സമീപത്തെ തെങ്ങിലേക്കും തീപർടന്നു
പെരിന്തൽമണ്ണ
അങ്ങാടിപ്പുറം പരിയാപുരത്ത് ടാങ്കർ ലോറി അപകടത്തെ തുടർന്ന് മലിനമായ തിരുഹൃദയ മഠത്തിലെ കിണറിലെ ഡീസൽ കത്തിച്ചുകളഞ്ഞു. ബുധനാഴ്‌ച എഡിഎം എൻ എം മെഹറലിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സാന്നിധ്യം കണ്ടെത്തിയ ആറ് കിണറുകളിലെയും ഡീസൽ വ്യാഴാഴ്ച കത്തിച്ചുകളയാനായിരുന്നു തീരുമാനം. എന്നാൽ, മഠത്തിലെ കിണറിൽമാത്രമാണ് കത്തിച്ചുകളയാൻ തക്കവിധത്തിലുള്ള ഡീസൽ സാന്നിധ്യമുണ്ടായിരുന്നത്. പെരിന്തൽമണ്ണ തഹസിൽദാർ ഇൻ ചാർജ് പി രാജഗോപാലൻ, അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറി അജയ്‌കുമാർ, അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് ഡീസൽ കത്തിച്ചത്. തീ ആളിക്കത്തി സമീപത്തെ തെങ്ങിലേക്ക് പടർന്നു. ഇത് അഗ്നിരക്ഷാസേന വെള്ളം ചീറ്റി അണച്ചു. മഴ ശമിക്കുന്ന മുറയ്‌ക്ക് ഡീസൽ കലർന്ന ജലം നീക്കംചെയ്യുന്ന പ്രവൃത്തി തുടരുമെന്ന് അധികൃതർ പറഞ്ഞു.
ആഗസ്‌ത് 20ന് പുലർച്ചെയാണ് കൊച്ചിയിൽനിന്ന് നയാരയുടെ 20,000 ലിറ്റർ ഡീസലുമായി എത്തിയ ടാങ്കർ ലോറി മറിഞ്ഞത്. പുളിങ്കാവ്–-ചീരട്ടാമല–-പരിയാപുരം റോഡുവഴി ദേശീയപാതയിൽ എത്തിച്ചേരുന്ന ഭാഗത്ത് കുത്തനെയുള്ള ഇറക്കത്തിലായിരുന്നു അപകടം. 20,000 ലിറ്റർ ടാങ്കിൽനിന്ന് 19,400 ലിറ്ററും മണ്ണിലേക്കൊഴുകിയിരുന്നു.
ദിവസങ്ങൾക്കുശേഷം തിരുഹൃദയ മഠത്തിലെ കിണറിൽ തീ പിടിച്ചതോടെയാണ് അപകടത്തിന്റെ വ്യാപ്‌തി കൂടുതൽ വ്യക്തമായത്. സമീപത്തെ ആറ് കിണറുകളിൽ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ ജൽ ജീവൻ മിഷൻ മുഖേന ഇവിടെ കുടിവെള്ളം എത്തിച്ചുനൽകുകയായിരുന്നു. നാലിന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.നാലുദിവസം കഴിഞ്ഞാൽ കോൺവെന്റിലെ കിണറ്റിൽ ഒഴുകിയെത്തുന്ന ഡീസൽ വീണ്ടും കത്തിക്കുമെന്ന് പെരിന്തൽമണ്ണ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി ബാബുരാജ് പറഞ്ഞു. കത്താത്ത മറ്റ് കിണറുകളിലെ ഡീസൽപ്പാട ഫ്ലോട്ടിങ് പമ്പ് ഉപയോഗിച്ച് നീക്കംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..