25 April Thursday

പോരാട്ടസ്‌മരണയിൽ 
വള്ളുവനാടിന്റെ ഹൃദയനഗരി

എ രാധാകൃഷ്‌ണൻUpdated: Sunday Aug 14, 2022

പെരിന്തൽമണ്ണ സബ് ട്രഷറി

പെരിന്തൽമണ്ണ
പോരാട്ടങ്ങളുടെ ത്രസിപ്പിക്കുന്ന പോയകാലമുണ്ട്‌ വള്ളുവനാടിന്റെ ഹൃദയനഗരമായ പെരിന്തൽമണ്ണക്ക്‌. കണ്ണിൽ ചോരയില്ലാത്ത ജന്മികളോടും അവരെ സംരക്ഷിച്ച ബ്രിട്ടീഷ് സർക്കാരിനോടും കർഷകർ നടത്തിയ ധീരമായ ചെറുത്തുനിൽപ്പുകളേറെ. 
മലബാർ സമരത്തിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായിരുന്നു പെരിന്തൽമണ്ണ. എം പി നാരായണമേനോൻ, ഒ ഉണ്യാലി, വി കുഞ്ഞിമുഹമ്മദ് എന്നിവരായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തെ നിയന്ത്രിച്ചിരുന്നത്. ബ്രിട്ടീഷ്‌ ഭരണകൂടത്തോടുള്ള പ്രതിഷേധമായാണ് പ്രക്ഷോഭം ആരംഭിച്ചതെങ്കിലും  പാട്ടകൃഷിക്കാരെ ദ്രോഹിച്ചിരുന്ന ജന്മി –-ഭൂപ്രഭു വർഗത്തിനെതിരെയും സമരജ്വാല ആളി.
   1921 ആഗസ്ത് 20ന് മമ്പുറംപള്ളി പട്ടാളം ആക്രമിച്ചുതകർത്തുവെന്ന കിംവദന്തി പരന്നതോടെ അതുവരെ സമാധാനമായി നടന്ന സമരം അക്രമത്തിലേക്ക് നീങ്ങി. ആഗസ്‌ത്‌ 20, 21  തീയതികളിൽ വള്ളുവനാട്, ഏറനാട് താലൂക്കുകളിൽ പല സ്ഥലങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടെങ്കിലും പെരിന്തൽമണ്ണ ശാന്തമായിരുന്നു. എം പി നാരായണമേനോന്റെയും കട്ടിലശേരി മുഹമ്മദ് മുസ്ല്യാരുടെയും സ്വാധീനശക്തിയായിരുന്നു അതിനു കാരണം. തൊട്ടടുത്തദിവസം രാത്രി നിയന്ത്രണങ്ങൾ തകർത്ത് പ്രക്ഷോഭകാരികൾ പെരിന്തൽമണ്ണ നഗരത്തിലേക്ക് ഇരച്ചുകയറി. ബ്രിട്ടീഷ് സർക്കാരിന്റെ സാമ്പത്തിക സ്രോതസായ ഖജാന (ട്രഷറി), ജന്മികൾക്കുള്ള അധികാര പത്രങ്ങൾക്ക് അംഗീകാരം നൽകുന്ന കോടതിപ്പടിയിലെ രജിസ്റ്റർ ഓഫീസ്, അന്യായവിധികളിലൂടെ നിരന്തരം പീഡിപ്പിക്കുന്ന കോടതി - ഈ മൂന്നുമായിരുന്നു ലക്ഷ്യം. ഖജാന പൊളിച്ച്‌ നോട്ടുകെട്ടുകൾ റോഡിലൂടെ വിതറി. രജിസ്ട്രാർ ഓഫീസ് കുത്തിത്തുറന്ന് റെക്കോഡുകൾ കത്തിച്ചു. കോടതി തീവച്ചു. ഖജാന പൊളിച്ചുകിട്ടിയ പണം പ്രക്ഷോഭകർ എടുത്തില്ല. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഖിലാഫത്ത് ഗവൺമെന്റിനെ ഏൽപ്പിച്ചു. പ്രക്ഷോഭകാരികളുടെ ആദർശ ശുദ്ധി വെളിവാക്കുന്ന സംഭവമായിരുന്നു അത്.
കർഷകപോരാട്ടത്തിന്റെ നാളുകൾ അന്ന്‌ മലബാർ കലക്ടറായിരുന്ന വില്യം ലോഗന്‍ വിവരിച്ചത്‌ ഇങ്ങനെ–-‘‘അങ്ങാടിപ്പുറത്ത് തമ്പടിച്ചിരുന്ന കലാപകാരികളെ മുഴുവൻ ബ്രിട്ടീഷ് പട്ടാളം വെടിവച്ചും ബയണറ്റുകൊണ്ട് കുത്തിയും കൊന്നൊടുക്കി. വീരോചിത പോരാട്ടമാണ്‌ അവർ നടത്തിയത്‌. നാടൻ തോക്കുകളിൽ തോട്ടകൾ തീർന്നപ്പോൾ വാളും കുന്തങ്ങളുംകൊണ്ട് അവർ ബ്രിട്ടീഷ് പട്ടാളത്തോട് ചെറുത്തുനിന്നു. അവശരായി നിലംപതിച്ചപ്പോഴും പിടഞ്ഞെടുന്നേറ്റ് മുട്ടുകാലിൽനിന്ന് അവർ വാളും കുന്തവും പട്ടാളക്കാർക്കുനേരെ പ്രയോഗിച്ചു’’. അന്ന്‌ മരിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച്‌ പെരിന്തൽമണ്ണ താലൂക്ക് ഓഫീസിന്റെ തെക്കുഭാഗത്തെ കിണറ്റിൽ തള്ളുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top