24 April Wednesday

സ്വന്തം മണ്ണിലെ
"സ്വാതന്ത്ര്യം'

ജിജോ ജോർജ്‌Updated: Wednesday Sep 15, 2021

പട്ടയം ഏറ്റുവാങ്ങിയ സഹോദരന്മാരായ കുറുവ വറ്റല്ലൂർ കുണ്ടനിയില്‍ കുഞ്ഞലവി, ഹുസൈന്‍, അബ്ദുള്‍ കരീം എന്നിവർ

മലപ്പുറം
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്‌  ബ്രിട്ടീഷ്‌ പട്ടാളം കണ്ണൂർ  ജയിലിൽ അടച്ചിട്ടുണ്ട്‌  കുറുവ പഞ്ചായത്തിലെ വറ്റല്ലൂർ  മേക്കുളമ്പിലെ കുണ്ടനിയിൽ മൊയ്‌തീനെ. എന്നാൽ രാജ്യം സ്വതന്ത്രമായിട്ടും സ്വന്തം മണ്ണിൽ "സ്വാതന്ത്ര്യ'മുണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്ക്‌.  തലമുറകൾ പാർത്ത മണ്ണിന്‌ പട്ടയമില്ലായിരുന്നു ഇന്നലെവരെ. 
എന്നാൽ ഇന്ന്‌ പറഞ്ഞറിയിക്കാനാവത്ത സന്തോഷത്തിലാണ്‌ ആ പോരാളിയുടെ പേരക്കുട്ടികൾ. കലക്ടറേറ്റിലെ പട്ടയമേളയിൽ എത്തിയ അവരുടെ മുഖങ്ങളിലുണ്ടായിരുന്നു ‌ആ സന്തോഷം.  മൊയ്‌തീന്റെ മകൻ മുഹമ്മദിന്റെ നാല്‌ മക്കളാണ്‌ പതിറ്റാണ്ടുകൾക്കുശേഷം സ്വന്തം കിടപ്പാടത്തിന്‌ അവകാശികളായത്‌. കുണ്ടനിയിൽ കുഞ്ഞലവി,  ഹുസൈൻ, അബ്ദുൾ കരീം എന്നിവർ സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി മലപ്പുറം കലക്ടറേറ്റിലെത്തി പട്ടയം ഏറ്റുവാങ്ങി. ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ഇളയ സഹോദരൻ അബ്ദുൾ അസീസിന്റെ പട്ടയവും കുഞ്ഞലവി സ്വീകരിച്ചു. 
‘സ്വാതന്ത്ര്യമുണ്ടെങ്കിലും സ്വന്തം കിടപ്പാടത്തിന്‌ അവകാശമുണ്ടാകുക ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്‌. കുറേ കാലമായി പുറകേ നടക്കുന്നു. ഓഫീസുകൾ കയറിയിറങ്ങി മടുത്തപ്പോൾ പട്ടയം വേണ്ടെന്നുവച്ച് മടങ്ങിയ സമയംവരെയുണ്ട്‌. സംസ്ഥാന സർക്കാർ നിയമങ്ങളിൽ ഇളവുവരുത്തിയതുകൊണ്ടുമാത്രമാണ്‌ പട്ടയം ലഭിച്ചത് ’. സംസ്ഥാന സർക്കാരിനോടും മുഖ്യമന്ത്രി പിണറായി വിജയനോടുമുള്ള നന്ദി കുണ്ടനിയിൽ സഹോദരന്മാരുടെ വാക്കുകളിൽ നിറഞ്ഞു. മൊയ്‌തീന്റെ മകൻ മുഹമ്മദിന്റെ മരണശേഷം സ്ഥലം ഭാഗംവയ്ക്കാൻ നേരത്താണ്‌ അതുവരെ താമസിച്ച മണ്ണിലവകാശമില്ലെന്ന്‌ ഇവരറിഞ്ഞത്‌. പെരിന്തല്‍മണ്ണ കാറല്‍മണ്ണ ദേവസ്വം വക ഭൂമി എന്നായിരുന്നു രേഖകളിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top