20 April Saturday

കവളപ്പാറക്ക്‌ 11 കോടിയുടെ കരുതൽ

സ്വന്തം ലേഖകൻUpdated: Monday Jul 13, 2020

 

 
എടക്കര
കവളപ്പാറ ദുരന്തഭൂമിയിൽ സർക്കാർ കൈത്താങ്ങായി അനുവദിച്ചത് 11 കോടി രൂപ. 59 കുടുംബങ്ങൾക്ക്‌  ധനസഹായമായി നാല് ലക്ഷംവീതം രണ്ട്‌ കോടി 36 ലക്ഷമാണ്  നൽകിയത്.  ഭൂമിയും വീടും വാസയോഗ്യമല്ലാതായ 102 കുടുംബങ്ങൾക്ക്‌ ഭൂമിക്ക് ആറ്‌ ലക്ഷംവീതം ആറ്‌ കോടി 12 ലക്ഷവും  അനുവദിച്ചു. ഇതിൽ 63 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ നാല് ലക്ഷംവീതം രണ്ട്‌ കോടി 52 ലക്ഷമാണ് അനുവദിച്ചത്.
പോത്ത്കല്ലിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കവളപ്പാറ ട്രൈബൽ കോളനിയിലെ 31 കുടുംബത്തിന് ഭൂമിക്കും വീടിനുമായി  10 ലക്ഷംവീതവും സർക്കാർ അനുവദിച്ചു. ഓരോ കുടുംബത്തിനും 10 ലക്ഷം നൽകിയാൽ മതിയെന്നും  തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകിയാൽ മതിയെന്നും കോളനിവാസികൾ കഴിഞ്ഞ ദിവസം ചേർന്ന ഊരുകൂട്ടത്തിൽ തീരുമാനിക്കുകയായിരുന്നു.  
35,000 രൂപ പ്രതിമാസ വാടക നൽകിയാണ് സർക്കാർ ഒരുവർഷമായി പോത്ത്കല്ലിൽ ക്യാമ്പ്‌ നടത്തുന്നത്‌. ബയോഗ്യാസ് സംവിധാനത്തിലുള്ള ടോയ്‌ലെറ്റ് സൗകര്യത്തിന്‌ ഒരുമാസം 36,000 രൂപയാണ്‌  ചെലവ്‌. ക്യാമ്പിലുള്ളവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യം സപ്ലൈകോവഴിയും റവന്യൂ അധികൃതർ ഉറപ്പുവരുത്തിയിട്ടുണ്ട്.   
39 കുടുംബത്തിന് സന്നദ്ധ സംഘടനകൾ വീട് നിർമിച്ചുനൽകുന്നുണ്ട്. കവളപ്പാറ ദുരന്തത്തിൽപ്പെട്ട ഒരു കുടുംബത്തിന്  അധ്യാപകർ കൈപ്പിനിയിൽ വീടും  വണ്ടൂർ കാരാടിൽ ജ്യോതി ലബോറട്ടറീസ് മൂന്ന് വീടും  കൈമാറി.  വ്യവസായി എം എ യൂസഫലി നിർമിക്കുന്ന 33 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. സർക്കാർ വാങ്ങിയ ഭൂമിയിലാണ് ഈ വീടുകളുടെ നിർമാണം. കോൺട്രാക്ടർമാരുടെ സംഘടന  കവളപ്പാറയിലെ രണ്ട് കുടുംബങ്ങൾക്ക്‌ നൽകുന്ന വീടിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ ആഗസ്ത്  എട്ടിന് രാത്രി 7.50ന്‌ കവളപ്പാറ മുത്തപ്പൻ മലയിടിഞ്ഞുണ്ടായ ദുരന്തത്തിൽ  59 പേരെയാണ്‌ കാണാതായത്‌.‌ 41 വീടുകൾ മണ്ണിനടിയിലായി. 18 ദിവസത്തെ  തെരച്ചിലിനൊടുവിൽ 48 മൃതദേഹങ്ങൾ കണ്ടെടുത്തു. 11 പേരെ കണ്ടെത്താനായില്ല. ഇവരെ മരണപ്പെട്ടതായി കണക്കാക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top