26 April Friday

ശ്രദ്ധവേണം: *വില്ലനാണ്‌ ഡെങ്കി

സ്വന്തം ലേഖകൻUpdated: Friday Jun 9, 2023
മലപ്പുറം
ജില്ലയിൽ മലയോരത്തുൾപ്പെടെ ഡെങ്കിപ്പനി പടരുകയാണ്‌. കരുവാരക്കുണ്ട്‌, കാളികാവ്‌, മൂത്തടം, ചോക്കാട്‌, മേലാറ്റൂർ, എടപ്പറ്റ പ്രദേശങ്ങളിലാണ്‌ നിലവിൽ ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്‌തത്‌. വ്യാപനമുണ്ടായ കരുവാരക്കുണ്ട്‌ പ്രദേശത്തെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്‌. 48 പേർക്കാണ് ഇവിടെ ഇതുവരെ രോഗംബാധിച്ചത്. തുരുമ്പോട്, അരിമണൽ ഭാഗങ്ങളിലാണ് രോഗം കൂടുതലുള്ളത്. മേലാറ്റൂർ, എടപ്പറ്റ എന്നിവിടങ്ങളിലും വ്യാപനത്തിന്‌ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ്‌ പറയുന്നു. കരുവാരക്കുണ്ട്‌ മേഖലയിൽ മുൻവർഷങ്ങളിലും ഡെങ്കിബാധിതർ ഏറെയായിരുന്നു.
 
വകഭേദങ്ങളേറെ
ഡെങ്കു ഒന്ന്‌, മൂന്ന്‌, ഇവയുടെ കോമ്പിനേഷൻ വൈറസുകളാണ്‌ നിലവിൽ ജില്ലയിൽ പടരുന്നത്‌. ഒരുതവണ രോഗം വന്നവർക്ക്‌ മൂന്നുവർഷം കഴിഞ്ഞാൽ പ്രതിരോധശേഷി കുറയും. വീണ്ടും രോഗം വന്നാൽ അപകടമേറെയാണെന്ന്‌ ജില്ലാ സർവൈലൻസ്‌ ഓഫീസർ ഡോ. സി ഷുബിൻ പറഞ്ഞു. രണ്ടാമത്തെ തവണ രോഗകാരണമാകുന്നത്‌ മറ്റൊരു വൈറസ്‌ വകഭേദമാണെങ്കിൽ മരണംവരെ സംഭവിക്കാം. വേനൽമഴയോടെയാണ്‌ വ്യാപനമുണ്ടായത്‌. രോഗലക്ഷണമുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ്‌ പറയുന്നു.
 
വീടിനകത്തും സാഹചര്യങ്ങൾ
കൊതുക് വളരാൻ വീടിനകത്തും സാഹചര്യങ്ങളേറെയെന്ന്‌ ജില്ലാ സർവൈലൻസ്‌ ഓഫീസർ ഡോ. സി ഷുബിൻ പറഞ്ഞു. ഇൻഡോർ പ്ലാന്റ്‌, ഫ്രിഡ്‌ജിലെ ട്രേ, വെള്ളം നിറച്ച പാത്രങ്ങൾ, ടാർപോളിൻ ഷീറ്റുകളുടെ മടക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയിലെല്ലാം കൊതുക് വളരാം.
 
നടപടി ഊർജിതം, പിഴയിടും
കൊതുകുകൾ പെരുകുന്നത്‌ തടയുകയാണ്‌ ഡെങ്കിയിൽനിന്ന്‌ രക്ഷനേടാനുള്ള മാർഗം. മലയോരത്ത്‌ റബർ തോട്ടങ്ങളിലെ ചിരട്ടകളിലും കൊക്കോ, ജാതിത്തോടുകളിലും കൊതുക്‌ വളരുന്നതായി ആരോഗ്യവകുപ്പ്‌ പരിശോധനയിൽ കണ്ടെത്തിയിരുന്നു. റബർ തോട്ടങ്ങളിൽ ചിരട്ട കമിഴ്‌ത്തിവയ്‌ക്കണമെന്ന്‌ നിർദേശം നൽകിയിരുന്നെങ്കിലും പലരും പാലിച്ചിട്ടില്ല. കരുവാരക്കുണ്ട്‌ ഉൾപ്പെടെ ആരോഗ്യവകുപ്പ്‌ പരിശോധന ശക്തമാക്കി. പഞ്ചായത്തുമായി ചേർന്ന്‌ ഫോഗിങ്‌ ഉൾപ്പെടെ നടപടികളുമെടുത്തു. ഡെങ്കി പടരുന്ന മേഖലകളിൽ പരിശോധന നടത്തി നിർദേശങ്ങൾ പാലിക്കാത്തവരിൽനിന്ന്‌ പിഴ ഈടാക്കാനും തീരുമാനമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top