24 April Wednesday

"ഐക്യത്തിന്റെ ശത്രു, സമരത്തിന്റെ ശത്രു'

കെ കെ രാമകൃഷ്‌ണൻUpdated: Saturday Aug 13, 2022

വേങ്ങര
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലും കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിലും മായ്ക്കാൻ കഴിയാത്ത ഏടാണ്‌ പറപ്പൂരിൽ നടന്ന കെപിസിസി സമ്മേളനം.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരള കമ്മിറ്റി പ്രസിദ്ധപ്പെടുത്തുന്ന ആദ്യത്തെ ലഘുലേഖ വിതരണം ചെയ്യുന്നത് 1940 മെയ് മൂന്നിന്‌ നടന്ന ഈ സമ്മേളനത്തിലാണ്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, ഇ എം എസ് തുടങ്ങിയ സോഷ്യലിസ്റ്റ് കോൺഗ്രസുകാരായിരുന്നു സമ്മേളനത്തിന്‌ നേതൃത്വം നൽകിയത്‌. 
"ഐക്യത്തിന്റെ ശത്രു, സമരത്തിന്റെ ശത്രു' എന്നായിരുന്നു ലഘുലേഖയുടെ പേര്‌.  ഇ എം എസ് ആണ് എഴുതിയത്. ജോർജ് ചടയംമുറി തൃശൂരിൽനിന്ന്‌ രഹസ്യമായി അച്ചടിച്ചു കൊണ്ടുവന്നു. ആയുർവേദാചാര്യൻ ഡോ. പി കെ വാരിയരെപ്പോലുള്ളവർക്കായിരുന്നു വിതരണ ചുമതല. വാരിയർക്കന്ന്‌ 19 വയസുമാത്രം. ഇവർ ലഘുലേഖ മടക്കി രഹസ്യമായി പ്രതിനിധികളുടെ പോക്കറ്റിലിടും.
ഇന്നത്തെ ഐയു ഹൈസ്കൂൾ സ്ഥിതിചെയ്യുന്നതിന്റെ മുൻവശത്തുള്ള മൈതാനത്തായിരുന്നു സമ്മേളനം. അന്ന് സമ്മേളന നഗരിക്ക്‌ നൽകിയ ആസാദ് നഗർ എന്ന പേരിലാണ്‌ ഇന്നും ഈ പ്രദേശം അറിയപ്പെടുന്നത്. കോട്ടക്കലിൽനിന്ന്‌ സമ്മേളന നഗരിയിലേക്ക് ശ്രമദാനമായി റോഡ് വെട്ടി ജയപ്രകാശ് നാരായണൻ റോഡ് എന്നും കോട്ടക്കൽ പറപ്പൂർ റോഡ് കവാടത്തിൽ സ്ഥാപിച്ച ഗേറ്റിന് സുഭാഷ് ചന്ദ്രബോസ് ഗേറ്റ് എന്നും നാമകരണംചെയ്തു. 
 കോട്ടക്കലിൽനിന്ന്‌ ആരംഭിച്ച് പതിനായിരങ്ങൾ പങ്കെടുത്ത ജാഥയിൽ ആലപിച്ച "മുന്നോട്ടു പോക നാം' എന്ന ഗാനം രചിച്ചത് കവി കുലഗുരു പി വി കൃഷ്ണവാര്യർ ആയിരുന്നു.
കെപിസിസിയുടെ 11–-ാം രാഷ്ട്രീയ സമ്മേളനത്തിന്റെ മുഖ്യ സംഘാടകൻ പ്രസിഡന്റ്‌ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബായിരുന്നു. ഇദ്ദേഹം ഒരു മാസം മുമ്പേ ഇവിടെയെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സമ്മേളനത്തിന്റെ മുഖ്യാതിഥി പഞ്ചാബിൽനിന്നുള്ള മിയാൻ ഇഫ്തിക്കറുദ്ദീൻ (ഇദ്ദേഹം പിന്നീട് ദ്വിരാഷ്ട്ര വാദത്തിന്റെ വക്താവായി) ആയിരുന്നു. പി നാരായണൻ നായരായിരുന്നു അദ്ദേഹത്തിന്റെ  പ്രസംഗം പരിഭാഷപ്പെടുത്തിയത്. കെ കേളപ്പൻ, കെ എ ദാമോദരമേനോൻ, ഇ പി ഗോപാലൻ, കോഴിപ്പുറത്ത് മാധവമേനോൻ തുടങ്ങിയവരൊക്കെ സമ്മേളനത്തിനെത്തി.  കെപിസിസി സെക്രട്ടറിയായിരുന്ന  ഇ എം എസ്, പി കൃഷ്ണപിള്ള അടക്കമുള്ള കമ്യൂണിസ്റ്റുകാർ അറസ്റ്റുഭീഷണിയുള്ളതിനാൽ ഒളിവിലിരുന്നാണ് പ്രവർത്തകർക്ക് നിർദേശങ്ങൾ നൽകിയിരുന്നത്.
കോൺഗ്രസിലെ വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള രൂക്ഷ ആശയസംഘട്ടനം നിലനിന്ന കാലമായിരുന്നു അത്. അധ്യക്ഷ പ്രസംഗത്തിൽതന്നെ മുഹമ്മദ് അബ്ദുറഹിമാൻ വലതുപക്ഷത്തെ നിശിതമായി വിമർശിച്ചു. രൂക്ഷമായ വിമർശം കേൾക്കാൻ കഴിയാതെ കെ കേളപ്പൻ അടക്കമുള്ള വലതുപക്ഷക്കാർ ഒരുഘട്ടത്തിൽ ഇറങ്ങിപ്പോയി. പിന്നീട്‌ അബ്ദുറഹിമാൻ സാഹിബ് കോൺഗ്രസ്‌ പ്രസിഡന്റ്‌ പദമൊഴിഞ്ഞ് ഫോർവേഡ് ബ്ലോക്കിന്റെ കേരള ഘടകം പ്രസിഡന്റ്‌ പദവി സ്വയം ഏറ്റെടുത്തു. 1940 ജൂലൈ ആദ്യവാരത്തിൽ അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top