26 April Friday
സംരംഭകരായ വനിതകളുടെ സംഗമം

ഒത്തുചേർന്നു; 
അനുഭവങ്ങൾ ഊർജമായി

സ്വന്തം ലേഖകൻUpdated: Thursday Mar 16, 2023
 
മലപ്പുറം
‘ഇഷ്‌ടങ്ങളെ ഒപ്പംകൂട്ടിയതാണ്‌ എന്റെ വിജയം. ഇത്തിരി സ്ഥലത്ത്‌ തുടങ്ങിയ കൃഷി 15 ഏക്കറിലേക്ക്‌ വ്യാപിച്ചു. സുഷാസ്‌ ഫുഡ്‌ പ്രൊഡക്‌ട് എന്ന പേരിൽ സംരംഭവും തുടങ്ങി.’ തിരൂർ വെട്ടത്താണി സ്വദേശി സുഷമ ജയപ്രകാശ്‌ പിന്നിട്ട വഴികളിലൂടെ ഒരിക്കൽകൂടി നടന്നു. വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സംരംഭകരായ വനിതകളുടെ സംഗമത്തിനെത്തിയതായിരുന്നു സുഷമ. 
‘തേങ്ങ വറുത്തരച്ച മസാലയുമായാണ്‌ തുടക്കം. 22 പ്രൊഡക്ടുകൾ ഇന്നുണ്ട്‌. ഭർത്താവിന്‌ ആരോഗ്യ പ്രശ്‌നം വന്നതോടെ ഗ്യാസ്‌ ഏജൻസി നോക്കിനടത്തുന്നതും ഞാനാണ്‌. ഇതിനിടയിൽ 50–-ാം വയസിൽ ഡിഗ്രിയും പാസായി’–- സുഷമ പറഞ്ഞു.
നിശ്ചയദാർഢ്യംകൊണ്ട്‌ വിജയംകൊയ്‌ത കഥയായിരുന്നു കൊടിഞ്ഞി നന്നമ്പ്ര സ്വദേശി പി പി ഷെരീഫയ്‌ക്ക്‌ പറയാനുണ്ടായിരുന്നത്‌. ‘ഫാഷൻ ഡിസൈനറായാണ്‌ തുടക്കം. ഇതിനിടെ പാലിയേറ്റീവ്‌ പ്രവർത്തനത്തിലും സജീവമായി. മെഡിക്കൽ കോളേജിലെ കാഴ്‌ചകൾ വിഷരഹിത പച്ചക്കറിയെക്കുറിച്ചും നല്ല ആഹാരശീലത്തെക്കുറിച്ചുമെല്ലാം ചിന്തിപ്പിച്ചു. കാർഷിക രംഗത്തേക്ക്‌ തിരിഞ്ഞു. 
ജൈവപച്ചക്കറിയും പശുവളർത്തലും തുടങ്ങിയത്‌ അങ്ങനെയാണ്‌. ഒരു പശുവിൽനിന്ന്‌ 60 എണ്ണമുള്ള ഫാമായി വളർന്നു. ഇടയിലൊരുതവണ കാലിടറി. കടബാധ്യതകളേറി. എങ്കിലും തളർന്നില്ല. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വർഷത്തിൽ ഉൽപ്പന്നം പുറത്തിറക്കി. ബയോ ഫ്രഷ്‌ ഗ്രീൻ ഫാം എന്ന പേരിലാണ്‌ ഉൽപ്പന്ന വിപണനം’–- ഷെരീഫ പറഞ്ഞു. 
തുണിസഞ്ചി നിർമാണ മേഖലയിലെ വളർച്ചയെക്കുറിച്ച്‌ വളാഞ്ചേരി വെട്ടിച്ചിറ സ്വദേശി സി എൻ ശോഭനയും ചെറിയമുണ്ടം സ്വദേശി കെ റഹ്‌മത്ത്‌, ഡ്രൈവിങ്‌ പരിശീലനത്തിലെ വിജയഗാഥകൾ തിരൂർ സ്വദേശി ലൈല ജമാൽ, റംല ബഷീർ എന്നിവരും സംസാരിച്ചു. വണ്ടൂരിലെ ആദ്യ വനിതാ ടൈലർ ശോഭന ഭായിയും ഓർമകൾ പങ്കുവച്ചു. 
മലപ്പുറം ദിലീപ്‌ മുഖർജി ഭവനിൽ നടന്ന സംഗമം അസി. കലക്ടർ കെ മീര  ഉദ്‌ഘാടനംചെയ്‌തു. സമിതി  സംസ്ഥാന ജോ. സെക്രട്ടറി സീനത്ത്‌ ഇസ്‌മായിൽ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയ്‌, സമിതി ജില്ലാ പ്രസിഡന്റ്‌ കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹംസ പുല്ലാട്ടിൽ സ്വാഗതവും ബ്യൂട്ടിപാർലർ ഓണേഴ്‌സ്‌ സമിതി ജില്ലാ സെക്രട്ടറി ദിൽഷ പ്രകാശ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top