20 April Saturday

ഭാരവാഹി പട്ടിക: ജില്ലാ കോൺഗ്രസിൽ കലാപം

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
മലപ്പുറം
കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ കലാപം. അർഹതയും സീനിയോറിറ്റിയും മറികടന്നാണ് പലരും പട്ടികയിൽ ഇടംപിടിച്ചത്. വർഷങ്ങളായി സെക്രട്ടറിമാരായി തുടരുന്നവർക്ക് ജനറൽ സെക്രട്ടറി പദവി നൽകാത്തതിലും എതിർപ്പുണ്ട്. പദവികൾ എ, ഐ ഗ്രൂപ്പുകൾ വീതംവച്ചെങ്കിലും ഇരു ഗ്രൂപ്പിലും അസംതൃപ്തർ ഏറെ.
മുൻ ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് കുഞ്ഞി, കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റ്‌ വി എസ് ജോയ് എന്നിവരാണ് പുതുതായി ജനറൽ സെക്രട്ടറിമാരായത്. മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദിന്റെ എതിർപ്പ് മറികടന്നാണ് മുഹമ്മദ് കുഞ്ഞിയെ നിയമിച്ചത്. നേരത്തെ ഭാരവാഹി പട്ടികയിൽനിന്നും മുഹമ്മദ് കുഞ്ഞിയെ ആര്യാടൻ വെട്ടിയിരുന്നു. കുറ്റിപ്പുറത്ത് വിമത യോഗം വിളിച്ച മുഹമ്മദ്കുഞ്ഞി എ ഗ്രൂപ്പിലെ  ഭാരവാഹികളുമായി ഉമ്മൻചാണ്ടിയെ കണ്ടാണ് ഇത്തവണ ഭാരവാഹിത്വം ഉറപ്പിച്ചത്. ഇതിൽ ആര്യാടന് എതിർപ്പുണ്ടെങ്കിലും പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടാണ്. 
ജനറല്‍ സെക്രട്ടറിമാരായി പരിഗണിക്കാത്തതിൽ നിലവിലെ സെക്രട്ടറിമാരായ കെ പി അബ്ദുൾ മജീദും പി ടി അജയ് മോഹനും അസംതൃപ്തരാണ്. ഐ ഗ്രൂപ്പുകാരായ കെ പി നൗഷാദലി, വി ബാബുരാജ് എന്നിവരെ സെക്രട്ടറിമാരാക്കിയതിലും പ്രതിഷേധം ശക്തമാണ്. എം ഐ ഷാനവാസിന്റെ വിശ്വസ്തനായിരുന്ന നൗഷാദലി അഹമ്മദ് പട്ടേലിനെ ഉപയോഗിച്ചാണ് സെക്രട്ടറി സ്ഥാനം നേടിയത്. ഡിസിസി പ്രസിഡന്റ്‌ വി വി പ്രകാശിന്റെ കടുത്ത എതിരാളിയാണ് നൗഷാദ്. ഐ ഗ്രൂപ്പിൽനിന്നും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ്‌ വി ബാബുരാജ് സെക്രട്ടറിയായതും പ്രകാശിന് തിരിച്ചടിയാണ്.   "ഇരുത്തത്തിൽ വരെ പ്രകാശന് പ്രശ്നമാകും" എന്നാണ് കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.
 നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ വി വി പ്രകാശിന്റെ സ്ഥാനാർഥിത്വം തടയുകയാണ് ആര്യാടന്റെ ലക്ഷ്യം. അതിനായി നിലവിലെ തർക്കങ്ങളിൽനിന്നും മാറി ആര്യാടൻ ഷൗക്കത്തിനായി കരുക്കൾ നീക്കുന്നതിലാണ് ശ്രദ്ധ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top