27 April Saturday

ചായംപകർന്ന ദേശപ്പെരുമകൾ

സ്വന്തം ലേഖികUpdated: Friday Dec 9, 2022

മലപ്പുറം മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ സ്‌ട്രീറ്റ്‌ ആർട്ടിൽ അശോകൻ ആദിപുരേടത്ത്‌ ചിത്രംവരയ്ക്കുന്നു

മലപ്പുറം

അതിരിടുന്ന ചുമരിന്‌ നിറം പകർന്നപ്പോൾ ഒരു നാട്‌ തെളിഞ്ഞുവന്നു. നീലഗിരിയും അറബിക്കടലും അതിരിടുന്ന മലനാടും, പറഞ്ഞതും മറഞ്ഞതുമായ ചരിത്രവും സംസ്‌കാരവും ചിത്രങ്ങളായി. ചെറിയ ക്യാൻവാസിലെ വലിയ ലോകം അതിമനോഹരം. ദേശാഭിമാനി 80ാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘മലപ്പുറം മഹോത്സവം’ ഭാഗമായി കേരള ലളിത കലാ അക്കാദമി സംഘടിപ്പിച്ച സ്‌ട്രീറ്റ്‌ ആർട്ടിൽ അശോകൻ ആദിപുരേടത്ത്‌ ജില്ലയുടെ പാരമ്പര്യത്തെ വരകളിലാക്കി. കോട്ടപ്പടി ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ ചുറ്റുമതിലിലാണ്‌ ചിത്രം. മലയാള ഭാഷാ പാരമ്പര്യം, ചരിത്രം, കല–-സാഹിത്യം, സംസ്‌കാരം, ജില്ലാ രൂപീകരണം തുടങ്ങി മലപ്പുറത്തിന്റെ  ഇതുവരെയുള്ള കാലം കോർത്തിണക്കുന്നു. തുഞ്ചത്ത്‌ എഴുത്തച്ഛൻ, മലയാളം അക്ഷരങ്ങൾ, ജ്ഞാനപ്പാന, മതേതരത്വം, കോൽക്കളി, ഒപ്പന, പിഎസ്‌വി നാട്യസംഘം, മലപ്പുറം രൂപീകരണം, ഇ എം എസ്‌, അച്ചടി മാധ്യമം... വൈവിധ്യങ്ങൾ വിവിധ വർണങ്ങളിൽ പടരുന്നു.
‘എഴുത്തച്ഛന്  മുമ്പും ശേഷവുമുള്ള  ഭാഷയുടെ വളർച്ച, നാടിന്റെ കല–-സാംസ്‌കാരിക ചരിത്ര മുന്നേറ്റം എന്നീ ആശയങ്ങളിലൂടെയാണ്‌ ചിത്രം മുന്നേറുന്നത്‌. മലയാളഭാഷാ പൈതൃകം മലപ്പുറത്തിന്റെ മണ്ണിലാണ്‌. സാഹിത്യ –- കലാരംഗത്തും സമ്പന്നമായ സാന്നിധ്യം നമുക്കുണ്ട്‌. അതിന്റെയെല്ലാം കാഴ്‌ചകൾ ചിത്രത്തിലുണ്ട്‌. പിന്നെ ഇ എം എസും മലപ്പുറത്തിന്റെ പിറവിയും’ –- അശോകൻ പറഞ്ഞു.
പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശിയാണ്‌ അശോകൻ ആദിപുരേടത്ത്‌. 30 വർഷമായി കലാരംഗത്ത്‌ സജീവമാണ്‌. എട്ടു വർഷത്തോളം ദുബായ് കൈരളി കലാകേന്ദ്രത്തിൽ ചിത്രകലാ അധ്യാപകനായിരുന്നു. കോവിഡിന്‌ ശേഷം നാട്ടിൽ കലാപ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top