25 April Thursday

മേളക്ക് ഇന്ന് കൊടിയിറക്കം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
തിരൂർ
വിജ്ഞാനവും വിനോദവും പകർന്ന എന്റെ കേരളം എന്റെ അഭിമാനം മെഗാ പ്രദർശന-വിപണന ഭക്ഷ്യമേള തിങ്കളാഴ്‌ച സമാപിക്കും.  ചെറിയമുണ്ടത്തെ 67 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളാകുന്ന സന്തോഷം നാടിന് നൽകിയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മേളക്ക് തിരശ്ശീല വീഴുക.
  മെയ് പത്താം തീയതി ആരംഭിച്ച മേള വളരെ വിജയകരമായാണ്  പര്യവസാനിക്കുന്നത്. ജനകീയ പങ്കാളിത്തവും സംഘാടന മികവോടെയും മേള നടത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് മേളയുടെ സംഘാടക സമിതി ചെയർമാൻകൂടിയായ മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ ഭാഗമായി വൈകിട്ട് നാലിന്  ചെറിയമുണ്ടം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ 67 കുടുംബങ്ങള്‍ക്കുള്ള പട്ടയം ബഹു റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍  നല്‍കും. തിരൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി  സ്കൂളിലെ പ്രധാന വേദിയിൽ ഓണ്‍ലൈനായി റവന്യൂ വകുപ്പ് മന്ത്രി  കെ രാജന്‍ പട്ടയമേള ഉദ്ഘാടനംചെയ്യും. കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി  വി അബ്ദുറഹ്മാന്‍  അധ്യക്ഷനാകും. 
 6.30ന്  സമാപന സമ്മേളനം മന്ത്രി  കെ രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി വി അബ്ദുറഹ്മാന്‍ അധ്യക്ഷനാകും. മന്ത്രിമാരായ  വി ശിവന്‍കുട്ടി,  സജി ചെറിയാന്‍,  പി പ്രസാദ്,  ഡോ. ആര്‍ ബിന്ദു,  വീണാജോര്‍ജ്,  അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ മുഖ്യാതിഥികളാകും.  
മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരവും മികച്ച സെമിനാര്‍ നടത്തിയ വകുപ്പിനുള്ള പുരസ്‌കാരവും മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള  പത്ര -ദൃശ്യ -ഓണ്‍ലൈന്‍ പുരസ്‌കാരങ്ങളും സമാപനസമ്മേളന ചടങ്ങില്‍ വിതരണംചെയ്യും.
കോവിഡ് മഹാമാരിയും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ സംരംഭകര്‍ക്ക് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് മേള നല്‍കിയത്. അതോടൊപ്പം കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താന്‍ ഈ മേള സഹായിച്ചുവെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു പങ്കെടുത്തു.
മെഗാ മേളയില്‍ ഇന്ന്
പ്രദര്‍ശന വിപണന മേളയില്‍ തിങ്കളാഴ്ച രാവിലെ 10ന് സാമൂഹ്യനീതി വകുപ്പിന്റെ 'മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം'  വിഷയത്തിൽ സെമിനാര്‍ നടക്കും. പകൽ 12.30ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ 'സംരംഭവര്‍ഷം 2022-–-23 അവസരങ്ങളും സാധ്യതകളും'   വിഷയത്തിലാണ് സെമിനാര്‍. അനില്‍ ബാലചന്ദ്രന്‍ (ദ കിങ്മേക്കര്‍) വിഷയം അവതരിപ്പിക്കും. പകൽ മൂന്നിന് എടപ്പാള്‍ ബാപ്പുവും സംഘവും "മാപ്പിളപ്പാട്ടും മാപ്പിളകലകളും' അവതരിപ്പിക്കും. വൈകിട്ട്  6.30നാണ് പ്രദര്‍ശന - വിപണനമേളയുടെ സമാപന സമ്മേളനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top