29 March Friday
നീങ്ങി തടസ്സങ്ങൾ

സ്വപ്‌നങ്ങൾക്ക്‌ പുതുജീവൻ

സ്വന്തം ലേഖകൻUpdated: Wednesday Sep 15, 2021

 
മലപ്പുറം
സംരംഭകരെ ശ്രദ്ധാപൂർവം കേട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചും വ്യവസായ മന്ത്രി പി രാജീവിന്റെ ‘മീറ്റ്‌ ദി മിനിസ്റ്റർ’ അദാലത്ത്‌. ചുവപ്പുനാടക്കുരുക്കിൽ വലഞ്ഞ ഫയലുകളിൽനിന്ന്‌ സ്വപ്‌നങ്ങൾ പുതുജീവനിലേക്ക്‌. വർഷങ്ങളുടെ ആകുലതയും ആശങ്കയുമായി എത്തിയവർ മടങ്ങിയത്‌ പ്രശ്‌നങ്ങൾ മാറിയ നിറചിരിയോടെ.
നടുവട്ടം പടകാളി പറമ്പിൽ ടി എം ധനുഷയുടെ പരാതിയാണ്‌ ആദ്യം പരിഗണിച്ചത്‌. അദാലത്തിനുമുമ്പേ പരാതിക്ക്‌ പരിഹാരമായ സന്തോഷവുമായാണ്‌ ധനുഷ എത്തിയത്‌. സാങ്കേതിക തകരാറുമൂലം മുടങ്ങിയ ഫ്‌ളോർ ആൻഡ്‌ ഓയിൽ മില്ലിനുള്ള മാർജിൻ മണി ധനസഹായം കഴിഞ്ഞയാഴ്‌ച അക്കൗണ്ടിൽ വന്ന സന്തോഷം അവർ വ്യവസായ മന്ത്രിയെ അറിയിച്ചു.
ഓരോ പരാതിയിലെയും നടപടി ബന്ധപ്പെട്ട ഉദ്യോസ്ഥരോട്‌ മന്ത്രി ചോദിച്ചറിഞ്ഞു. കാലതാമസമുണ്ടാകാൻ ഇടയാക്കുന്ന വകുപ്പുകളെക്കുറിച്ചും നടപടികൾ നിയമപരമാണോയെന്നും അന്വേഷിച്ചു. കൈക്കൂലി വാങ്ങുന്നതുമാത്രമല്ല നടപടി വൈകിപ്പിക്കുന്നതും അഴിമതിയാണെന്ന്‌ അദ്ദേഹം ഓർമിപ്പിച്ചു.
പതിറ്റാണ്ടുകൾ നിർജീവാവസ്ഥയിലായ നിലമ്പൂർ കരകൗശല കുടിൽ വ്യവസായസംഘം പുനരാരംഭിക്കാൻ പുതിയ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചു. ബൈലോ നഷ്‌ടമായതിനാൽ നിലനിന്ന അനിശ്ചിതത്വത്തിനാണ്‌ പരിഹാരമായത്‌. ഗസറ്റ്‌ വിജ്ഞാപനംവഴി ഡാറ്റാബാങ്കിൽനിന്ന്‌ ഒഴിവാക്കിയ ഭൂമിയിൽ വ്യവസായം നടത്താനുള്ള അനുമതിയും ഒറ്റത്തവണ നികുതി തീർപ്പാക്കലിന്റെ അപാകവും അദാലത്തിൽ പരിഹരിച്ചു.
മൈനിങ് ആൻഡ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത് എന്നിവയുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും. അദാലത്തിലേക്ക്‌ ലഭിച്ചത്‌ 94 പരാതികൾ. ഇതിൽ 10 എണ്ണം വിവിധ സംഘടനകളുടെ നിവേദനമായിരുന്നു. 76 പേർ അദാലത്തിന്‌ എത്തി. 35 എണ്ണം അവിടെത്തന്നെ തീർപ്പാക്കി. 19 എണ്ണം മറ്റ്‌ വകുപ്പുകൾക്ക്‌ കൈമാറി. 22 പരാതികൾ നയപരമായ തീരുമാനങ്ങൾക്കായി മാറ്റി. പരാതിയിലെ നടപടികളറിയാൻ ഓൺലൈനിൽ ഡാഷ്‌ബോർഡ്‌ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. തുടർ നടപടികൾക്കായി കെഎസ്ഐഡിസി മാനേജിങ്‌ ഡയറക്ടർ എം ജി രാജമാണിക്യത്തെയും ചുമതലപ്പെടുത്തി.
കായിക മന്ത്രി വി അബ്ദുറഹ്‌മാൻ, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിങ്‌ ഡയറക്ടർ എം ജി രാജമാണിക്യം, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കലക്ടർ വി ആർ പ്രേംകുമാർ, ജില്ലാ വികസന കമീഷണർ എസ് പ്രേംകൃഷ്ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top