27 April Saturday

കേരള ബാങ്ക്‌ യാഥാർഥ്യമായികുതിച്ചുയരാൻ 
പ്രാഥമികസംഘങ്ങൾ

ഒ വി സുരേഷ്‌Updated: Thursday Feb 9, 2023
മലപ്പുറം
മലപ്പുറം ജില്ലാ സഹകരണ ബാങ്ക്‌ കേരള ബാങ്കിൽ ലയിച്ചതോടെ കൃഷിവകുപ്പിന്റെ കാർഷിക അടിസ്ഥാന സൗകര്യ വികസനനിധി (എഐഎഫ്‌)യിലേക്ക്‌ അപേക്ഷിച്ച്‌ പ്രാഥമിക സംഘങ്ങൾ. 
ജില്ലയിൽ ഇതിനകം 34 സംഘങ്ങളിൽനിന്നായി 70 കോടിയിലേറെ രൂപയുടെ പദ്ധതികൾ സമർപ്പിച്ചു. 100 കോടി രൂപയുടെ പദ്ധതികളാണ്‌ ലക്ഷ്യമിടുന്നത്‌. അവസരം പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ്‌ പ്രാഥമിക സഹകരണ സംഘങ്ങൾ.  
ഒരുശതമാനം 
പലിശയിൽ 
2 കോടി രൂപ
മുസ്ലിംലീഗിലെയും കോൺഗ്രസിലെയും ഒരുവിഭാഗത്തിന്റെ രാഷ്‌ട്രീയവും സങ്കുചിതവുമായ താൽപ്പര്യങ്ങളാൽ മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനം നീണ്ടതിനാലാണ്‌ പദ്ധതി നടപ്പാകാതിരുന്നത്‌. ജനുവരി 13ന്‌ ലയനം യാഥാർഥ്യമായി. കോവിഡ്‌ സാഹചര്യത്തിൽ പ്രഖ്യാപിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്‌ എഐഎഫ്‌. 
രണ്ടു കോടി രൂപവരെയുള്ള വായ്‌പ ഒരു ശതമാനം പലിശയ്‌ക്ക്‌ കേരളബാങ്ക്‌ വഴി നബാർഡ്‌  അനുവദിക്കും. രണ്ടുവർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ ഏഴുവർഷത്തെ തിരിച്ചടവ്‌ കാലാവധിയുണ്ട്‌. പദ്ധതി ഏകോപനത്തിന്‌ പ്രത്യേകം കോ–-ഓർഡിനേറ്ററെയും സഹകരണം, കൃഷി വകുപ്പുകളിൽ പ്രത്യേകം ഉദ്യോഗസ്ഥരെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്‌. 
പദ്ധതി കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന്‌ വിനിയോഗിക്കാൻ കഴിഞ്ഞവർഷം ജൂലൈ 21ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഭക്ഷ്യസുരക്ഷയ്‌ക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാനാണിത്‌. 
താൽപ്പര്യപൂർവം 
സംഘങ്ങൾ
കോഡൂർ സർവീസ്‌ സഹകരണ ബാങ്ക്‌, വെളിയങ്കോട്‌ മൾട്ടിപ്പർപസ്‌ സഹകരണ സംഘം, പെരുവള്ളൂർ, വാഴയൂർ, വേങ്ങര, മക്കരപ്പറമ്പ്‌, ചുങ്കത്തറ സഹകരണ ബാങ്കുകൾ, മങ്കട അഗ്രികൾച്ചറൽ മാർക്കറ്റിങ്‌ സൊസൈറ്റി (ഗ്രാമിക) തുടങ്ങിയ സംഘങ്ങൾ പദ്ധതിയിൽ നേരത്തെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേരള ബാങ്ക്‌  ഇല്ലാത്തതിനാൽ നടപ്പായില്ല. 
തേങ്ങ സംസ്‌കരണം, ജൈവവളം...
വ്യത്യസ്‌തവും കാർഷിക–- സഹകരണ മേഖലയുടെ വളർച്ചയ്‌ക്കും സഹായകരമാകുന്നതുമായ നിരവധി പദ്ധതികൾക്കാണ്‌ പ്രാഥമിക സംഘങ്ങൾ അപേക്ഷിച്ചത്‌. 
ഇതിൽ തേങ്ങ സംസ്‌കരിച്ച്‌ ഉൽപ്പന്നങ്ങളാക്കൽ, കാർഷികോപകരണങ്ങൾ വാടകയ്‌ക്ക്‌ കൊടുക്കൽ, ജൈവവളം ഉൽപ്പാദനം തുടങ്ങി വൻകിട പദ്ധതികളുണ്ട്‌. അരി, സുഗന്ധവ്യഞ്ജനങ്ങൾ, ചക്ക എന്നിവ കൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ നിർമാണവുമുണ്ട്‌. കൊപ്ര ഡ്രൈ, വെളിച്ചെണ്ണ, തേങ്ങാവെള്ളം പാക്കറ്റുകളിലാക്കി വിൽപ്പന, ചകിരി സംസ്‌കരണം എന്നിവയും സമർപ്പിച്ചിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top