20 April Saturday

സമ്മാനവുമായി വഹാബ് മാഷെത്തി, നാസിയയുടെ പഠനം ഇനി സ്‌മാർട്ട്‌

സ്വന്തം ലേഖകൻUpdated: Wednesday Apr 14, 2021

പ്രൊഫ. എ പി അബ്ദുൾ വഹാബ് മൊബൈൽ ഫോൺ ഫാത്തിമത്ത് നാസിയക്ക് കൈമാറുന്നു 

തേഞ്ഞിപ്പലം > നിനച്ചിരിക്കാതെ സമ്മാനവുമായി ‘വഹാബ് മാഷെത്തി’യതിന്റെ സന്തോഷത്തിലാണ്‌ ഫാത്തിമത്ത് നാസിയ. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ  എൽഡിഎഫ്‌ സ്ഥാനാർഥി പ്രൊഫ. എ പി അബ്ദുൾ വഹാബിന്റെ ശ്രദ്ധയിൽപ്പെട്ട കാര്യം ഓൺലൈൻ പഠനത്തിനുള്ള സ്‌മാർട്ട്‌ ഫോണായി തന്റെ മുന്നിലെത്തുമെന്ന്‌ അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
 
നാസിയ  ഫോണില്ലാതെ വിഷമിക്കുന്ന കാര്യം കരിപ്പൂരിലെ കുടുംബ യോഗത്തിനിടെയാണ്‌  അബ്ദുൾ വഹാബിന്റെ  ശ്രദ്ധയിലെത്തുന്നത്‌. ഇതോടെ വോട്ടെടുപ്പിനുശേഷം പുതിയ മൊബൈൽ ഫോണുമായി അദ്ദേഹം നാസിയയുടെ വീട്ടിലെത്തുകയായിരുന്നു.
 
നേരത്തെ കുടുംബയോഗത്തിനെത്തിയപ്പോൾ സ്ഥാനാർഥിയെ സ്വീകരിക്കാനായി നാസിയയും ഉണ്ടായിരുന്നു. ഈ വർഷംമുതൽ പത്താം ക്ലാസ് വിദ്യാർഥിനിയായ നാസിയയോട് പഠിത്തത്തിന്റെ വിവരങ്ങൾ വഹാബ്  ആരാഞ്ഞിരുന്നു. ഉമ്മ നഫീസയുടെ ഫോൺ ആണ് പഠനത്തിനായി ഉപയോഗിച്ചിരുന്നെതെന്നും ഇപ്പോഴത് കേടുവന്നതിനാൽ ബുദ്ധിമുട്ടായിരിക്കയാണെന്നും നാസിയ പറഞ്ഞു.
 
ഇത് മനസ്സിൽ കുറിച്ചിട്ട വഹാബ്‌ വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടടുത്ത ദിവസം സിപിഐ എം ലോക്കൽ  സെക്രട്ടറി ഒ കെ സുരേഷിനെ വിളിച്ച് നാസിയയുടെ കുടുംബത്തിന്റെ അവസ്ഥ  മനസ്സിലാക്കുകയായിരുന്നു.
  
കരിപ്പൂർ കുന്നത്തുപറമ്പ് കൈതക്കൽ കബീറിന്റെ മകളാണ് ഫാത്തിമത്ത് നാസിയ. പെരുവള്ളൂർ ഹൈസ്കൂളിലാണ് പഠിക്കുന്നത്. മീൻകടയിലെ തൊഴിലാളിയാണ് കബീർ. മുഹമ്മദ് റാഫി സഹോദരനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top