28 March Thursday

കോൾനിലങ്ങളിൽ പുഞ്ചിരി

പി എ സജീഷ്‌Updated: Friday Jun 9, 2023

പൊന്നാനി കോൾ മേഖലയിൽനിന്ന് ശേഖരിച്ച നെല്ല്

പൊന്നാനി
പൊന്നാനി കോൾമേഖലയിൽനിന്നുൾപ്പെടെ സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് കൈമാറിത്തുടങ്ങി. 60 ശതമാനം വിതരണംകഴിഞ്ഞതായി സപ്ലൈകോ അധികൃതർ അറിയിച്ചു. പൊന്നാനി കോളിലെ പാടശേഖരങ്ങളിൽനിന്ന്‌ 13,214 ടൺ നെല്ലാണ് സംഭരിച്ചത്. കർഷകർക്ക് കൊടുക്കാനുള്ള 3.72ൽ 1.20 കോടി രൂപയും നൽകി. 
ഏപ്രിൽ അഞ്ചുമുതലാണ് പുഞ്ചകൃഷി നെല്ല് സംഭരിച്ച് തുടങ്ങിയത്. കഴിഞ്ഞ വർഷം നൽകിയതിനേക്കാൾ തുക വർധിപ്പിച്ചു. കിലോക്ക് 28.32 രൂപ നിരക്കിലാണ് സപ്ലൈകോ സംഭരിച്ചത്‌. 20.40 രൂപയാണ് കുറഞ്ഞ സംഭരണ വിലയായി കേന്ദ്രം നൽകുക. കർഷകരെ സഹായിക്കാൻ 7.80 രൂപ സംസ്ഥാന സർക്കാരാണ് നൽകുന്നത്. 12 പൈസ കയറ്റുകൂലിയായും നൽകും.
 തുക വിതരണം വേഗത്തിലാക്കാൻ എസ്ബിഐ, കനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവരുമായി സർക്കാർ കരാർ ഒപ്പിട്ടിരുന്നു. പിആർഎസ് (നെല്ലെടുപ്പ്‌ രസീത്‌) വായ്‌പയായാണ് തുക നൽകുക.
കനറാ ബാങ്ക്‌ അക്കൗണ്ടുകളിൽ ആദ്യഘട്ട തുക വിതരണം പൂർത്തിയായി. എസ്ബിഐ, ഫെഡറൽ ബാങ്കുകൾ തുക വിതരണം തുടങ്ങിയിരുന്നില്ല. കർഷകരുടെ വിവരം നൽകിയിരുന്നെങ്കിലും സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ്‌ തടസ്സമായതെന്നും പ്രശ്നം പരിഹരിച്ചതായും സപ്ലൈകോ ജില്ലാ മാനേജർ അറിയിച്ചു.
എൽഡിഎഫ് സർക്കാർ വന്നതോടെയാണ്‌ കഷകരുടെ കണ്ണീരിന് അറുതിയായത്. നെല്ല്‌ സംഭരണത്തിലും തുക വിതരണത്തിലുമുള്ള അനിശ്ചിതത്വം ഇല്ലാതായി. കർഷകരെ ചേർത്തുനിർത്തിയതോടെ തരിശുപാടങ്ങളല്ലാം പച്ചയണിഞ്ഞു. 4000–-ത്തിൽനിന്ന്‌ 7000 ഏക്കറിലേക്ക്‌ പൊന്നാനി കോളിലെ കൃഷി വ്യാപിച്ചു. കൊയ്‌ത നെല്ല്‌ ഉയർന്ന വിലയ്ക്ക്
 സർക്കാർ ഏറ്റെടുത്തു. ദിവസങ്ങൾക്കകം തുക ബാങ്കിലെത്തി. ഇതോടെ വയലിൽ സന്തോഷം നിറഞ്ഞൊഴുകിയെന്ന്‌ മടായി കോൾ പാടശേഖര സമിതി പ്രസിഡന്റ്‌ ഇടക്കരയകത്ത് അബ്ദുൽ ലത്തീഫ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top