29 March Friday

പുഴയിൽവീണ നവജാതശിശുവിനെ കണ്ടെത്താനായില്ല

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
പെരിന്തൽമണ്ണ
ഏലംകുളം മപ്പാട്ടുകര റെയില്‍വേ പാലത്തിന് മുകളില്‍ അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്കുവീണ നവജാതശിശുവിനെ കണ്ടെത്താനായില്ല. പുഴയിലും പരിസരങ്ങളിലും നടത്തുന്ന തിരച്ചില്‍ വ്യാഴാഴ്ചയും തുടർന്നു. 
വ്യാഴം രാവിലെ അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പൊലീസും നാട്ടുകാരുമടക്കം 70-ലേറെപ്പേരുടെ സംഘമാണ് തിരച്ചിലിനിറങ്ങിയത്. പാലത്തിന് താഴ്ഭാഗത്ത് കട്ടുപ്പാറ തടയണമുതല്‍ പാലംവരെയുള്ള രണ്ടു കിലോമീറ്ററിലേറെ ദൂരം പുഴയുടെ ഇരുവശവും വിശദമായി പരിശോധിച്ചു. മൂന്ന് റബര്‍ വള്ളങ്ങളടക്കം എത്തിച്ചായിരുന്നു തിരച്ചില്‍. റെയില്‍പ്പാളത്തിന് ഇരുവശവുമുള്ള പൊന്തക്കാടുകളിലും തിരച്ചില്‍ നടത്തി. കുട്ടിയുടെ അമ്മയുടെ വീടിന് സമീപത്തെ പറമ്പുകളിലും കിണറുകളിലുമടക്കം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വ രാത്രി 11-ഓടെയാണ് മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന 33-കാരിയുടെ കുഞ്ഞിനെ കാണാതായത്. രാത്രി വീടിന് സമീപത്തുള്ള മപ്പാട്ടുകര പാലത്തിന് മുകളില്‍ കുഞ്ഞുമായി നില്‍ക്കുമ്പോള്‍ തീവണ്ടി വന്നു. പാലത്തിന്റെ സുരക്ഷിതഭാഗത്തേക്ക് മാറി നില്‍ക്കവേ തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലില്‍ കൈയില്‍നിന്ന് കുഞ്ഞ് താഴേക്ക് വീണെന്നാണ് യുവതി ബന്ധുക്കളോട് പറഞ്ഞത്. ചൊവ്വ രാത്രിയും ബുധനാഴ്ചയും തിരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് കൂടുതല്‍പ്പേരെ ഉള്‍പ്പെടുത്തി വ്യാഴാഴ്ച വിശദമായ തിരച്ചില്‍ നടത്തിയത്. ഉച്ചയോടെയുണ്ടായ കനത്ത മഴയും തിരച്ചിലിന് തടസ്സമായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top