16 April Tuesday

ബോട്ടുകൾ തീരമണഞ്ഞു

സ്വന്തം ലേഖകൻUpdated: Friday Jun 9, 2023

ബോട്ടുകളിൽനിന്ന് വലകളും യന്ത്രങ്ങളും മാറ്റുന്നു

പൊന്നാനി
അമ്പത്തിരണ്ടുദിവസത്തെ ട്രോളിങ്‌ നിരോധത്തിന് വെള്ളിയാഴ്‌ച അർധരാത്രിയോടെ തുടക്കം. വെള്ളിയാഴ്ച അവധിയായതിനാൽ ബോട്ടുകളെല്ലാം വ്യാഴം വൈകിട്ടോടെ തീരമണഞ്ഞു. വലകളും യന്ത്രങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് മത്സ്യത്തൊഴിലാളികൾ. കേടുപാടുകൾ തീർത്ത് ബോട്ടുകൾ പുത്തനാക്കുന്ന കാലംകൂടിയാണിത്‌. മീനുകളുടെ പ്രജനനസമയമാണിത്‌ എന്നതിനാലാണ്‌ യന്ത്രബോട്ടുകൾക്ക്‌ നിരോധം ഏർപ്പെടുത്തുന്നത്.
 
വള്ളങ്ങൾ ജാഗ്രത പാലിക്കണം
ട്രോളിങ്‌ നിരോധം പരമ്പരാഗത വള്ളങ്ങൾക്ക് ബാധകമല്ലാത്തതിനാൽ ഇവർക്ക്‌ കൊട്ട നിറയെ മീൻ കിട്ടുമെങ്കിലും കടൽ കലിതുള്ളിയടുക്കുന്ന ഭയപ്പാടുകളുടെ ദിനങ്ങൾകൂടിയാണ്  മൺസൂൺ കാലം എന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചേ കടലിൽ പോകാവൂ എന്ന് ഫിഷറീസ് വകുപ്പ്‌  നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിക്കുന്നതും സുരക്ഷാ സംവിധാനങ്ങളില്ലാതെ പരമ്പരാഗത വള്ളങ്ങളുടെ മീൻപിടിത്തവും അപകടകരമാണ്‌. മൂന്നുവർഷത്തിനുള്ളിൽ കടൽക്ഷോഭത്തിൽ പൂർണമായോ ഭാഗികമായോ തകർന്നത്‌ ചെറുതും വലുതുമായ 43 വള്ളമാണ്‌. കഴിഞ്ഞ വർഷം പൊന്നാനിയിൽമാത്രം നാലുജീവൻ കടലെടുത്തു. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്താനായില്ല. രജിസ്റ്റർചെയ്ത നാലായിരത്തോളം ചെറുവള്ളങ്ങളും 230ഓളം ഇൻബോർഡ് വള്ളങ്ങളുമാണ് ജില്ലയിലുള്ളത്.  
 
സുരക്ഷയ്‌ക്ക്‌ നിർദേശങ്ങൾ
ജില്ലാതല എമർജൻസി ഓപറേഷൻസ് സെന്ററിൽനിന്ന്‌ ദിവസവും കിട്ടുന്ന വിവരങ്ങളും നിർദേശങ്ങളും മത്സ്യത്തൊഴിലാളികളുടെയും ഉടമകളുടെയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾവഴി കൈമാറും. 23 മത്സ്യഗ്രാമത്തിലെ സാഗർ മിത്രകൾവഴിയും നിർദേശം നൽകും.  യാനങ്ങളുടെ അറ്റകുറ്റപ്പണിക്കൊപ്പം ലൈഫ് ജാക്കറ്റും ലൈഫ് ബോയും ഉപയോഗിക്കണം. ഇന്ധനവും കുടിവെള്ളവും ആവശ്യത്തിന് കരുതണം.
 
കരുതലേകും സർക്കാർ
സ്വന്തമായി വള്ളമുള്ള തൊഴിലാളികൾക്ക് 4000 ലൈഫ് ജാക്കറ്റുകൾ വിതരണംചെയ്തു.  വികസിത രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന ആധുനിക സുരക്ഷാ ഉപകരണങ്ങളായ സാറ്റ്‌ലൈറ്റ് ഫോൺ ജിപിഎസ്, ഡാർട്ട്, ലൈഫ് ബോയ് എന്നിവ 75 ശതമാനം സബ്സിഡി നിരക്കിൽ ഫിഷറീസ് നൽകി.  90 ശതമാനം സബ്സിഡി നൽകി  മത്സ്യത്തൊഴിലാളികളുടെ വള്ളവും എൻജിനും ഇൻഷുറൻസ് പരിരക്ഷ നൽകി.  കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും സാറ്റ്‌ലൈറ്റ് ഫോണും നൽകി. 
 
ഇൻബോർഡ് വള്ളങ്ങളും നിരോധിക്കണം
ബോട്ടുകളിൽ ഉപയോഗിക്കുന്നതിനേക്കാൾ വലിയ എൻജിനും വലകളും ഉപയോഗിച്ചാണ് ഇൻബോർഡ് വള്ളങ്ങൾ മത്സ്യംപിടിക്കുന്നത്‌. ചെമ്മീനും മത്തിയും ഉൾപ്പെടെയുള്ള ചെറുമീനുകളെയാണ് ഇവർ പിടിച്ചുകയറ്റുന്നത്. ഇത് മത്സ്യസമ്പത്തിനെ നശിപ്പിക്കുന്നു. ജില്ലയിൽ ബോട്ടുകളേക്കാൾ കൂടുതൽ വലിയ എൻജിൻ ഘടിപ്പിച്ച വള്ളങ്ങളുണ്ട്‌. മത്സ്യങ്ങളുടെ പ്രജനനകാലത്ത് സമ്പൂർണ നിരോധമാണ് വേണ്ടതെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top