17 September Wednesday

രണ്ടാം സ്വാതന്ത്ര്യസമര പ്രതിജ്ഞയെടുക്കേണ്ട സന്ദർഭം: സ്‌പീക്കർ

സ്വന്തം ലേഖികUpdated: Monday Aug 15, 2022
 
തിരൂർ  
ഇന്ത്യയെ മതനിരപേക്ഷ–--ജനാധിപത്യ രാജ്യമായിത്തന്നെ സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ പ്രതിജ്ഞയെടുക്കേണ്ട സന്ദർഭമാണിതെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌. 
രാജ്യത്തെ മതാധിഷ്‌ഠിതമാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങളാണ്‌ നടക്കുന്നത്‌. ‘മനുസ്‌മൃതി’യിലെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഈ മാറ്റങ്ങൾ വനിതകളുടെ അവകാശങ്ങളെ സാരമായി ബാധിക്കും. അരങ്ങിൽനിന്ന്‌ വീണ്ടും അകത്തളങ്ങളിലേക്കും വീട്ടുടമകളിൽനിന്ന്‌  വീട്ടടിമകളിലേക്കും എത്തുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
‘പൊരുതാം നമുക്ക് വിവേചനങ്ങളില്ലാത്ത ഇന്ത്യക്കായി’ മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരൂർ വാഗൺ ട്രാജഡി സ്‌മാരക ടൗൺഹാളിൽ  സംഘടിപ്പിച്ച മഹിളാസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സ്‌പീക്കർ. 
കേരളത്തിൽ സ്‌ത്രീകൾക്ക്‌ തുല്യനീതി ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്‌. എന്നാൽ, വേൾഡ് ഇക്കണോമിക് ഫോറം 156 രാജ്യത്തെ പങ്കെടുപ്പിച്ച്  തയ്യാറാക്കിയ ഗ്ലോബൽ ജെൻഡർ ഗാപ് റിപ്പോർട്ടിൽ പിന്നിൽത്തന്നെയാണ്‌ ഇന്ത്യയുടെ സ്ഥാനം. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യസമരങ്ങളിലെ സ്‌ത്രീപങ്കാളിത്തം വിസ്‌മരിക്കാനാവില്ല. പുരുഷന്മാർക്കൊപ്പം പോരാടിയ വനിതകൾക്ക്‌ ജനാധിപത്യ ഇന്ത്യയിൽ മതിയായ പ്രാതിനിധ്യവും പങ്കാളിത്തവും ലഭിച്ചോ എന്ന്‌ പരിശോധിക്കണം. ഝാൻസി റാണിമുതൽ ക്യാപ്റ്റൻ ലക്ഷ്മിവരെയുള്ള പോരാളികളെ ഓർക്കാതെ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം പൂർണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ  സംസ്ഥാന പ്രസിഡന്റ്‌ സൂസൻകോടി അധ്യക്ഷയായി. മന്ത്രിമാരായ ആർ ബിന്ദു, വി അബ്ദുറഹ്‌മാൻ, മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുമാരായ പി കെ ശ്രീമതി, പി കെ സൈനബ, സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി, ജില്ലാ സെക്രട്ടറി വി ടി സോഫിയ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ എന്നിവർ സംസാരിച്ചു.  മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത സ്വാഗതവും ജില്ലാ പ്രസിഡന്റ്‌ ഇ സിന്ധു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top