26 April Friday

ഹൃദയംനിറഞ്ഞു, 
കാൽപ്പന്തുകാലത്തോളം

സ്വന്തം ലേഖകൻUpdated: Thursday Mar 16, 2023

പയ്യന്നൂർ സ്വദേശി അഫി അഹമ്മദ് സുബെെര്‍ വാഴക്കാടിനായി നിര്‍മിക്കുന്ന വീടിന്റെ രൂപരേഖ

 
കൊണ്ടോട്ടി
ആദ്യപകുതിയിൽ അർജന്റീനയുടെ ആധിപത്യമായിരുന്നു. ഫ്രാൻസ്‌ ചിത്രത്തിലേയില്ല. 80–-ാം മിനിറ്റിൽ കളിമാറി. ഒരുമിനിറ്റിനുള്ളിൽ രണ്ടുഗോൾ. ഒപ്പത്തിനൊപ്പം. അധിക സമയത്തും സമനില. പെനൽറ്റിക്കൊടുവിൽ അർജന്റീന കപ്പുയര്‍ത്തിയപ്പോൾ ലോകത്തിനൊപ്പം സുബൈർ വാഴക്കാടിനും ഹൃദയംനിറഞ്ഞു. അത്രമേൽ ആഗ്രഹിച്ച കാഴ്‌ചയാണത്‌. ഡിസംബർ പതിനെട്ടിലെ ആ ഓർമപോലെ 
സുബൈർ മനസിൽ കുറിച്ചിട്ട ദിവസമാണ്‌ മാർച്ച്‌ 19ഉം. നീലക്കുപ്പായക്കാരെ ഹൃദയത്തിലേറ്റിയ കളിപറച്ചിലുകാരന്‌ സ്വപ്ന സാഫല്യത്തിന്റെ കിക്കോഫാണന്ന്‌. ചോർന്നൊലിക്കുന്ന വീട്ടിൽനിന്ന്‌ അർജന്റീനയുടെ കളിയടയാളംവച്ച പുതിയ വീട്ടിലേക്ക്‌ മാറുകയാണ്‌.  
പയ്യന്നൂർ സ്വദേശിയും സ്മാർട്ട് ട്രാവൽസ് ഉടമയുമായ അഫി അഹമ്മദാണ് വാഴക്കാട്ടുനിന്ന്‌ നാടൻശൈലിയിൽ ലോകകപ്പ് പ്രവചനം നടത്തി ശ്രദ്ദേയനായ സുബൈർ വാഴക്കാടിന്‌ പുതിയ വീട് നിർമിച്ച് നൽകുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ സുബൈറിന്റെ കളിപറച്ചിലാണ് അഫിയെ സുബൈറുമായി അടുപ്പിക്കുന്നത്. കാൽപ്പന്തുകാലം ഉത്സവക്കാലമാക്കിയ, വിലയിരുത്തലുകളും പ്രവചനങ്ങളുമായി നാട്ടിടങ്ങളിൽ കളിയാവേശംനിറച്ച ആരാധകനുള്ള സ്‌നേഹസമ്മാനം. 
ഖത്തർ ലോകകപ്പ് കാണാനുള്ള എല്ലാ ചെലവും വഹിക്കാമെന്ന അഫിയുടെ വാഗ്ദാനം സുബൈർ സ്നേഹപൂർവം നിരസിച്ചിരുന്നു. വീട്ടിലുള്ള പ്രായമായ പിതൃസഹോദരിമാരുടെ സംരക്ഷണ ചുമതലയായിരുന്നു കാരണം. തുടർന്നാണ്‌ സുബൈറിന്റെ കാലപ്പഴക്കമുള്ള ചോർന്നൊലിക്കുന്ന വീട് കണ്ട് പുതിയ വീട് നിർമിച്ച് നൽകാൻ അഫി തീരുമാനിച്ചത്‌. ഒന്നാംഘട്ട വീട് നിർമാണത്തിനുള്ള തുക ജനുവരിയിൽ കൈമാറിയിരുന്നു. നിർമാണ കരാർ ഏറ്റെടുത്തവരുമായി അഫി നിരന്തരമായി ബന്ധപ്പെട്ടതോടെ നിർമാണ പ്രവൃത്തിയും ത്വരിതഗതിയിലായി. 
19ന് ​ഗൃഹപ്രവേശം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സുബൈറും പ്രദേശവാസികളും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top