02 July Wednesday

ബൈക്ക്‌ മോഷണസംഘം പിടിയിൽ

സ്വന്തം ലേഖകൻUpdated: Sunday Aug 14, 2022

മലപ്പുറം

അന്തർ ജില്ലാ  ഇരുചക്രവാഹന മോഷണസംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ. കാവനൂർ ചെരങ്ങകുണ്ട് കൊട്ടിയംപുറത്ത് വീട്ടിൽ മിൻഹാജ് (18), തൃക്കലങ്ങോട് കലങ്ങോടിപ്പറമ്പ് വീട്ടിൽ അഭയ്കൃഷ്ണ (18), തൃപ്പനച്ചി സ്വദേശി  കല്ലിവളപ്പിൽ വീട്ടിൽ അഫ്‌ലാഹ്‌ (18) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് മലപ്പുറം പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ ഒരാളെ പിടികൂടാനുണ്ട്. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘമാണ് പ്രതികളെ അറസ്‌റ്റ്‌ചെയ്‌തത്‌.  ബുള്ളറ്റ് ബൈക്കുകളും മറ്റ് ആഡംബര ബൈക്കുകളുമടക്കം ആറ് ഇരുചക്ര വാഹനങ്ങൾ പ്രതികളിൽനിന്ന്‌ പൊലീസ് പിടിച്ചെടുത്തു. 
  മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണമെന്ന്‌ പൊലീസ്‌ പറഞ്ഞു. മോഷ്ടിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിദ്യാർഥികൾക്കും പൊളിമാർക്കറ്റുകളിലും വിൽപ്പന നടത്തുകയാണ് പതിവ്. മലപ്പുറം, നിലമ്പൂർ, മുക്കം, ഫറോക്ക്‌ എന്നിവിടങ്ങളിൽനിന്നായി  16  ബൈക്കുകൾ സംഘം മോഷ്ടിച്ചിട്ടുണ്ട്‌. 
   കഴിഞ്ഞ നാലിന് രാത്രി മലപ്പുറം വാറങ്കോടുനിന്ന് മോഷണംപോയ ബുള്ളറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇവർ വലയിലായത്. അന്നുതന്നെ സംഘം മലപ്പുറം കുന്നുമ്മലിൽനിന്ന് രണ്ട് പൾസർ ബൈക്കും മോഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.  മോഷണം നടത്തിയ മറ്റ് ബൈക്കുകൾ കണ്ടെത്താനുണ്ടെന്നും കേസിൽ കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്‌തു. 
 എസ്ഐമാരായ  ആസ്റ്റിൻ ജി ഡെന്നിസൺ, എഎസ്ഐ സിയാദ് കോട്ട, പൊലീസ് ഉദ്യോഗസ്ഥരായ സതീഷ്, മുഹമ്മദ്‌ ഹാരിസ്, കെ സുബീഷ്, പി ദിനു എന്നിവരും പ്രത്യേക അന്വേഷക സംഘത്തിലെ എസ്ഐ എം ഗിരീഷ്, ആർ ഷഹേഷ്, ഐ കെ ദിനേഷ്, കെ കെ ജസീർ, പി സലീം, സിറാജ് എന്നിവരുമാണ്‌ പ്രതികളെ പിടികൂടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top