25 April Thursday

നിറങ്ങളിൽ നാട്ടുകാഴ്‌ചകൾ

സ്വന്തം ലേഖികUpdated: Thursday Dec 8, 2022

ദേശാഭിമാനി 80–-ാം വാർഷികാഘോഷം മലപ്പുറം മഹോത്സവത്തിന്റെ ഭാഗമായി സ്‌ട്രീറ്റ്‌ ആർട്ടിൽ 
മുക്താർ ഉദരംപൊയിൽ ചിത്രംവരയ്‌ക്കുന്നു

 

മലപ്പുറം
നിറങ്ങളിൽ നിറഞ്ഞ് ഒരു നാട്‌ ചുവരിലേക്ക്‌ ചുരുങ്ങി. ചിത്രങ്ങളിൽ നാടിന്റെ കാഴ്‌ചകൾ നിറഞ്ഞു. കണ്ടതും കാണാൻ കൊതിച്ചതുമായ കാഴ്‌ചകളിൽ മലബാറിന്റെ മുഖംതെളിഞ്ഞു. പ്രതീക്ഷയുടെ പായ്‌ക്കപ്പലും മണ്ണറിഞ്ഞ കർഷകനും അങ്ങനെ ഒട്ടേറെ കാഴ്‌ചകൾ. ദേശാഭിമാനി 80ാം വാർഷികാഘോഷം മലപ്പുറം മഹോത്സവത്തിന്റെ ഭാഗമായി   നടത്തിയ സ്‌ട്രീറ്റ്‌ ആർട്ടിൽ  മുക്താർ ഉദരംപൊയിലാണ്‌ മലപ്പുറത്തിന്റെ കാഴ്‌ചകൾ ചുവരിൽ പകർത്തിയത്‌. മലപ്പുറത്തിന്റെ  ചരിത്രം, സംസ്‌കാരം, പൈതൃകം, കല, മതേതരത്വം എന്നിവ  ഉണർത്തിയാണ്‌ ചിത്രം. 
പോരാട്ടത്തിന്റെ അടയാളങ്ങൾ, ഒരുമയുടെ ഓർമകളുമായി മുത്തശ്ശിമാർ, കോട്ടക്കുന്ന്‌, തുഞ്ചൻപറമ്പ്‌, കോൽക്കളി, ദഫ്‌മുട്ട്‌, ഒപ്പന അങ്ങനെ നാടിന്റെ ഹൃദയമറിഞ്ഞ കാഴ്‌ചകളായിരുന്നു ഓരോന്നും. 
‘‘ നിറങ്ങളിൽ മലപ്പുറത്തിന്റെ വൈവിധ്യമൊരുക്കുകയാണ്‌ എന്റെ ചിത്രം. മലബാറിന്റെ കലയും സംസ്‌കാരവും ചരിത്രവും എല്ലാം ഒരു തുടർച്ചയാണ്‌.
കല ആസ്വാദനംമാത്രമായിരുന്നില്ല. പോരാട്ടങ്ങൾക്കുള്ള ഊർജംകൂടിയായിരുന്നു. പടപ്പാട്ടുകളിലും  മാപ്പിളപ്പാട്ടുകളിലും പോരാട്ടങ്ങളുടെ ആ ഇശലുകൾ കാണാം. ചിത്രത്തിലെ കലകളും ചരിത്ര അടയാളങ്ങളും അതിന്റെ തുടർകാഴ്‌ചയാണ്‌. അതുപോലെ  ചെറിയ ജീവിതത്തിലെ ഓരോ നിമിഷവും വർണാഭമായി ആഘോഷിക്കുന്നവരാണ്‌ മലപ്പുറം ജനത. കടുംനിറങ്ങളിലൂടെയാണ്‌ ആ നിറപ്പകിട്ട്‌ പകർത്തിയത്‌’’ –-  മുക്താർ പറഞ്ഞു.
മലപ്പുറം  കാളികാവ്‌ ഉദരംപൊയിൽ സ്വദേശിയാണ്‌ മുക്താർ.  15 വർഷമായി കലാരംഗത്ത്‌ സജീവമാണ്‌. സാഹിത്യരംഗത്തും പ്രവർത്തിക്കുന്നു. കള്ളരാമൻ (കഥകൾ), വിശപ്പാണ്‌ സത്യം (അനുഭവക്കുറിപ്പ്‌), ജിന്നുകുന്നിലെ മാന്ത്രികന്‍ (കുട്ടികൾക്കുള്ള നോവൽ) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നിലവിൽ ചന്ദ്രിക ദിനപത്രത്തിന്റെ സബ്‌ എഡിറ്ററാണ്‌ (കോഴിക്കോട്‌).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top