26 April Friday

വടിയെടുത്ത്‌ വിജിലൻസ്‌

സ്വന്തം ലേഖകൻUpdated: Thursday Mar 16, 2023

 ഇസ്‌മായിൽ മൂത്തേടത്തിനെതിരെ 
അന്വേഷണം തുടങ്ങി

എടക്കര
ജില്ലാ ബാങ്ക്‌ ഉൾപ്പെടെ വിവിധ സഹകരണ ബാങ്കുകളിൽനിന്ന്‌ മുസ്ലിംലീഗ്‌ നേതാവും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ ഇസ്‌മായിൽ മൂത്തേടം എടുത്ത വായ്‌പകളിൽ ക്രമക്കേടുണ്ട്‌ എന്ന പരാതിയിൽ വിജിലൻസ്‌ അന്വേഷണം തുടങ്ങി. ഇസ്മായിൽ മൂത്തേടം ജില്ലാ ബാങ്ക് ഡയറക്ടറായിരിക്കെ ഭൂമിയുടെ മൂല്യം മറച്ചുവച്ച് വേണ്ടത്ര ഈടില്ലാതെ വായ്‌പകൾ എടുത്തതും ഇത്‌ തിരിച്ചടയ്ക്കാത്തതുമാണ്‌ അന്വേഷിക്കുന്നത്‌. വിജിലൻസ്‌ മലപ്പുറം യൂണിറ്റിലെ ഇൻസ്‌പെക്ടർ ഐ ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ബുധനാഴ്‌ച കേരള ബാങ്ക്‌ എടക്കര ശാഖയിൽ എത്തി രേഖകൾ പരിശോധിച്ചു. ഈടായി നൽകിയ ഭൂമിയും സന്ദർശിച്ചു. 
ബാങ്കിലുള്ള ഭൂമിയുടെ രേഖകളും വായ്‌പാവിവരങ്ങളും വിജിലൻസ് സംഘം ശേഖരിച്ചു. എടക്കര ശാഖയിൽ പകർപ്പുകൾമാത്രമാണുള്ളത്. യഥാർഥ രേഖ മലപ്പുറം ഓഫീസിലാണുള്ളത്. എടക്കര ശാഖയിൽ നാലു വായ്പകളിലായി 1,83,50,000 രൂപയാണ് വായ്‌പ. നാലു വായ്പകളിലായി 41 ലക്ഷം മറ്റുള്ളവരുടെ പേരിലും എടുത്തിട്ടുണ്ട്‌.  090176042820065 നമ്പർ പ്രകാരം 50 ലക്ഷം 2017 മാർച്ച് 31 ന് എടുത്തിരുന്നു. ഇത്‌ 2018 മാർച്ച് 31ന് കാലാവധിയായി. 
090176042820052 നമ്പർ പ്രകാരം 2016 സെപ്തംബർ 27ന് എടുത്ത 50 ലക്ഷം വായ്പ തിരിച്ചടച്ചില്ല. 2016 മാർച്ച് 31ന് 26 ലക്ഷം, 2017 മാർച്ച് 31ന്  57.50 ലക്ഷവും വായ്പയെടുത്തു. നാലു വായ്‌പകളും തിരിച്ചടയ്ക്കാത്തതിനാൽ സർഫാസി നിയമ നടപടിയിലാണ്‌.  കേരള ബാങ്ക് എടക്കര ശാഖയിൽ നടന്ന വിജിലൻസ് പരിശോധനയിൽ  എൽഎ ഡെപ്യൂട്ടി കലക്ടർ സുധാകുമാരി, കേരള ബാങ്ക് ഓഡിറ്റർ ഷെഫീർ എന്നിവരും പങ്കെടുത്തു.
 
സർക്കാരിന്റെ ശമ്പളം; സ്വകാര്യ ആശുപത്രിയിൽ സേവനം
തിരൂർ
ജോലി മെഡിക്കൽ കോളേജിലെങ്കിലും സേവനം സ്വകാര്യ ആശുപത്രിയിലാക്കിയ ഡോക്ടറെ വിജിലൻസ്‌ സംഘം പിടികൂടി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ  അസ്ഥിരോഗ വിഭാഗം അസി. പ്രൊഫസർ എ അബ്ദുൾ ഗഫൂറിനെയാണ് മലപ്പുറം വിജിലൻസ് ഡിവൈഎസ്‌പി ഫിറോസ് എം ഷെരീഫിന്റെ നേതൃത്വത്തിൽ കുടുക്കിയത്‌.  
മെഡിക്കൽ കോളേജിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ്‌ നടത്തുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നായിരുന്നു വിജിലൻസ്‌ അന്വേഷണം. തിരൂർ പൂങ്ങോട്ടുകുളത്തെ മിഷൻ ഹോസ്പിറ്റലിലാണ്‌ സ്വകാര്യ പ്രാക്ടീസ്‌. 
ബുധനാഴ്ച രാവിലെ ആശുപത്രിയിലെത്തിയ വിജിലൻസ് സിപിഒമാരായ പി പി പ്രജിത്തും കെ സുബിനും 250 രൂപ ഫീസ് നൽകി ടോക്കൺ എടുത്തു. തുടർന്ന് രോഗിയെ കാണിക്കാനാണെന്ന വ്യാജേന  ഡോക്ടറുടെ ക്യാബിനിലെത്തി. പരിശോധനയുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം ഡിവൈഎസ്പിക്ക് വിവരം നൽകുകയായിരുന്നു. 
ഹോസ്പിറ്റൽ പരിസരത്ത് കാത്തുനിന്ന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ മറ്റൊരു സംഘം ഡോക്ടറെ മുറിയിൽ കയറി കൈയോടെ പിടിക്കുകയായിരുന്നു. ഡെപ്യൂട്ടി ഡിഎംഒ ഡോ. നൂനയും സംഘത്തിലുണ്ടായിരുന്നു. തുടർന്ന് വിജിലൻസ് സംഘം ഡോക്ടറെ ചോദ്യംചെയ്തു. രാവിലെയും വൈകിട്ടും ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്താറുണ്ടെന്ന് ഡോക്ടർ സമ്മതിച്ചു. 
അന്വേഷണ റിപ്പോർട്ട്‌ വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്ന്‌ ഡിവൈഎസ്‌പി പറഞ്ഞു. എസ്ഐ പി ശ്രീനിവാസൻ, സീനിയർ സിപിഒമാരായ പി വി സലീം എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top