്തി അടുത്ത ദിവസംതന്നെ തുടങ്ങും. 20 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്റർ) ഒരുക്കും. ഇതിനകം അഞ്ച്‌ സെന്ററുകൾ സജ്ജമാക്കി. കലിക്കറ്റ്‌ ഹോസ്റ്റലിനുപുറമെ 1095 കിടക്കകളാണ്‌ തയ്യാറാക്കിയതെന്ന്‌ അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top