25 April Thursday

അതുലിനെ 
സില്‍മേലെടുത്തു

ടി വി സുരേഷ്Updated: Saturday May 14, 2022

അതുൽ നറുകര

മഞ്ചേരി
രത്തീന സംവിധാനംചെയ്ത മമ്മൂട്ടി ചിത്രം "പുഴു'വിൽ ഏറെ ശ്രദ്ധനേടിയ ഒരു പാട്ടുണ്ട്. സിനിമയുടെ ഗതി നിർണയിക്കുന്ന "കൊമ്പെടുത്തൊരു വമ്പ് കാണിച്ച് രാജനവിടം..' ടൈറ്റിൽ സോങ്. മഞ്ചേരി സ്വദേശി അതുൽ നറുകരയാണ്‌ പ്രേക്ഷകരുടെ പ്രശംസനേടിയ ഈ പാട്ടിന്‌ ശബ്ദമായത്. സിനിമയിൽ ആദ്യമായിട്ടാണ് പാടുന്നതെങ്കിലും നാടൻപാട്ടിലൂടെ പത്തുവർഷമായി അതുൽ സജീവമായി കലാരംഗത്തുണ്ട്. 
മമ്മൂട്ടി നായകനായ വലിയ സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അതുൽ. എം ടി വാസുദേവൻ നായരുടെ 10 ചെറുകഥകൾ ആധാരമാക്കി സന്തോഷ്ശിവൻ സംവിധാനംചെയ്യുന്ന "അഭയം തേടി വീണ്ടും' സിനിമയിൽ മൂന്ന് പാട്ട് പാടിയിട്ടുണ്ട്. ഇതിൽ രണ്ട് പാട്ടുകൾക്ക് വരികൾ എഴുതിയതും അതുലാണ്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ചിത്രീകരണ വേളയിൽ സന്തോഷ്ശിവനാണ് അതുലിനെ സംഗീത സംവിധായകനായ ജയിക്‌സ് ബിജോയ്‌ പരിചയപ്പെടുത്തിയത്. ഈ സൗഹൃദമാണ് പുഴു എന്ന സിനിമയിലെത്തിച്ചത്‌. ജയിക്‌സ് ബിജോയ്‌ തന്നെയാണ് പുഴുവിന് സംഗീതമൊരുക്കിയത്. 
നിലവിൽ കലിക്കറ്റ് സർവകലാശാലയിലെ ഫോക് ലോർ വിഭാഗത്തിൽ ഗവേഷണ വിദ്യാർഥിയാണ് അതുൽ. സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലൂടെയാണ് പാട്ടിലേക്കുള്ള പ്രവേനം. അഞ്ചുവർഷംമുമ്പ് സോൾ ഓഫ് ഫോക്ക് മ്യൂസിക് ബാന്റ് എന്ന പേരിൽ നാടൻപാട്ട് സംഘം രൂപീകരിച്ചു. കേരളത്തിന് അകത്തും പുറത്തുമായി നിരവധി വേദികളിൽ നിറഞ്ഞാടി. 2019ൽ കേരള  ഫോക് ലോർ അക്കാദമി അവാർഡും 2020ൽ കലാഭവൻ മണി ഓടപ്പഴം പുരസ്‌കാരത്തിനും അർഹനായി. സാംസ്‌കാരിക വകുപ്പിന്റെ യുവ നാടൻപാട്ട് കലാകാരനുള്ള വജ്രജൂബിലി ഫെലോഷിപ്പ് നേടി. കടിയെണക്കം മരത്താള മഹോത്സവത്തിൽ പങ്കെടുത്ത്  ലോക റെക്കോഡിട്ടു. പുത്തൻ കളത്തിൽ വേലായുധന്റെയും ശ്രീജയുടെയും മകനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top