25 April Thursday

സ്രവശേഖരണ കേന്ദ്രത്തിൽ അവിശ്രമം ഡോക്‌ടർമാർ പിപിഇ കവചമണിഞ്ഞ പോരാളികൾ

ടി വി സുരേഷ്‌Updated: Wednesday Jul 15, 2020

 

 
മഞ്ചേരി
സാനിറ്റൈസർ ഗന്ധംനിറഞ്ഞ സ്രവശേഖരണ മുറിയിൽ നിതാന്ത ജാഗ്രതയോടെ നാലുമാസം. പിപിഇ കവചത്തിന്റെ സുരക്ഷിതത്വത്തിൽ സസൂക്ഷ്‌മം സ്വാമ്പ് സ്റ്റിക് ഉപയോഗിച്ച്‌ സ്രവമെടുക്കൽ. കോവിഡ്‌ പരിശോധന ആരംഭിച്ചതുമുതൽ ശ്രവശേഖരണ ജോലിയിലാണ്‌‌ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ഇഎൻടി വിഭാഗത്തിലെ 22 ഡോക്ടർമാർ.
രോഗം സ്ഥിരീകരിച്ചവരുടെ തൊണ്ടയിൽനിന്നും മൂക്കിൽനിന്നും പരിശോധനക്ക്‌ സ്വാമ്പ് സ്റ്റിക്  സ്രവം ശേഖരിക്കണം. സ്‌റ്റിക് ഇറക്കുമ്പോൾ തുമ്മിയാൽ സ്രവം തെറിക്കുമെന്നതിനാൽ വളരെ ശ്രദ്ധയോടെയാണ് പ്രവൃത്തി. രോഗികളുടെ പേരുവിവരം പരിശോധിച്ച് ഹെൽത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സാമ്പിൾ ട്രിപ്പിൾ ലെയർ പാക്കിങ് നടത്തും. നേഴ്‌സുമാരും സഹായത്തിനുണ്ടാകും. പിന്നീട് ലാബിലേക്ക് അയക്കും.
‘രോഗികളുമായി നേരിട്ട് ഇടപെടേണ്ട വിഭാഗമായതിനാൽ ‘ഹൈ റിസ്‌ക്കി’ലാണ് ജോലി. എങ്കിലും നാട് വൈറസ് മുക്തമാകുംവരെ വിശ്രമമില്ലാതെ ജോലിചെയ്യും. അത്‌ ഉറപ്പിച്ചുതന്നെയാണ് ദൗത്യത്തിൽ ചേർന്നത്‌’–-  ഡോ. ഇ മുഹമ്മദ് അഫ്‌സൽ പറയുന്നു. 
പിപിഇ കവചമണിഞ്ഞാൽ മണിക്കൂറുകൾ കഴിഞ്ഞാണ് ഭക്ഷണംപോലും കഴിക്കാനാവുക. സാമ്പിൾ കളക്ഷൻ മുറിയിൽനിന്ന് ടോഫിങ് മുറിയിലേക്ക്. അവിടെവച്ച് ഒന്നൊന്നായി പിപിഇ കവചം അഴിക്കും. സുരക്ഷിത കവറിൽ നിക്ഷേപിച്ച്‌ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകും. ശേഷം കുളിച്ചുവേണം വസ്ത്രംമാറ്റാൻ. സുരക്ഷാ കിറ്റ് മാറ്റി ഭക്ഷണത്തിന് ഇരിക്കുമ്പോഴേക്കും ഏറെ വൈകും.
രണ്ട് ഷിഫ്റ്റിലായി 24 മണിക്കൂറും ഇവരുടെ സേവനമുണ്ട്. ഇതിനകം 9000 പേരുടെ സാമ്പിൾ പരിശോധനക്കയച്ചു. സ്രവം ശേഖരിക്കാൻ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരെ പരിശീലിപ്പിക്കുന്നതും ഇവരാണ്. ജോലിഭാരമുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ കരുതൽ കരുത്താണെന്ന്‌ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. 
ടീം അംഗങ്ങൾ:
വകുപ്പ് മേധാവി ഡോ. പി മുരളീധരൻ നമ്പൂതിരി, ആർ സുമ, ഇ മുഹമ്മദ് അഫ്‌സൽ, കെ പി റഫീക്കലി, ഷെരീഫ്, പി ഹനീഫ, എൻ നിഷിത, സായ്‌സൂര്യ, കെ വി നവ്യ, കെ വി അജയൻ, ഫാത്തിമ കുലൂത്ത്, വി ടി സാബിർ, ഷെക്കീബർ,  അൻവർ സാദത്ത്, അനസ്, അബ്ദുൽ വഹീദ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top