25 April Thursday

കിഫ്ബിയിൽ വിടരുന്നു *മലയോരത്തിന്റെ സ്വപ്‌നങ്ങൾ

വി കെ ഷാനവാസ്‌Updated: Saturday Aug 13, 2022

കിഫ്‌ബി ഫണ്ടിൽ നിർമാണം അന്തിമ ഘട്ടത്തിലെത്തിയ 
പൂക്കോട്ടുംപാടം‐കാറ്റാടി മലയോര ഹൈവേ

എടക്കര
മലയോര ജനതയുടെ വികസന സ്വപ്‌നങ്ങൾക്ക്‌ പുത്തൻ ചിറകുനൽകി മലയോര ഹൈവേയുടെ നിർമാണം അവസാനഘട്ടത്തിൽ‌. കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിർമാണം.  കിഫ്‌ബിക്കെതിരെ അപവാദ പ്രചാരണങ്ങളും കള്ളക്കേസുകളും നൽകി വികസനം മുടക്കാൻ ശ്രമിക്കുന്നവർ കണ്ണുതുറന്നുകാണണം ഈ വികസന കുതിപ്പ്‌.  മൂന്ന് ജില്ലകളെ നേരിട്ട് ബന്ധിപ്പിക്കുന്നുവെന്നതാണ്‌_മലയോര_ഹൈവേയുടെ പ്രധാന നേട്ടം‌.
കേരളം–-തമിഴ്നാട്–- കർണാടക സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക്, വാഹന യാത്രകളെ ബന്ധിപ്പിക്കുന്ന പാലക്കാട്–- മലപ്പുറം–-വയനാട് ജില്ലകളിലൂടെയാണ്‌ പാത നിർമാണം. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെയാണ്‌ നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിൽ പൂർത്തീകരിച്ചത്. നിലമ്പൂർ മണ്ഡലത്തിലെ പൂക്കോട്ടുംപാടം–- കാറ്റാടി, കാറ്റടി–- മുണ്ടേരി ഫാം ഗേറ്റ്‌ എന്നീ രണ്ട്‌ റീച്ചുകൾക്കായി 115 കോടി രൂപയാണ്‌ കിഫ്‌ബി അനുവദിച്ചിരിക്കുന്നത്‌.
ഇതിൽ ആദ്യ റീച്ചായ പൂക്കോട്ടുപാടംമുതല്‍ കാറ്റാടിവരെയുള്ള 15 കിലോമീറ്റര്‍ ദൂരം 90 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചു. ഫൈനൽ കോട്ട് ടാറിങ്‌ ആണ് ബാക്കിയുള്ളത്. കാറ്റടി–- മുണ്ടേരി ഫാം ഗേറ്റ്‌ റീച്ചിലുൾപ്പെടുന്ന  പോത്ത്കല്ല് പഞ്ചായത്തിലെ  ചാത്തമുണ്ടമുതൽ മുണ്ടേരി ഫാം ഗേറ്റ് വരെയുള്ള ഭാഗത്തെ പത്ത് കി.മീ ദൂരത്തെ  50ശതമാനം പൂർത്തീകരിച്ചു. ചുങ്കത്തറ, എടക്കര പഞ്ചായത്തിൽ സ്ഥലം കുറ്റിയടിച്ച് അളന്ന് തിട്ടപ്പെടുത്തി. പ്രവൃത്തി ഉടൻ ആരംഭിക്കും. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ 8.40 മീറ്റര്‍ ടാറിങ്ങും വശങ്ങളില്‍ നടപ്പാതയുമുണ്ട്. പൈപ്പ്‌ ലൈന്‍ ഇടുന്നതിനും കേബിള്‍ ഇടുന്നതിനും റോഡ്  വെട്ടിക്കുഴിക്കുന്ന അവസ്ഥക്ക് മാറ്റം വരുത്തിയാണ്‌ പാതയുടെ നിര്‍മാണം. കാല്‍നടക്കുള്ള സൗകര്യത്തോടൊപ്പം ഡ്രെയിനേജും കേബിള്‍ ഡക്ട് സംവിധാനവും തീര്‍ത്താണ് നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ–-ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. ആധുനിക രീതിയിലുള്ള ബസ്ബേ, ഡ്രെയിനേജ് സംവിധാനം, ട്രാഫിക്‌ ലൈറ്റുകൾ, ദിശാബോർഡുകൾ എന്നിവയും പാത നിർമാണത്തിന്റെ ഭാഗമായി വരും. വണ്ടൂർ മണ്ഡലത്തിലുൾപ്പെടുന്ന ഭാഗങ്ങളിൽ നിർമാണം ആരംഭിച്ചിട്ടുണ്ട്‌._


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top