29 March Friday

മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികളില്‍ *പ്രവാസികള്‍ക്ക് സബ്‌സിഡി: മന്ത്രി ജെ ചിഞ്ചുറാണി

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

മന്ത്രി ജെ ചിഞ്ചുറാണി കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണംചെയ്യുന്നു

മലപ്പുറം
മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന പ്രവാസികൾക്ക് പദ്ധതികളിൽ 50 ശതമാനം സബ്‌സിഡി നൽകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കർഷകർക്കുള്ള ധനസഹായവും പ്രളയദുരിതാശ്വാസ തുകയും വിതരണംചെയ്യുകയായിരുന്നു  മന്ത്രി.
കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും രാത്രികാലങ്ങളിൽ ഉൾപ്പെടെ വീട്ടുമുറ്റത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ  ജില്ലകളിൽ വെറ്ററിനറി ആംബുലൻസുകൾ അനുവദിക്കും. ഒന്നര മാസത്തിനകം 29 ആംബുലൻസുകൾ പ്രവർത്തനസജ്ജമാകും.  ടെൻഡർ നടപടികൾ തുടങ്ങി.
വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താൻ സിയുജി സംവിധാനം നടപ്പാക്കും. ഇ സമൃദ്ധ് പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പാക്കിയ പദ്ധതികളെ സംബന്ധിച്ച ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമവും മന്ത്രി നിർവഹിച്ചു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കർഷകരായ എം സി കോമുക്കുട്ടി, ഇ കുഞ്ഞിക്കോയ, കെ സാദത്ത്, ഒ പി സുലൈഖ, ഫബീർ, ഷീജ എന്നിവർക്കുള്ള ധനസഹായം കൈമാറി. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, ജില്ലാ പഞ്ചായത്ത് വികസനസമിതി ചെയർപേഴ്‌സൺ സെറീന ഹസീബ്, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രൻ, മലപ്പുറം നഗരസഭാ കൗൺസിലർ കെ പി എ ഷെരീഫ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി സുരേഷ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി യു അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ വി ഉമ സ്വാഗതവും ഡോ. ഹാറൂൺ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.


ക്ഷീരകർഷകർക്ക് 25,000 രൂപ
മലപ്പുറം
ആട് വളർത്തലിനായി 15 ലക്ഷം രൂപയുടെയും പോത്തുകുട്ടി വളർത്തലിനായി ആനക്കയം പഞ്ചായത്തിലെ 50 ഗുണഭോക്താക്കൾക്ക് 10,000 രൂപവീതവും കറവയന്ത്രം വാങ്ങുന്നതിനായി 10 ക്ഷീരകർഷകർക്ക് 25,000 രൂപവീതവുമാണ് മൃഗസംരക്ഷണ വകുപ്പ് ധനസഹായം നൽകുന്നത്. ആട് വളർത്തൽ യൂണിറ്റിന് 2,80,000 രൂപയാണ് ആകെ ചെലവ്. ഇതിൽ ഒരുലക്ഷംരൂപയാണ്‌ സർക്കാർ സബ്സിഡി. പ്രളയത്തിൽ കന്നുകാലികളെ നഷ്ടപ്പെടുകയും തൊഴുത്തും കൂടും തകരുകയും ചെയ്തതിൽ 1,41,150 രൂപയുടെ നാശനഷ്ടമാണ് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് കണക്കാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top