23 April Tuesday

താനൂരിൽ സംസ്‌കരിച്ചത്‌ പൊന്നാനിയിൽനിന്ന്‌ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

 താനൂരിൽ സംസ്‌കരിച്ചത്‌ പൊന്നാനിയിൽനിന്ന്‌ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം 

സ്വന്തം ലേഖകർ 
താനൂർ/പൊന്നാനി
താനൂരിൽ സംസ്‌കരിച്ച  മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പൊന്നാനി സ്വദേശി മതാറിന്റെ കബീറിന്റേത്‌ തന്നെ. കാസർകോട് മഞ്ചേശ്വരത്തു‌നിന്ന്‌ കിട്ടിയ മൃതദേഹം മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട്‌ കാണാതായ താനൂർ സ്വദേശി കുഞ്ഞാലകത്ത് ഉബൈദിന്റേതാണെന്ന്‌ മകളും സഹോദരനും തിരിച്ചറിഞ്ഞു. കാസർകോട്‌ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചതായിരുന്നു മൃതദേഹം. കടലിലേക്ക്‌ പോവുമ്പോൾ നീല ഷർട്ടും അതിന് മുകളിൽ ബനിയനുമാണ് ഉബൈദ്‌ ധരിച്ചിരുന്നത്.  മകളാണ് അത് ധരിക്കാനായി ഉപ്പയ്ക്ക് നൽകിയത്‌. ഉബൈദിന്റെ കൈയിലെ വെള്ളി മോതിരവും മകൾ തിരിച്ചറിഞ്ഞു. മൃതദേഹം വ്യക്തമായി തിരിച്ചറിഞ്ഞതോടെ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. കഴിഞ്ഞ 11ന്‌ ‌ വൈകിട്ടാണ് മഞ്ചേശ്വരം കടലിൽനിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. 
മാതാറിന്റെ വീട്ടിൽ കബീറിന്റെ മൃതദേഹമാണ് താനൂരിൽ കബറടക്കിയത്‌ എന്നാരോപിച്ച് കബീറിന്റെ കുടുംബം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. താനൂർ തീരത്തുനിന്നും ലഭിച്ച മൃതദേഹത്തിലുണ്ടായിരുന്ന ഷർട്ട് കബീർ ധരിച്ചിരുന്നതാണെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്.
 സെപ്തംബർ ആറിനാണ് താനൂരിൽനിന്ന്‌ അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പോയത്. മൂന്നുപേർ രക്ഷപ്പെട്ടു. ഒട്ടുംപുറം സ്വദേശിയായ കെട്ടുങ്ങൽ കുഞ്ഞിമോനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പരാതി നിൽക്കുന്നതിനാൽ വ്യക്തത വരുത്തി മാത്രമേ താനൂരിൽ സംസ്‌കരിച്ചത് കബീറിന്റെ മൃതദേഹമാണന്ന് സ്ഥിരീകരിക്കാനാവൂവെന്ന് കോസ്റ്റൽ പൊലീസ് സിഐ മനോഹരൻ പറഞ്ഞു. മൃതദേഹം വിട്ടുകൊടുത്തതിൽ വീഴ്ച സംഭവിച്ചിട്ടില്ല. എട്ടിന്‌  വൈകിട്ട് കണ്ടെത്തിയ മൃതദേഹം ഉബൈദിന്റേതാണെന്ന് തിരിച്ചറിഞ്ഞത് അവരുടെ കുടുംബമാണെന്നും പ്രദേശത്തെ ഒൻപത് പേരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി 9ന് മൃതദേഹം കൈമാറിയതെന്ന് സിഐ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top