23 April Tuesday

തട്ടകത്തിൽ ഗോകുലം

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ സുദേവ എഫ്സിക്കെതിരെ ഗോകുലം കേരള എഫ്സിയുടെ മുന്നേറ്റ താരം 
ഷിജിൻ ഗോൾ നേടുന്നു

മലപ്പുറം
പയ്യനാട് സ്റ്റേഡിയത്തിൽ എതിരാളികളെ തകർത്തെറിഞ്ഞ് ഗോകുലം എഫ് സി കേരളക്ക് സീസണിലെ മൂന്നാം ജയം.
സുദേവ ഡൽഹി എഫ് സിയെ എതിരില്ലാത്ത മൂന്ന്‌ ഗോളുകൾക്കാണ് തോൽപ്പിച്ചത്. പകരക്കാരനായി എത്തിയ കാമറൂൺ താരം ഡോഡി ആൽഫെഡിലൂടെയാണ് ഗോകുലം ആദ്യ ഗോൾ നേടിയത്. 52ാം മിനിറ്റിൽ ടി ഷിജിൻ നൽകിയ പാസ് ഡോസി വലയിലാക്കി. 61ാം മിനിറ്റിൽ പി എൻ നൗഫലും 70-ാം മിറ്റിൽ ശ്രീക്കുട്ടനും നൽകിയ പാസുകൾ ഗോളാക്കി ഷിജിൻ ഗോകുലത്തിന്റെ വിജയം ഉറപ്പിച്ചു. ഷിജിനാണ് കളിയിലെ താരം.
കാണികളുടെ ആരവത്തിനിടയിൽ കളിയുടെ തുടക്കംമുതലേ ഗോകുലം മുന്നേറി. മൂന്നാംമിനിറ്റിൽ താഹിർ സമാന്റെ ക്രോസ് അഗസ്റ്റിൻ ജൂനിയർ വലയിൽ എത്തിച്ചെങ്കിലും ഹാൻഡ്‌ ബോളായിരുന്നു.
സീസണിലെ ആദ്യ ജയം തേടിയിറങ്ങിയ സുദേവയ്ക്കായി ജപ്പാൻ താരം ടെറ്റ്സുക്കി, നൈജീരിയൻ താരം ഫ്രാൻസിസ് ഉഛന്ന എന്നിവർ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോകുലത്തിന്റെ പ്രതിരോധത്തെ മറികടക്കാനായില്ല. ലോകകപ്പ് ഫുട്ബോളിന്റെ ഇടവേളയിൽ  കളി കാണാൻ മഞ്ഞിറങ്ങിയ പയ്യനാട് സ്റ്റേഡിയത്തിൽ 2150 പേരെത്തി.
സീസണിലെ ആദ്യ രണ്ട് കളികളിലും ജയത്തോടെയാണ് ഗോകുലം തുടങ്ങിയത്. തുടർന്ന് ഒരു തോൽവിക്കും രണ്ട് സമനിലക്കും ശേഷമാണ്  ഹോം ഗ്രൗണ്ടിൽ ബൂട്ടണിഞ്ഞത്. ഈ ജയത്തോടെ ആറ് കളികളിൽ 11 പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തെത്തി. 16 പോയിന്റുള്ള റിയൽ കശ്മീർ ഒന്നും 12 പോയിന്റോടെ  ശ്രീനിധി ഡക്കാൻ രണ്ടും സ്ഥാനത്തുണ്ട്. പന്ത്രണ്ടിന്‌ പയ്യനാട്‌ സ്‌റ്റേഡിയത്തിൽ രാജസ്ഥാൻ എഫ്‌സിക്കെതിരെ ഗോകുലം ഇറങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top