24 April Wednesday
മഞ്ചേരി നഗരസഭാ കൗണ്‍സില്‍ യോഗം

എല്‍ഡിഎഫ് അംഗങ്ങളെ 
യുഡിഎഫ് കൗണ്‍സിലര്‍മാർ മർദിച്ചു

സ്വന്തം ലേഖകൻUpdated: Saturday Jun 10, 2023

എൽഡിഎഫ്‌ കൗൺസിലർമാർ മഞ്ചേരി നഗരസഭക്ക്‌ മുന്നിൽ പ്രതിഷേധിച്ചപ്പോൾ

 
 
മഞ്ചേരി
നഗരസഭാ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് അംഗങ്ങളെ യുഡിഎഫ് കൗൺസിലർമാർ മർദിച്ചു. ഡിപിസി അംഗം കണ്ണിയൻ അബൂബക്കറിന്റെ നേതൃത്വത്തിലാണ്‌ വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ യുഡിഎഫ് ആക്രമണം അഴിച്ചുവിട്ടത്‌. നാലുപേർക്ക് പരിക്കേറ്റു. ബേബികുമാരി, സി പി അബ്ദുൽ കരീം, പി വിശ്വനാഥൻ, തങ്കമണി എന്നിവരെ അടിച്ചുവീഴ്ത്തി. വിശ്വനാഥന്റെ കൈമുട്ടിന് പരിക്കേറ്റു, കരീമിന്റെ നടുവിന് ചവിട്ടേറ്റു.   
സർക്കാർ ഉത്തരവിന് വിരുദ്ധമായതും കോടതിയലക്ഷ്യവുമായ വിഷയങ്ങൾ അജൻഡയിൽ ഉൾപ്പെടുത്തിയത് എൽഡിഎഫ്‌ അംഗങ്ങൾ ചോദ്യംചെയ്തു. ഇതേ തുടർന്നാണ് യുഡിഎഫ് അംഗങ്ങൾ ബഹളം തുടങ്ങിയത്. മറുപടി പറയാൻ നഗരസഭാധ്യക്ഷ വി എം സുബൈദയെ ലീഗ് കൗൺസിലർമാർ അനുവദിച്ചില്ല. ലീഗ് നേതാവ് കണ്ണിയൻ അബൂബക്കറാണ് മറുപടി പറഞ്ഞത്. എൽഡിഎഫ്‌ അംഗങ്ങൾ വിഷയം അവതരിപ്പിക്കാൻ മൈക്ക് നൽകാനും കൂട്ടാക്കിയില്ല. 
നഗരസഭാധ്യക്ഷ മറുപടി പറയണമെന്നും സംസാരിക്കാനുള്ള അവസരം എല്ലാവർക്കും അനുവദിക്കണമെന്നും സാജിത്ത് ബാബു ആവശ്യപ്പെട്ടു. ഇതിനിടെ യുഡിഎഫ്‌ അംഗങ്ങൾ സംഘംചേർന്ന് എൽഡിഎഫ്‌ അംഗങ്ങളെ ആക്രമിക്കുകയായിരുന്നു. 
രണ്ട് അജൻഡകളാണ് ഉൾപ്പെടുത്തിയത്. രണ്ടും നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്‌ച എൽഡിഎഫ്‌ കത്ത് നൽകിയെങ്കിലും പരിഗണിച്ചില്ല. വ്യാഴാഴ്ച യോഗം ചേർന്നപ്പോഴും വിഷയം ഉന്നയിച്ചു. വാർഷിക പദ്ധതി സ്പിൽഓവർ പ്രൊജക്ടുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തെ അജൻഡ. വാർഷിക പദ്ധതി ഭേദഗതി ചെയ്യാനായി  അഞ്ചുവരെ സർക്കാർ സമയം അനുവദിച്ചിരുന്നു. ഈ സമയവും കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞാണ് ഭേദഗതി വരുത്താനായി വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയത്. ഇത്തരം നിർണായക വിഷയങ്ങൾ കൗൺസിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ധനകാര്യ സ്ഥിരം സമിതിയുടെ അനുമതിവേണം. സ്ഥിരം സമിതി, വർക്കിങ് കമ്മിറ്റി, വാർഡ് സമിതികളിലും ചർച്ച ചെയ്യണമെന്നും ചട്ടമുണ്ട്. ഇത് പൂർത്തിയാക്കാതെയാണ് അജൻഡയിൽ ഉൾപ്പെടുത്തിയത്. 
സാനിറ്റേഷൻ വർക്കർ തസ്തികയിലേക്കുള്ള നിയമനമാണ് രണ്ടാമത്തെ അജൻഡ. തർക്കത്തെ തുടർന്ന് ലീഗ് അനുഭാവികൾ ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതിയിലിരിക്കെ അജൻഡയിൽ ഉൾപ്പെടുത്തിയത്‌ കോടതിയലക്ഷ്യമാണെന്ന്‌ എൽഡിഎഫ്‌ അംഗങ്ങൾ പറഞ്ഞു. 
അക്രമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ്‌ അംഗങ്ങൾ നഗരസഭാ കവാടത്തിൽ പ്രതിഷേധിച്ചു. യോഗത്തിൽ മരുന്നൻ സാജിത്ത്ബാബു, എ വി സുലൈമാൻ, അഡ്വ. പ്രേമാ രാജീവ്, പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top